ജി.എസ്.ടി, ഫെസ്റ്റിവൽ ഓഫറുകൾക്ക് പുറമെ ഏഴ് വർഷത്തെ വാറന്റിയും; ഉപഭോക്താക്കളെ ചേർത്തുപിടിച്ച് കിയ
text_fieldsകിയ വാഹനനിര
ദക്ഷിണ കൊറിയൻ വാഹനനിർമാതാക്കളായ കിയ മോട്ടോഴ്സിന്റെ കിയ ഇന്ത്യ ഡീലർഷിപ്പ് വഴി വാഹനങ്ങൾ സ്വന്തമാക്കുന്നവർക്ക് ഓഫറുകൾക്ക് പുറമെ ഏഴ് വർഷത്തെ അധിക വാറന്റിയും കമ്പനി പ്രഖ്യാപിച്ചു. നേരത്തെ അഞ്ച് വർഷമായിരുന്നു വാഹനങ്ങൾക്ക് നൽകിയിരുന്ന വാറന്റി. പുതിയ വാറന്റി സ്കീമിൽ ജനപ്രിയ മോഡലുകളായ സെൽത്തോസ്, സോണറ്റ്, സിറോസ്, കാരൻസ് മോഡലുകളാണ് അധിക വാറന്റി സ്‌കീമിൽ ഉൾപ്പെടുന്നത്. കൂടാതെ രാജ്യത്തുടനീളമുള്ള പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്ക് ഈ വാറന്റി സ്‌കീം കമ്പനി ലഭ്യമാക്കും.
നേരത്തെ അഞ്ച് വർഷമായിരുന്നു കിയ ഉപഭോക്താക്കൾക്ക് നൽകിയിരുന്ന വാറന്റി കാലാവധി. ഇനിമുതൽ രണ്ട് വർഷം കൂടെ കൂട്ടിച്ചേർത്ത് ഏഴ് വർഷത്തെ വാറന്റിയിൽ പഴയ ഉപഭോക്താക്കൾക്ക് വാഹനങ്ങൾ പുതിയ സ്‌കീമിൽ ഉൾപ്പെടുത്താം. ഇതിനായി വാഹന ഉടമകൾ നികുതി ഉൾപ്പെടാതെ 32,170 രൂപ നൽകിയാൽ മതിയാകും. പുതിയ ഉപഭോക്താക്കളാണെങ്കിൽ നികുതി ഉൾപ്പെടാതെ 47,249 രൂപ നൽകി ഏഴ് വർഷത്തെ വാറന്റി സ്വന്തമാക്കാം. കിയ ഇന്ത്യയുടെ രാജ്യത്തെ ഏത് അംഗീകൃത ഡീലർഷിപ്പ് വഴിയും ഈ പ്ലാൻ ഉപഭോക്താക്കൾക്ക് ലഭിക്കും.
'ഉപഭോക്തൃ ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനും പൂർണ്ണമായ പിന്തുണ ഉറപ്പാക്കുന്നതിനും കിയ ഇന്ത്യ പ്രതിജ്ഞാബദ്ധരാണ്. പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്ക് ഞങ്ങളുടെ വാറന്റി കവറേജ് 7 വർഷം വരെ നീട്ടുന്നതിലൂടെ, ഞങ്ങളുടെ അംഗീകൃത സേവന ശൃംഖലയിൽ തുടർച്ചയായ പിന്തുണ ഉപഭോക്താക്കൾക്ക് നൽകാൻ സാധിക്കുന്നതിനാലും വാഹനം കൂടുതൽ ഈടും ഗുണനിലവാരവും ഉറപ്പുവരുത്താൻ ഞങ്ങൾക്ക് സാധിക്കുന്നു' എന്ന് കിയ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിങ് വൈസ് പ്രസിഡന്റ് അതുൽ സൂദ് പറഞ്ഞു.
2019ൽ വലിയതോതിൽ ഉത്പാദനം ആരംഭിച്ച കിയ, ആന്ധ്രാപ്രദേശിലെ അനന്തപുരിയിലെ നിർമാണ പ്ലാന്റിൽ നിന്നും പ്രതിവർഷം 3,00,000 യൂനിറ്റ് വാഹനങ്ങൾ പുറത്തിറക്കുന്നുണ്ട്. 2025ലെ കണക്കനുസരിച്ച് സെൽത്തോസ്, സിറോസ്, സോണറ്റ്, കാരൻസ്, കാർണിവൽ, ഇവി6, ഇവി9, കാരൻസ് ക്ലാവിസ്, കാരൻസ് ക്ലാവിസ് ഇവി എന്നിവയുൾപ്പെടെ ഒമ്പത് മോഡലുകൾ കിയ ഇന്ത്യ വിപണിയിൽ അവതരിപ്പിച്ചു. 1.2 ദശലക്ഷം ആഭ്യന്തര വിൽപ്പനയും 3.67 ലക്ഷം കയറ്റുമതിയും ഉൾപ്പെടെ 1.5 ദശലക്ഷം വാഹന വിൽപ്പന കിയ സ്വന്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

