ചരക്കുഗതാഗതത്തിൽ ‘ഇവി’; സാധ്യതകൾ തേടി കേരളം
text_fieldsതിരുവനന്തപരും: ഇലക്ട്രിക് വാഹനങ്ങൾ (ഇ.വി) വ്യാപകമാവുന്ന സാഹചര്യത്തിൽ ചരക്കുഗതാഗതത്തിലും ഇതിന്‍റെ സാധ്യതകൾ പ്രയോജനപ്പെടുത്താനൊരുങ്ങി കേരളം.
സംസ്ഥാനത്ത് വൈദ്യുത ചരക്ക് വാഹനങ്ങൾ ഘട്ടംഘട്ടമായി വ്യാപിപ്പിക്കുന്നതിന് ഏകോപിത മാർഗരേഖ വികസിപ്പിക്കുകയാണ് ആദ്യഘട്ടം. ഇതിന്‍റെ ഭാഗമായി ഇന്റർനാഷണൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്പോർട്ടേഷനുമായി (ഐ.സി.സി.ടി) സഹകരിച്ച് കെ.എസ്.ഇ.ബി ‘ഡ്രൈവിങ് കേരളാസ് ഇ-ട്രക്ക് ഇക്കോസിസ്റ്റം വിത്ത് പിഎം ഇ-ഡ്രൈവ് സ്കീം’എന്ന പേരിൽ ബുധനാഴ്ച സംസ്ഥാനതല ശിൽപശാല നടത്തും.
കേന്ദ്ര സർക്കാറിന്‍റെ ‘പിഎം ഇ-ഡ്രൈവ്’പദ്ധതിക്ക് കീഴിൽ മീഡിയം, ഹെവി-ഡ്യൂട്ടി ചരക്ക് വാഹനങ്ങളെ വൈദ്യുതീകരിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യവികസനം ചർച്ച ചെയ്യുകയാണ് പ്രധാന ലക്ഷ്യം. തിരുവനന്തപുരം ഹോട്ടൽ ഹിൽട്ടൺ ഗാർഡനിലാണ് ശിൽപശാല. പി.എം ഇ-ഡ്രൈവ് പദ്ധതിയുടെ കീഴിൽ സ്വകാര്യഭൂമിയിൽ ചാർജിങ് പോയന്‍റുകൾ സ്ഥാപിക്കാൻ താൽപര്യമുള്ള ഓപ്പറേറ്റർമാരിൽനിന്ന് താൽര്യപത്രം സ്വീകരിക്കാൻ ഇതിനകം തീരുമാനമെടുത്തിട്ടുണ്ട്.
ഇതിനായി കെ.എസ്.ഇ.ബി വികസിപ്പിച്ച വെബ്പോർട്ടൽ ശിൽപശാലയിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ദേശീയപാതകളടക്കം കേരളത്തിന്റെ ചരക്ക് ഗതാഗതമേഖലയിൽ ‘ഇ.വി’ട്രക്കുകളുടെ പങ്ക്, അവക്ക് ആവശ്യമായ വൈദ്യുതീകരണ അടിസ്ഥാന സൗകര്യവികസനം എന്നിവ ചർച്ച ചെയ്യുന്നതിലാണ് ശിൽപശാല ശ്രദ്ധകേന്ദ്രീകരിക്കുക.
ഉയർന്ന ശേഷിയുള്ള വൈദ്യുത ചാർജിങ് അടിസ്ഥാന സൗകര്യങ്ങൾ, ഗ്രിഡ് സന്നദ്ധത, സൈറ്റ് പ്ലാനിങ്, ധനസഹായം, ബിസിനസ് മോഡലുകൾ, തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. സർക്കാർ വകുപ്പുകൾ, വൈദ്യുതി, ഗതാഗത യൂട്ടിലിറ്റികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വൈദ്യുത ട്രക്ക്, ബസ് നിർമ്മാതാക്കൾ, ലോജിസ്റ്റിക്സ്, ഫ്ലീറ്റ് ഓപ്പറേറ്റർമാർ, ചാർജ് പോയന്റ് ഓപ്പറേറ്റർമാർ, ധനകാര്യസ്ഥാപനങ്ങൾ, സാങ്കേതിക, ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രതിനിധികൾ ശിൽപശാലയിൽ പങ്കെടുക്കും. മൂന്ന് ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങളാണ് കേരളത്തിൽ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ളത്. പുതിയ വാഹനവിൽപനയുടെ 10 ശതമാനത്തിലധികം നിലവിൽ ഇ.വികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

