യാത്രക്കാർക്ക് ഓണസമ്മാനവുമായി കെ.എസ്.ആർ.ടി.സി; പുത്തൻ ബസുകൾ ഓഗസ്റ്റ് 21 മുതൽ നിരത്തുകളിൽ
text_fieldsകെ.എസ്.ആർ.ടി.സി സീറ്റർ ബസ്
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് ഓണസമ്മാനമായി പുത്തൻ ബസുകളെ നിരത്തിലെക്കിക്കാൻ ഒരുങ്ങുന്നു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ.കെ.ബി ഗണേഷ് കുമാർ നേരത്തെ പ്രഖ്യാപിച്ച പ്രകാരം പ്രീമിയം എ.സി സ്ലീപ്പർ, എ.സി സീറ്റർ, എ.സി സ്ലീപ്പർ കം സീറ്റർ, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസ് തുടങ്ങിയ 164 ബസുകളാണ് കെ.എസ്.ആർ.ടി.സി ഈ മാസത്തോടെ നിരത്തുകളിൽ എത്തിക്കുന്നത്. പതിവുതെറ്റാതെ ബസുകളുടെ പരീക്ഷയോട്ടം മന്ത്രി ഇതിനോടകം നിർവഹിച്ചിട്ടുണ്ട്.
ദേശീയപതാകയുടെ കളർ തീമിലാണ് സ്ലീപ്പർ, സീറ്റർ, സ്ലീപ്പർ കം സീറ്റർ ബസുകൾ സജ്ജീകരിച്ചിരിക്കുന്നത്. പുഷ്ബാക്ക് ലെതർ സീറ്റ്, സി.സി.ടി.വി കാമറ, ചാർജിങ് സൗകര്യം തുടങ്ങിയ സജ്ജീകരണങ്ങളും പുതിയ ബസിൽ ഉണ്ട്. 13.5 മീറ്റർ നീളത്തിൽ അശോക് ലെയ്ലാൻഡ് ഷാസിയിൽ ബംഗുളൂരുവിലെ പ്രകാശ് ബോഡി നിർമാതാക്കളാണ് ബസുകൾ നിർമ്മിച്ചിട്ടുള്ളത്. ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസും പ്രകാശ് നിർമ്മിതമാണ്. സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ നോൺ-എ.സി ബസുകൾ ടാറ്റായുടെ ഗോവയിലുള്ള എ.സി.ജി.ൽ ലിമിറ്റഡ് നിർമ്മിച്ചവയാണ്.
കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസ്
പ്രീമിയം ബസുകളുടെ ഡിസൈൻ തയ്യാറാക്കിയത് മന്ത്രി ഗണേഷ് കുമാറിന്റെ മകൻ ആദിത്യ കൃഷ്ണനും സുഹൃത്ത് തിരുവനന്തപുരം സ്വദേശി അമൽ ജോക്കിൻ സാലറ്റുമാണ്. ഇംഗ്ലണ്ടിലെ കവെൻട്രി സർവകലാശാലയിൽ ഓട്ടോമൊബൈൽ ഡിസൈനിങ് ആൻഡ് ട്രാൻസ്‌പോർട് വിഷയത്തിൽ ബിരുദം നേടിയ ആളാണ് ആദിത്യ.
തലസ്ഥാനത്തെ സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തിയ പുതിയ ബസുകൾ ഓഗസ്റ്റ് 21ന് കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ തിരുവനന്തപുരം ആനയറ ബസ് സ്റ്റേഷനിൽ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് 22 മുതൽ 24 വരെ കനകക്കുന്നിൽ പുതിയ ബസുകൾ ജനങ്ങൾക്കായി പ്രദർശിപ്പിക്കും. പരിപാടിയിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ അധ്യക്ഷത വഹിക്കും. സ്റ്റുഡന്റസ് ട്രാവൽ കാർഡ് പ്രകാശനവും ഡ്രൈവിങ് സ്കൂൾ മാനേജ്‌മന്റ് സോഫ്റ്റ്‌വെയർ ഉത്ഘാടനവും പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. കെ.എസ്.ആർ.ടി.സി നടത്തുന്ന കൊറിയർ മാനേജ്‌മന്റ് സിസ്റ്റം ഉത്ഘാടനം കഴക്കൂട്ടം എം.ൽ.എ കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും.
കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസ്
രണ്ടാം പിണറായി സർക്കാർ സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിയിൽ ആറ് മാസത്തിനുള്ളിൽ 340തിലേറെ ബസുകൾ പുതുതായി നിരത്തിലെത്തിക്കുമെന്ന് കെ.ബി. ഗണേഷ് കുമാർ വാർത്താസമ്മേളത്തിൽ പറഞ്ഞു. ഇപ്പോൾ എത്തിയ പ്രീമിയം ബസുകൾ തിരുവനന്തപുരം-മൂകാംബിക, ബാംഗ്ലൂർ തുടങ്ങിയ റൂട്ടുകളിലും ഉയർന്ന വരുമാനം നേടുന്ന റൂട്ടുകളിലും ഓടിക്കാനാണ് പദ്ധതിയിടുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

