ഫ്യൂച്ചറിസ്റ്റിക് ഡിസൈനിൽ പുത്തൻ ഫീച്ചറുകളുമായി കിയ സെൽത്തോസ് എത്തി
text_fieldsകിയ സെൽത്തോസ്
കിയ ഇന്ത്യ എസ്.യു.വി സെഗ്‌മെന്റിൽ രണ്ടാം തലമുറയിലെ സെൽത്തോസിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 2026 ജനുവരി രണ്ടിനാണ് വാഹനം ഔദ്യോഗികമായി നിരത്തുകളിൽ എത്തുക. എങ്കിലും വാഹനത്തിന്റെ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. 25,000 രൂപ ടോക്കൺ അഡ്വാൻസ് നൽകി എസ്.യു.വി ബുക്ക് ചെയ്യാനുള്ള സംവിധാനം ഡിസംബർ 11 മുതൽ ആരംഭിച്ചിട്ടുണ്ട്. ഒട്ടനവധി മാറ്റങ്ങളോടെ കൂടുതൽ ഫ്യൂച്ചറിസ്റ്റിക് ഡിസൈനിൽ വിപണിയിൽ എത്തുന്ന സെൽത്തോസ്, ടാറ്റ സിയേറ, ഹ്യുണ്ടായ് ക്രെറ്റ, മാരുതി സുസുക്കി വിക്ടോറിസ്, ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ തുടങ്ങിയ എസ്.യു.വികൾക്ക് വെല്ലുവിളിയാകും.
ഡിസൈനിൽ വലിയ മാറ്റങ്ങൾ ഉൾക്കൊണ്ടാണ് കിയ സെൽത്തോസ് എത്തുന്നത്. ഗ്ലോബൽ മോഡൽ ഡിസൈൻ ഉൾകൊണ്ട് നിർമിച്ച എസ്.യു.വിയുടെ മുൻവശത്തായി ടൈഗർ നോസ് ഗ്രിൽ, വെർട്ടിക്കൽ ലൈറ്റിങ് എലെമെന്റുകൾ എന്നിവ നൽകിയിട്ടുണ്ട്. കൂടാതെ 18 ഇഞ്ചിന്റെ ഏറ്റവും പുതിയ അലോയ് വീലുകളും അപ്ഗ്രേഡ് ചെയ്ത ടൈൽഗേറ്റും മുന്നിലും പിന്നിലുമായി പുതിയ ബമ്പറുകളും സെൽത്തോസിന് ലഭിക്കുന്നു.
കെ3 പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി നിർമിച്ച സെൽത്തോസിന്റെ വലുപ്പത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് കമ്പനി. 4,460 എം.എം നീളവും 1,830 എം.എം വീതിയും 1635 എം.എം ഉയരവും 2690 എം.എം വീൽബേസിലുമാണ് പുതിയ സെൽത്തോസ് എത്തുന്നത്. ഡോർ ഹാൻഡിലുകളിൽ മിനുസമാർന്ന ബോഡി പാനലുകൾ, നിരപ്പാർന്ന റൂഫ്‌ലൈൻ, പനോരാമിക് സൺറൂഫ്, ഇന്റഗ്രേറ്റഡ് റിയർ സ്പോയ്ലർ, ഷാർക് ഫിൻ ആന്റിന തുടങ്ങിയ പ്രത്യേകതകളോടെ എത്തുന്ന സെൽത്തോസിന് മോർണിങ് ഹസ്, മാഗ്‌മ റെഡ് എന്നി പുതിയ കളർ ഓപ്ഷനും ലഭിക്കുന്നു.
ഡ്യൂവൽ-ടോൺ എലമെന്റിൽ ലെതർ അപ്ഹോൾസ്റ്ററിയിൽ നവീകരിച്ചെത്തിയ ഡാഷ് ബോർഡ് വാഹനത്തിന് കൂടുതൽ പുതുമ നൽകുന്നുണ്ട്. ബ്രാൻഡ് ലോഗോ ഉൾപ്പെടുത്തി ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിങ് വീൽ, 30 ഇഞ്ച് ഇന്റഗ്രേറ്റഡ് ഡ്യൂവൽ-സ്ക്രീൻ സജ്ജീകരണത്തോടൊപ്പം സിംഗിൾ കർവ്ഡ് ഡിസ്പ്ലേ തുടങ്ങിയ ഫീച്ചറുകൾ ഇന്റീരിയറിനെ ഗംഭീരമാക്കുന്നുണ്ട്.
ഡ്യൂവൽ-സോൺ ക്ലൈമറ്റ് കണ്ട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ്സ് ചാർജർ, വയർലെസ്സ് ആൻഡ്രോയിഡ് ഓട്ടോ ആൻഡ് ആപ്പിൾ കാർപ്ലേ, ഹെഡ് അപ്പ് ഡിസ്പ്ലേ, പവേർഡ് ഡ്രൈവർ സീറ്റ്, മെമ്മറി ഫങ്ഷനോട് കൂടിയ ഒ.ആർ.വി.എം, ബോസ് സൗണ്ട് സിസ്റ്റത്തിൽ എട്ട് സ്‌പീക്കറുകൾ, ആമ്പിയന്റ് ലൈറ്റിങ്, ചാരിയിരിക്കാവുന്ന റിയർ സീറ്റുകൾ തുടങ്ങിയ ഫീച്ചറുകളും വാഹനത്തെ കൂടുതൽ ആധുനികമാക്കുന്നുണ്ട്.
ഇതോടൊപ്പം സുരക്ഷ വർധിപ്പിക്കാൻ സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം (ഇ.എസ്.പി), ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, എല്ലാ ടയറുകളിലും ഡിസ്ക് ബ്രേക്കുകൾ, 360 ഡിഗ്രി കാമറ, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ഒ.ടി.എ അപ്ഡേറ്റുകളോടെ റിമോട്ട് കണ്ട്രോൾ എന്നിവക്ക് പുറമെ ലെവൽ 2 ADAS സ്യുട്ടും കിയ സെൽത്തോസിൽ സജ്ജീകരിച്ചിട്ടുണ്ട്.
രണ്ട് പെട്രോൾ എൻജിനും ഒരു ഡീസൽ എഞ്ചിനുമാണ് പുതിയ സെൽത്തോസിന് കരുത്തേകുന്നത്. 1.5-ലിറ്റർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എൻജിൻ, 115 എച്ച്.പി പവറും 144 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ 1.5-ലിറ്റർ ടർബോ പെട്രോൾ എൻജിൻ, 160 എച്ച്.പി കരുത്തും 253 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിച്ച് വാഹനത്തെ ചലിപ്പിക്കുന്നു. അതേസമയം 1.5-ലിറ്റർ ഡീസൽ എൻജിൻ 116 എച്ച്.പി കരുത്തും 250 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കും. മാനുവൽ ട്രാൻസ്മിഷൻ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, ഡിസിടി, ഐവിടി ട്രാൻസ്മിഷൻ ഓപ്ഷനിൽ രണ്ടാം തലമുറയിലെ സെൽത്തോസ് ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

