'കൊമ്പൻ' ടൂറിസ്റ്റ് ബസിനെ ബംഗളൂരുവിൽ നാട്ടുകാർ തടഞ്ഞു
text_fieldsബംഗളൂരു: വിവാദ നായകനായ കൊമ്പന്‍ ട്രാവല്‍സിന്റെ ടൂറിസ്റ്റ് ബസ് ബംഗളൂരുവിൽ നാട്ടുകാർ തടഞ്ഞു.ബംഗളൂരുവിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളുമായി വിനോദ യാത്രക്കുപോയ ബസ് മടിവാളക്കു സമീപമാണ് നാട്ടുകാര്‍ തടഞ്ഞത്.
മറ്റു വാഹനങ്ങൾക്ക് അപകടമുണ്ടാക്കുന്ന രീതിയിൽ എൽ.ഇ.ഡി, ലേസർ ലൈറ്റുകളും ഗ്രാഫിക്സുകളും ഉപയോഗിച്ചെന്ന് ചൂണ്ടിക്കാണിച്ചാണു നാട്ടുകാർ ബസ് തടഞ്ഞത്. വലിയ രീതിയിലുള്ള വെളിച്ചം മറ്റ് ഡ്രൈവർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതായും നാട്ടുകാർ ആരോപിച്ചു.
ഇതോടെ നാട്ടുകാരും ബസ് ജീവനക്കാരും തമ്മിൽ വാക്കുതർക്കമായി. നാട്ടുകാർ കൂടുതൽ സംഘടിച്ചതോടെ രംഗം വഷളായി. തുടർന്ന് ബസിന്റെ മുന്നിലെ ഫ്ലൂറസൻസ് ഗ്രാഫിക്സും മറ്റ് ലൈറ്റുകളും ഒഴിവാക്കിയ ശേഷമാണ് യാത്ര തുടരാൻ നാട്ടുകാർ അനുവദിച്ചത്.
പത്തനംതിട്ട കുളനട ആസ്ഥാനമായുള്ളതാണ് കൊമ്പൻ ട്രാവൽസ്. ടൂറിസ്റ്റ് ബസ്സുകൾക്ക് ഏകീകൃത കളര്‍ കോഡ് വന്നതോടെയാണ് കേരളത്തിൽനിന്ന് കര്‍ണാടകയിലേക്ക് കൊമ്പൻ ബസുകളുടെ റജിസ്ട്രേഷന്‍ മാറ്റിയത്.
മുപ്പതോളം ബസുകളുടെ റജിസ്ട്രേഷന്‍ ബന്ധുവിന്റെ പേരിലേക്ക് ഉടമ മാറ്റിയെന്നാണ് അറിയുന്നത്. കൊല്ലത്തെ എൻജിനീയറിങ്ങ് കോളജിൽനിന്നു കുട്ടികളുമായി വിനോദ യാത്ര പോകാൻ ഒരുങ്ങവെ ബസിന് മുകളിൽ ജീവനക്കാർ പൂത്തിരി കത്തിച്ചതടക്കം വിവാദമായ പല സംഭവങ്ങളിലും കൊമ്പൻ ഉൾപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

