കിയയുടെ വൈദ്യുത വാഹനം ഇ.വി സിക്സ് തയ്യാർ; ലോക പ്രീമിയർ ഉടൻ
text_fieldsകിയ മോട്ടോഴ്സിന്റെ പുതുതലമുറ വൈദ്യുത വാഹനമായ ഇ.വി 6ന്റെ ചിത്രം പുറത്തുവിട്ട് കമ്പനി. ഇന്റീരിയർ, എക്സ്റ്റീരിയർ ചിത്രങ്ങൾ ഉൾപ്പടെയാണ് പുറത്തുവിട്ടത്. ഇലക്ട്രിക് വാഹനങ്ങൾക്കായി പ്രത്യേകമായി വികസിപ്പിച്ചെടുത്ത പ്ലാറ്റ്ഫോമിലാണ് ഇവി 6 നിർമിച്ചിരിക്കുന്നത്. ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോം അഥവാ ഇ-ജി എംപി എന്നാണ് പുതിയ പ്ലാറ്റ്േഫാം അറിയപ്പെടുന്നത്. പുതുതലമുറ ഇലക്ട്രിക് വാഹനങ്ങൾക്കായി പുതിയൊരു ഡിസൈൻ തീമും കിയ നേരത്തേ അവതരിപ്പിച്ചിരുന്നു.
ക്രോസോവർ ഛായയുള്ള വാഹനമാണ് ഇ.വി 6. കൂപ്പെകളെ അനുസ്മരിക്കുന്ന രൂപമെന്നും സാമാന്യമായി പറയാം. അൽപ്പം കൂർത്ത മുൻവശമാണ് വാഹനത്തിനുള്ളത്. ഉള്ളിൽ രണ്ട് വലിയ സ്ക്രീനുകളുള്ള സ്ലിം ഡാഷ്ബോർഡാണ്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിർ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവക്കാണ് സ്ക്രീനുകൾ. രണ്ട്-സ്പോക് സ്റ്റിയറിംഗ് വീൽ പുതിയതും ഇന്റഗ്രേറ്റഡ് ബട്ടണുകളുള്ളതുമാണ്. ഇൻഫോടെയ്ൻമെന്റ് സ്ക്രീനിന് താഴെ എസി വെന്റുകളും സെന്റർ കൺസോളിൽ റോട്ടറി ഗിയർ സെലക്ടർ, രണ്ട് കപ്പ്ഹോൾഡറുകൾ, സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, സെന്റർ ആംസ്ട്രെസ്റ്റ് എന്നിവയുമുണ്ട്.
സീറ്റുകൾ ഏറെ കനംകുറഞ്ഞതാണ്. 'ഞങ്ങളുടെ പുതിയ ഡിസൈൻ തീമിന്റെ മൂർത്തീഭാവമാണ് ഇവി 6. ദൈനംദിന ജീവിതത്തെ മെച്ചപ്പെടുത്തുന്ന സ്വാഭാവിക അനുഭവമാകണം വാഹനമെന്നാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ഒപ്പം ലളിതവും ഉപഭോക്താക്കൾ ഉപയോഗപ്രദവുമാകണം'-കിയ ഗ്ലോബൽ ഡിസൈൻ സെന്റർ സീനിയർ വൈസ് പ്രസിഡന്റ് കരീം ഹബീബ് പറഞ്ഞു. കമ്പനിയുടെ ബ്രാൻഡ് പരിവർത്തനത്തിന്റെ ഭാഗമായി പുതിയ നാമകരണ തന്ത്രമാണ് വൈദ്യുത വാഹനങ്ങൾക്കായി കിയ സ്വീകരിച്ചിരിക്കുന്നത്.
കിയയുടെ എല്ലാ പുതിയ വൈദ്യുത വാഹനങ്ങളുടേയും പേര് 'EV' എന്നായിരിക്കും ആരംഭിക്കുക. ഇത് കിയയുടെ ഉൽപ്പന്നങ്ങളിൽ ഏതാണ് പൂർണ്ണമായും വൈദ്യുതിയിലോടുന്നതെന്ന് ഉപയോക്താക്കൾക്ക് മനസ്സിലാക്കാൻ സഹായിക്കും. 'EV' ക്ക് ശേഷം ലൈനപ്പിലെ കാറിന്റെ സ്ഥാനവുമായി പൊരുത്തപ്പെടുന്ന ഒരു സംഖ്യയാകും വരിക. കിയയുടെ ആദ്യത്തെ ഇലക്ട്രിക് വെഹിക്കിൾ അല്ല ഇ.വി 6. ഇ-നീറോ, സോൾ ഇവി എന്നിങ്ങനെ രണ്ട് വൈദ്യുത വാഹനങ്ങൾ കിയ നേരത്തേ പുറത്തിറക്കിയിട്ടുണ്ട്. ഇ.വി 6ന്റെ ലോക പ്രീമിയർ വരും ആഴ്ചകളിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. 2027 ഓടെ ഏഴ് വൈദ്യുത വാഹനങ്ങൾ നിരത്തിലെത്തിക്കാനാണ് കിയ തയ്യാറെടുക്കുന്നത്.

