കിയ സോറന്റോ എസ്.യു.വി ഇന്ത്യയിൽ പരീക്ഷണയോട്ടത്തിൽ; ലോഞ്ച് ഉടൻ!
text_fieldsകിയ സോറന്റോ
ഉത്തരകൊറിയൻ വാഹനനിർമാതാക്കളായ കിയ മോട്ടോർസ്, ആഗോള വിപണിയിൽ ശ്രദ്ധേയമായ കിയ സോറന്റോ (Kia Sorento) എസ്.യു.വി ആദ്യമായി ഇന്ത്യയിൽ പരീക്ഷണയോട്ടം നടത്തുന്നത് കണ്ടെത്തി. രാജ്യത്തെ മുൻനിര നിർമാതാക്കളായ മഹീന്ദ്ര എക്സ്.യു.വി 700, ടാറ്റായുടെ സഫാരി തുടങ്ങിയ പ്രമുഖ മോഡലുകൾക്ക് ശക്തമായ വെല്ലുവിളിയാകാൻ സാധ്യതയുള്ള സെവൻ സീറ്റർ വാഹനമാണ് സോറന്റോ. പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കുന്ന മോഡലിന്റെ വിപണി പ്രവേശനം അടുത്ത വർഷത്തോടെ പ്രതീക്ഷിക്കാം.
ഹൈബ്രിഡ് എൻജിനിൽ പ്രീമിയം ഫീച്ചറുകൾ ഉൾപ്പെടുത്തി MQ4i എന്ന കോഡ്‌നാമത്തിൽ കിയ വികസിപ്പിച്ചെടുത്ത സെവൻ സീറ്റർ എസ്.യു.വിയാണ് സോറന്റോ. അതിനാൽ തന്നെ അതേ എൻജിൻ വകഭേദമാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന മോഡലിലും പ്രതീക്ഷിക്കുന്നത്. 235/55 R19 ടയറുകളോടുകൂടിയ 19 ഇഞ്ച് അലോയ് വീലുകളുള്ള ടയറുകളാണ് സോറന്റോയുടെ പരീക്ഷയോട്ടത്തിലെ സ്പൈ ചിത്രങ്ങളിൽ പുറത്തുവരുന്നത്. സെൽത്തോസിനോട് സാമ്യമുള്ള ഉയരം കൂടിയ ബോണറ്റ്, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, ഫ്ലാറ്റ് ടെയിൽഗേറ്റ് എന്നിവയും ചിത്രത്തിൽ കാണാം.
പുറംഭാഗം പൂർണമായും മറച്ചിട്ടുണ്ടെങ്കിലും ലംബമായ ലൈറ്റിങ് ഘടകങ്ങൾ 'ടി' ആകൃതിയിലുള്ള ഡി.ആർ.എല്ലുകളും കിയയുടെ പുതിയ ഡിസൈൻ ശൈലിക്ക് അനുസൃതമായി കണക്ട് ചെയ്ത ടെയിൽ ലാമ്പുകളും സോറന്റോയിൽ പ്രതീക്ഷിക്കാം. ഇന്റീരിയർ സ്പെക്കുകൾ ആഗോള മോഡലിനോട് സമാനമാകും. എന്നിരുന്നാലും ഫീച്ചറുകളിൽ മാറ്റങ്ങൾ വന്നേക്കാം. നിലവിൽ 12.3 ഇഞ്ച് വലിപ്പമുള്ള രണ്ട് ഡിസ്‌പ്ലേകൾ (ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും), പനോരമിക് സൺറൂഫ്, റിയർ വിൻഡോകൾക്കും ടെയിൽഗേറ്റിനുമുള്ള പ്രൈവസി ഗ്ലാസ്, പവേർഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവ ഇന്ത്യയിൽ അവതരിപ്പിക്കുന്ന മോഡലിലും പ്രതീക്ഷികാം. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 360-ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ലെവൽ 2 ADAS, എയർബാഗുകൾ എന്നിവയും കിയ സോറന്റോ മോഡലിൽ ഉൾപെടുത്തിയേക്കും.
ആഗോള വിപണിയിൽ മൂന്ന് പവർട്രെയിൻ ഓപ്ഷനിലാണ് വാഹനം എത്തുന്നത്. 1.6-ലിറ്റർ ടർബോ-പെട്രോൾ ഹൈബ്രിഡ്, 1.6-ലിറ്റർ ടർബോ-പെട്രോൾ പ്ലഗ്-ഇൻ ഹൈബ്രിഡ്, 2.2-ലിറ്റർ ഡീസൽ ഹൈബ്രിഡ് എന്നിവയാണിവ. ഇതിൽ ആദ്യ എൻജിൻ 238 ബി.എച്ച്.പി കരുത്തിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയിണക്കിയിരിക്കുന്നു. ഇത് ഓൾ-വീൽ ഡ്രൈവിലാണ് സജ്ജീകരിച്ചിരിക്കുന്നത്. രണ്ടാമത്തെ എൻജിൻ 288 ബി.എച്ച്.പി പവറിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഓൾ-വീൽ സജ്ജീകരണമാണ്. ഏറ്റവും കരുത്തുറ്റ ഡീസൽ എൻജിൻ 8 സ്പീഡ് ഡി.സി.ടി ഓൾ-വീൽ ഡ്രൈവിലും ലഭിക്കും. ഇന്ത്യൻ വിപണിയിൽ ശക്തമായ ഹൈബ്രിഡ് പതിപ്പിനാകും കിയ മുൻഗണന നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

