മഹാരാഷ്ട്ര രജിസ്‌ട്രേഷൻ ഫെരാരിക്ക് ബംഗളൂരുവിൽ 1.41 കോടി രൂപയുടെ പിഴ; വാഹനം പിടിച്ചെടുത്തത് മോട്ടോർ വാഹന വകുപ്പ്
text_fieldsബംഗളൂരു: മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്ത സൂപ്പർ കാർ ബംഗളൂരുവിൽ സഞ്ചരിച്ചതിന് 1.41 കോടി രൂപയുടെ പിഴ ചുമത്തി കർണാടക ആർ.ടി.ഒ. നികുതിയടക്കാതെ ബംഗളൂരുവിലെ നിരത്തുകളിൽ ഉപയോഗിച്ചതിനാണ് മോട്ടോ വാഹന വകുപ്പ് പിഴ ചുമത്തിയത്. ഇതിൽ പിഴക്ക് പുറമെ നികുതിയും ഉൾപ്പെടുമെന്ന് അധികൃതർ അറിയിച്ചു. മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്ത ആഡംബര സ്പോർട്സ് കാറായ 'ഫെറാരി എസ്.എസ്. 90 സ്‌ട്രെഡലിനാണ്' കർണാടകയിലെ റോഡ് നികുതി അടക്കാതെ സംസ്ഥാനത്ത് ഉപയോഗിച്ചതിനുള്ള പിഴ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ ആഡംബര സ്പോർട്സ് കാർ കർണാടകയിലെ മോട്ടോർ വാഹന വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. എന്നാൽ വ്യാഴാഴ്ചയാണ് ബംഗളൂരു സൗത്ത് ആർ.ടി.ഒ ഉദ്യോഗസ്ഥർ ഈ വാഹനം കണ്ടെത്തുന്നത്. തുടർന്ന് നടന്ന പരിശോധനയിൽ സൂപ്പർ കാർ കർണാടകയിലെ നികുതി അടച്ചില്ലെന്ന് കണ്ടത്തിയതോടെ വാഹനം ആർ.ടി.ഒ പിടിച്ചെടുക്കുകയും നികുതി അടക്കാൻ ഒരു ദിവസത്തെ സമയം അനുവദിച്ചുള്ള നോട്ടീസ് നൽകുകയും ചെയ്തു.
മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത വാഹനം
1,41,59,041 രൂപയാണ് പിഴയടക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. റോഡ് നികുതി അടക്കാത്തതും അതിനുള്ള പിഴയുമാണ് ഈ തുക. സമീപ വർഷങ്ങളിൽ വാഹനം നികുതിയടക്കത്തിൽ ചുമത്തുന്ന ഏറ്റവും ഉയർന്ന തുകയാണിത്. കർണാടകയിലെ ആഡംബര കാറുകളുടെ നികുതി ഒഴിവാക്കാൻ വാഹന ഉടമകൾ മറ്റു സംസ്ഥാനങ്ങളിൽ പോയി വാഹനം രജിസ്റ്റർ ചെയ്യുകയും പിന്നീട് നഗരത്തിലേക്ക് കൊണ്ടുവരുന്ന പ്രവണത കൂടിയിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നിലപാടെടുക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കിയതായി ആർ.ടി.ഒ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ നികുതി വെട്ടിപ്പ് നടത്തിയ 30 ആഡംബര വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു.
സംസ്ഥാനത്തും പുറത്തുമായി രജിസ്റ്റർ ചെയ്തിട്ടുള്ള ആഡംബര വാഹനങ്ങളുടെ വാരാന്ത്യ ഒത്തുചേരലുകൾ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിക്കാൻ തുടങ്ങി. ഇതിന്റെ ഭാഗമായി നഗരത്തിലെത്തിയ ഫെരാരി സൂപ്പർ കാറാണ് ഗതാഗത വകുപ്പ് പിടിച്ചെടുത്ത് പിഴ ചുമത്തിയത്. നിലവിൽ കർണാടകയിൽ ഒരു വർഷത്തിൽ കൂടുതൽ സ്ഥിരമായി ഉപയോഗിക്കുന്ന ഏതൊരു വാഹനവും പ്രാദേശികമായി വീണ്ടും രജിസ്റ്റർ ചെയ്യണം. അതിനോടൊപ്പം വാഹനത്തിന്റെ വില, എൻജിൻ ശേഷി, പ്രായം എന്നിവ അടിസ്ഥാനമാക്കി ബാധകമായ റോഡ് നികുതിയും ഉടമ അടക്കണം. ഈ നിയമങ്ങൾ പാലിക്കാത്തവരാണ് സംസ്ഥാനത്തിന് പുറത്തുപോയി വാഹനം രജിസ്റ്റർ ചെയ്യുന്നതെന്ന് ആർ.ടി.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

