125 സി.സിയിൽ റെട്രോ ഭാവം; ഇന്ത്യൻ വാതിൽ തുറന്ന് 'കീവേ എസ്.ആർ 125'
text_fieldsഇരുചക്ര വിപണിയെ ചൂട് പിടിപ്പിക്കാൻ കീവേ എസ്.ആർ 125 ഇന്ത്യയിൽ അവതരിപ്പിച്ചു. 300 സി.സി സ്‌കൂട്ടറുകളും 250 സിസി ബോബർ ബൈക്കുകളും ഉൾപ്പെടുന്ന കീവേയുടെ ആഗോളവിപണിയിൽ നിന്നും ഇന്ത്യയിലേക്കുള്ള പ്രവേശനമാണ് റെട്രോ ശൈലിയിലുള്ള ഈ മോട്ടോർസൈക്കിൾ. 9.7 എച്ച്.പിയും 8.2 എൻ.എം ടോർക്കും നൽകുന്ന 125 സി.സി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിനാണ് ബൈക്കിന് കരുത്തേകുന്നത്. കണക്കുകൾ നോക്കിയാൽ ഹോണ്ട ഷൈൻ 125-ന്റെ എഞ്ചിൻ നിർമ്മിക്കുന്ന 10.7എച്ച്.പി, 11എൻ.എം ടോർക്ക് എന്നിവയേക്കാൾ കുറവാണിത്. അഞ്ച് സ്പീഡ് ട്രാൻസ്മിഷൻ ഡ്രൈവിങ് സുഖകരമാക്കും.
ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കും 5-സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാവുന്ന കോയിൽ സ്പ്രിങ് ഇരട്ട ഷോക്ക് അബ്സോർബറുകളാലുമാണ് സസ്പെൻഷൻ ഒരുക്കിയത്. 17 ഇഞ്ച് വയർ സ്‌പോക്ക് വീലുകളിൽ ഡ്യുവൽ പർപ്പസ് ടയറുകളാണുള്ളത്. മുന്നിൽ 300 എം.എം ഡിസ്‌ക്കും പിന്നിൽ 210 എം.എം ഡിസ്‌ക്കുകളുമാണ് ബ്രേക്കിങ് ചുമതല നിർവഹിക്കുന്നത്.
വാഹനത്തിന്‍റ ഡിസൈൻ വളരെ ലളിതമാണ്. ടിയർ ഡ്രോപ്പ് ആകൃതിയിലുള്ള 14.5 ലിറ്റർ ഇന്ധന ടാങ്ക്, ചെറിയ ഹാലൊജെൻ ഹെഡ്‌ലൈറ്റ് ഡിജിറ്റൽ ഡിസ്‌പ്ലേ, ഹസാർഡ് സ്വിച്ച്, എഞ്ചിൻ കട്ട് ഓഫ് സൈഡ് സ്റ്റാൻഡ് എന്നിവയാണ് സവിശേഷതകൾ. ടി.വി.എസ് റൈഡർ, ഹോണ്ട ഷൈൻ, ഹോണ്ട എസ്.പി 125, ബജാജ് പൾസർ 125 എന്നിവയാണ് പ്രധാന എതിരാളികൾ. പക്ഷെ വിലയുടെ കാര്യത്തിൽ കീവേയേക്കാൾ പിന്നിലാണ് ഇവ. എസ്.ആർ 125 ന്‍റെ എക്സ് ഷോറൂം വില 1.19 ലക്ഷമാണ്. ടി.വി.എസ് അപ്പാച്ചെ ആർ.ടി.ആർ 160, യമഹ എഫ്.സെഡ് സീരീസ് എന്നിവയുടെ അതേ വില പരിധിയിലാണ് എസ്.ആർ 125 ഉം വരുന്നത് എന്നത് ശ്രദ്ധേയമാണ്.
ഈ മാസം പകുതി മുതൽ എല്ലാ അംഗീകൃത ബെനെല്ലി/കീവേ ഡീലർഷിപ്പുകളിൽ ടെസ്റ്റ് റൈഡുകൾക്കായി എസ്.ആർ 125 ലഭ്യമാകും. കീവേയുടെ വെബ്‌സൈറ്റ് വഴിയോ ഡീലർഷിപ്പിലോ 1000 രൂപ നൽകി ബൈക്ക് ബുക്ക് ചെയ്യാം. ഗ്ലോസി റെഡ്, ഗ്ലോസി ബ്ലാക്ക്, ഗ്ലോസി വൈറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാണ്. ഒക്ടോബർ അവസാന വാരം മുതൽ ഡെലിവറി ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

