
ഹാരിയൻ ബ്ലാക് എഡിഷന് കിയയുടെ മറുപടി; സെൽറ്റോസ് എക്സ് ലൈൻ അവതരിപ്പിച്ചു
text_fieldsസെൽറ്റോസ് സ്പെഷൽ എഡിഷൻ മോഡലായ എക്സ്-ലൈനിെൻറ ചിത്രങ്ങളും വിശദാംശങ്ങളും പുറത്തുവിട്ട് കിയ. 2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച എക്സ് ലൈൻ ആശയത്തിൽ നിന്ന് പ്രചോദിതമായാണ് പുതിയ വാഹനം നിർമിച്ചിരിക്കുന്നത്. ടാറ്റ ഹാരിയർ ഡാർക് എഡിഷന് പകരക്കാരനാകും സെൽറ്റൊസ് എക്സ് ലൈൻ എന്നാണ് കിയയുടെ പ്രതീക്ഷ. സ്റ്റാൻഡേർഡ് എസ്‌യുവിയിൽ ചില്ലറ നവീകരണങ്ങൾ വരുത്തിയാണ് സെൽറ്റോസ് എക്സ്-ലൈൻ നിർമിച്ചിരിക്കുന്നത്. സെപ്റ്റംബറിൽ വാഹനം ഒൗദ്യോഗികമായി വിൽപ്പനയ്‌ക്കെത്തും.
സെൽറ്റോസ് എക്സ് ലൈൻ
സ്പെഷ്യൽ എഡിഷൻ സെൽറ്റോസിെൻറ ഏറ്റവും വലിയ ഹൈലൈറ്റ് നിറമാണ്. മാറ്റ് ഗ്രാഫൈറ്റ് പെയിൻറ് ഒാപ്ഷനുമായിട്ടാണ് എക്സ് ലൈൻ വരുന്നത്. ഗ്ലോസ് ബ്ലാക്ക്, ഓറഞ്ച് ആക്‌സൻറുകളുടെ ധാരാളിത്തവും വാഹനത്തിനുണ്ട്. ഗ്രില്ലിനും ഇൻറീരിയറുകൾക്ക് അനുയോജ്യമായ മാറ്റ് ഗ്രാഫൈറ്റ് ഫിനിഷ് ലഭിക്കും. പിയാനോ ബ്ലാക് ഫ്രെയിമും ഗ്രില്ലിന് നൽകിയിട്ടുണ്ട്. ബമ്പറിലെ സിൽവർ സ്കിഡ് പ്ലേറ്റിന് പകരം ഓറഞ്ച് നിറത്തിലുള്ള പിയാനോ ബ്ലാക്ക് ട്രിം ഉപയോഗിച്ചിരിക്കുന്നു. എൽഇഡി ഫോഗ് ലാമ്പുകൾക്ക് ചുറ്റും പുതിയ പിയാനോ ബ്ലാക് ആക്സൻറുകളും ഉണ്ട്.
വശങ്ങളിലേക്ക് വന്നാൽ, സൈഡ് ഡോർ ഗാർണിഷിലും സെൻറർ വീൽ ക്യാപ്പുകളിലും ഓറഞ്ച് നിറത്തിലുള്ള ആക്സൻറുകൾ എക്സ് ലൈന് ലഭിക്കും. സൈഡ് മിററുകൾക്ക് പിയാനോ ബ്ലാക് ഫിനിഷാണ്. 18-ഇഞ്ച് അലോയ് ആണ് മറ്റൊരു പ്രത്യേകത. ടെയിൽ ഗേറ്റിലെ ക്രോം ഗാർണിഷ് കറുപ്പിച്ചിട്ടുണ്ട്. റിയർ ബമ്പറിനും എക്‌സ്‌ഹോസ്റ്റുകൾക്കും പുതിയ ഗ്ലോസ്സ് ബ്ലാക് ഫിനിഷും ഓറഞ്ച് ഹൈലൈറ്റ് ഉള്ള ബ്ലാക്ക്ഡ് ഒൗട്ട് സ്കിഡ് പ്ലേറ്റും വാഹനത്തിെൻറ പ്രത്യേകതയാണ്. ടെയിൽ ഗേറ്റിൽ പുതിയ എക്സ്-ലൈൻ ലോഗോയും ഉണ്ട്. വാഹനത്തിന് ഉള്ളിലെ പ്രധാന അപ്‌ഡേറ്റ് ഹണികോമ്പ് പാറ്റേണും ഗ്രേ സ്റ്റിച്ചിങും ഉള്ള ഇൻഡിഗോ ലെതർ സീറ്റുകളാണ്. ഡ്യുവൽ-ടോൺ ബ്ലാക് ആൻഡ് ഗ്രേ തീമിലാണ് ഡാഷ്‌ബോർഡ് പൂർത്തിയാക്കിയിരിക്കുന്നത്. മറ്റ് പ്രത്യേകതകളെല്ലാം സെൽറ്റോസിെൻറ ടോപ്പ്-സ്പെക്ക് ജിടി ലൈൻ ട്രിമ്മുകൾക്ക് സമാനമാണ്.