
70ൻെറ നിറവിൽ ലാൻഡ് ക്രൂയിസർ; പ്രാഡോയുടെ പ്രത്യേക പതിപ്പ് പുറത്തിറക്കി
text_fieldsഏത് കുന്നും കാടും മരുഭൂമിയും കീഴടക്കുന്ന എസ്.യു.വികളുടെ രാജാവായ ലാൻഡ് ക്രൂയിസർ എന്ന വാഹനം പിറവികൊണ്ടിട്ട് 70 വർഷമാകുന്നു. ഇതിൻെറ ഭാഗമായി ലാൻഡ് ക്രൂയിസർ പ്രാഡോയുടെ പ്രത്യേക പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ടൊയോട്ട.
പുതുതലമുറ ലാൻഡ് ക്രൂയിസർ അടുത്ത ദിവസങ്ങളിൽ പുറത്തിറങ്ങാനിരിക്കുകയാണ്. ഇതിന് മുന്നോടിയായിട്ടാണ് നിലവിലെ മോഡലിൻെറ 70ാം വാർഷിക പ്രത്യേക പതിപ്പ് പുറത്തിറക്കിയത്.
ഈ മോഡലിൽ എൽ പാക്കേജ് വേരിയൻറില്‍ ലഭിക്കുന്ന എല്ലാ ആഡംബര ഫീച്ചറുകളും സൗന്ദര്യവർധക മാറ്റങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിൻെറ ഗ്രില്ലില്‍ ബ്ലാക്ക് ഇന്‍സേര്‍ട്ടുകള്‍ വന്നു. ഹെഡ്‌ലൈറ്റ് ട്രിം, ഫോഗ് ലൈറ്റിൻെറ ഭാഗങ്ങൾ, മിററുകളുടെ പുറത്ത്, റൂഫ് റെയിലിൽ, റിയര്‍ ഹാച്ച് ട്രിം എന്നിവടങ്ങളിലും ബ്ലാക്ക് നിറം വന്നിരിക്കുന്നു. ബ്ലാക്ക് ഫിനിഷുള്ള 12 സ്പോക്ക് അലോയ് വീലും 18 ഇഞ്ച് ടയറുകളും പ്രധാന സവിശേഷതയാണ്.
ഇൻറീരിയറിലും മാറ്റങ്ങൾ ഏറെയുണ്ട്. സീറ്റുകള്‍, സെൻറര്‍ കണ്‍സോള്‍, കാല്‍മുട്ട് പാഡുകള്‍, ഡോർ പാനലുകള്‍ എന്നിവയിലെല്ലാം ഇളം ബ്രൗണ്‍ ലെതര്‍ അപ്‌ഹോള്‍സ്റ്ററി ഇടംപിടിച്ചു.
പാസഞ്ചര്‍ ഭാഗത്ത് ഡാഷ്ബോര്‍ഡിൽ ബ്രഷ്-ഫിനിഷ് സില്‍വര്‍ നിറമുള്ള ട്രിമ്മും മനോഹരമാണ്. വാഹനത്തിൻെറ ആക്‌സസറീസുകളിലും പുതുമയുണ്ട്. പ്രത്യേക പതിപ്പിൻെറ ലോഗോ അടങ്ങിയ 70ാം വാര്‍ഷിക ബാഡ്ജും ഫ്േളാര്‍ മാറ്റുകളും വാഹനത്തെ വ്യത്യസ്തമാക്കുന്നു.
വൈറ്റ് പേള്‍ ക്രിസ്റ്റല്‍, ബ്ലാക്ക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, റെഡ് മൈക്ക, അവേൻറാ-ഗ്രേഡ് ബ്രോൺസ് എന്നീ നിറങ്ങളിൽ ഈ മസിൽമാൻ ലഭ്യമാണ്. കൂടാതെ അഞ്ച്, ഏഴ് സീറ്റുകളിലും വാഹനം ലഭിക്കും. അതേസമയം എൻജിനില്‍ മാറ്റൊമൊന്നുമില്ല. 2.8 ലിറ്റര്‍ ഡീസല്‍, 2.7 ലിറ്റര്‍ പെട്രോള്‍ എൻജിന്‍ എന്നിവയാണ് കരുത്തേകുന്നത്.
പുതുതലമുറ ലാന്‍ഡ് ക്രൂയിസര്‍ എൽ.സി300 2021 ജൂണ്‍ ഒമ്പതിന് ആഗോളതലത്തില്‍ അരങ്ങേറുമെന്നാണ് റിപ്പോർട്ട്. ടി.എൻ.ജി.എ പ്ലാറ്റ്‌ഫോമിലാകും ഈ മോഡൽ ഒരുങ്ങുന്നത്. 3.2 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എൻജിന്‍, 3.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എൻജിന്‍ എന്നിവയായിരിക്കും ഉണ്ടാവുക.
70ൻെറ ചെറുപ്പം
കൃത്യമായി പറഞ്ഞാല്‍ 1951ലാണ് ടൊയോട്ട ആദ്യ ലാന്‍ഡ് ക്രൂയിസറിനെ ജപ്പാനില്‍ പുറത്തിറക്കുന്നത്. അക്കാലത്ത് തന്നെ ആസ്ട്രേലിയയിലും സുഡാനിലും വാഹനം ഹിറ്റായി. പിന്നീട് പല മാറ്റങ്ങളോടെ ലാന്‍ഡ് ക്രൂയിസറുകള്‍ പുറത്തിറങ്ങി.
1984ല്‍ ലാന്‍ഡ് ക്രൂയ്സറുകളിലെ താരമായ 70യെ കമ്പനി അവതരിപ്പിച്ചു. ടൊയോട്ട ഏറ്റവും കൂടുതല്‍ കാലം ഒരേ പേരില്‍ പുറത്തിറക്കിയ വാഹനമായിരുന്നു ലാന്‍ഡ് ക്രൂയിസര്‍ 70. 2004ല്‍ ഇതിന്‍െറ ഉൽപ്പാദനം നിര്‍ത്തി. എന്നാൽ, 2014ൽ ഇതിൻെറ 30ാം വാർഷികത്തോടനുബന്ധിച്ച് ഈ മോഡലിനെ വീണ്ടും പുറത്തിറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
