മാരുതി എർട്ടിഗക്കും ടൊയോട്ട റൂമിയോണിനും വെല്ലുവിളിയായി കിയ കാരൻസ് ക്ലാവിസ്; ഇനിമുതൽ യാത്രകൾ രാജകീയമാക്കാം, പോക്കറ്റ് കാലിയാവാതെ
text_fieldsദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോഴ്സിന്റെ പ്രീമിയം എം.പി.വി സെഗ്‌മെന്റിൽപ്പെട്ട വാഹനമാണ് കാരൻസ്. കഴിഞ്ഞ വർഷത്തോടെ കാരൻസിൽ വലിയ മാറ്റങ്ങൾ സംഭവിക്കുമെന്ന് കിയ പ്രഖ്യാപിച്ചിരുന്നു. ആ പ്രഖ്യാപനം അക്ഷരാർത്ഥത്തിൽ നടപ്പിലാക്കിയിരിക്കുകയാണ് കമ്പനി. പഴയ കാരൻസിൽ നിന്നും ഏറെ വ്യത്യസ്തമായാണ് പുതിയ കാരൻസ് ക്ലാവിസിനെ കിയ വിപണിയിലിറക്കിയത്.
യാത്രകളെ പോലെ തന്നെ പ്രധാനപ്പെട്ടതാണ് യാത്രാസുഖവും. അത് പുതിയ ക്ലാവിൻസിൽ നിന്നും ഉപഭോക്താക്കൾക്ക് പ്രതീക്ഷിക്കാമെന്ന് കിയ അവകാശപ്പെടുന്നു. ഒരു മിഡിൽ ക്ലാസ് ഫാമിലിക്ക് എന്തുകൊണ്ടും താങ്ങാവുന്ന വിലയാണ് ക്ലാവിസിന്. കിയ ഇ.വി 5 എസ്.യു.വികളോട് സാമ്യമുള്ള കിയ കാരൻസ് ക്ലാവിസിന് 11 ലക്ഷം മുതൽ 22 ലക്ഷം വരെയാണ് എക്സ് ഷോറൂം വില.
കിയ സിറോസ് എസ്.യു.വിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കിയ കാരൻസ് ക്ലാവിസിന്റെ ഇന്റീരിയർ തയ്യാറാക്കിയിരിക്കുന്നത്. കാരൻസിന്റെ ഒരു ഫെയ്സ് ലിഫ്റ്റ് ആയിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും കാരൻസിന് മുകളിലായി പുതിയ ഒരു പ്രീമിയം മോഡലായിട്ടാണ് ക്ലാവിസ് എത്തുന്നത്.
1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിൻ, 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിൻ, 1.5 ലിറ്റർ ഡീസൽ എൻജിൻ എന്നീ മൂന്ന് എൻജിൻ ഓപ്ഷനുകൾ ക്ലാവിസിനുണ്ട്. ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസ്സിസ്റ്റൻസ് സിസ്റ്റം (എ.ഡി.എ.എസ്), വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 12.3-ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, 12.3-ഇഞ്ച് എച്ച്‍.ഡി ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂനിറ്റ്, 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ഉൾപ്പെടെയുള്ള നിരവധി ആധുനിക ഫീച്ചറുകളാണ് ക്ലാവിസിന്റെ പ്രത്യേകത.
പുതിയ കാരൻസ് ക്ലാവിസിൽ സുരക്ഷ സംവിധാനത്തിന്റെ ഭാഗമായി 6 എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റിയർ പാർക്കിങ് സെൻസറുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജ്, എല്ലാ വീലുകൾക്കും ഡിസ്‍ക് ബ്രേക്കുകൾ, റിയർ പാർക്കിങ് കാമറ എന്നിവ ഉൾപ്പെടുന്നു.
എച്ച്.ടി.ഇ, എച്ച്.ടി.ഇ(ഒ), എച്ച്.ടി.കെ, എച്ച്.ടി.കെ+, എച്ച്.ടി.കെ+(ഒ), എച്ച്.ടി.എക്സ്, എച്ച്.ടി.എക്സ്+ എന്നിങ്ങനെ ഏഴ് വകഭേദങ്ങളിലാണ് ഇന്ത്യയിൽ കിയ കാരൻസ് ക്ലാവിസ് എത്തുന്നത്. 1497 സി.സി എൻജിൻ 157 ബി.എച്ച്.പി കരുത്തും 253 എൻ.എം ടോർക്കും ഉത്പാതിപ്പിക്കും. കൂടാതെ വാഹനനത്തിന് എട്ട് കളർ ഓപ്ഷനുകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

