180 കിലോമീറ്റർ റേഞ്ച്, റിവേഴ്സ് കാമറ ഉൾപ്പെടെയുള്ള ADAS സുരക്ഷ; ഇലക്ട്രിക് സ്കൂട്ടറിൽ പുതിയ മുഖമായി കീവേ 'ഹൈപ്പവോൾട്ട്-ആർ'
text_fieldsകീവേ ഹൈപ്പ്‌വോൾട്ട്-ആർ
ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ ദിനംപ്രതി വളർച്ച കൈവരിക്കുന്ന ഇന്ത്യൻ വിപണിയിലേക്ക് തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ കീവേ (Keeway) എത്തുന്നു. കമ്പനിയുടെ ആദ്യ പ്രീമിയം ഇലക്ട്രിക് സ്കൂട്ടറായ 'ഹൈപ്പ്‌വോൾട്ട്-ആർ' (Hypevolt-R) ഔദ്യോഗികമായി ഇന്ത്യയിൽ അവതരിപ്പിച്ചു. 1.99 ലക്ഷം രൂപയാണ് സ്കൂട്ടറിന്റെ പ്രാരംഭ എക്സ് ഷോറൂം വില. ആദിഷ്വർ ഓട്ടോ റൈഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എ.എ.ആർ.ഐ) നടത്തുന്ന മോട്ടോ വോൾട്ട് ഷോറൂമുകൾ വഴിയാണ് സ്കൂട്ടർ വിപണിയിൽ എത്തുന്നത്. 5,000 രൂപ ടോക്കൺ അഡ്വാൻസ് നൽകി സ്കൂട്ടർ ബുക്ക് ചെയ്യാൻ കമ്പനി ഉപഭോക്താക്കൾക്കായി അവസരമൊരുക്കിയിട്ടുമുണ്ട്.
സ്‌പോർട്ടി, പ്രീമിയം ഇലക്ട്രിക് സ്കൂട്ടർ ശ്രേണിയിൽ തികച്ചും വ്യത്യസ്തമായ ഒരു ഡിസൈനാണ് ഹൈപ്പ്‌വോൾട്ട്-ആറിനുള്ളത്. സാധാരണ സ്കൂട്ടറുകളിൽ നിന്ന് വ്യത്യസ്തമായി മധ്യഭാഗത്ത് സ്പൈൻ (central spine) ഉള്ള ഡിസൈൻ ഏറെ ശ്രദ്ധേയമാണ്. ബൊബ്ബർ ശൈലിയിലുള്ള പിൻഭാഗവും, ആപ്രോണിൽ ഉറപ്പിച്ചിരിക്കുന്ന വെർട്ടിക്കൽ ഹെഡ്‌ലൈറ്റുകളും, ഹാൻഡ്‌ലിബാറിൽ അല്ലാതെ ആപ്രോണിൽ തന്നെ സജ്ജീകരിച്ചിരിക്കുന്ന ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സ്കൂട്ടറിന് ഫ്യൂച്ചറിസ്റ്റിക് ലുക്ക് നൽകുന്നു. ക്രിസ്റ്റൽ വൈറ്റ്, പ്ലാറ്റിനം ഗ്രേ എന്നീ രണ്ട് നിറങ്ങളിൽ ഉപഭോക്താക്കൾക്ക് ഇലക്ട്രിക് സ്കൂട്ടർ സ്വന്തമാക്കാം.
മികച്ച പ്രകടനത്തിന് മുൻതൂക്കം നൽകുന്ന രീതിയിലാണ് സ്കൂട്ടറിന്റെ പവർട്രെയിൻ ഒരുക്കിയിരിക്കുന്നത്. 5 kWh ശേഷിയുള്ള രണ്ട് റിമൂവബിൾ ബാറ്ററികൾ ഒറ്റ ചാർജിൽ 180 കിലോമീറ്റർ വരെ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നുണ്ട്. കൂടാതെ, 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം 3 മണിക്കൂർ മതിയാകും എന്നതും സ്കൂട്ടറിന്റെ പ്രത്യേകതയാണ്. ഇതോടൊപ്പം, ബാറ്ററി സ്കൂട്ടറിൽ നിന്ന് ഊരിമാറ്റി ചാർജ് ചെയ്യാനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. 115 കിലോമീറ്റർ ഉയർന്ന വേഗത പരിധിയുള്ള സ്കൂട്ടർ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 2.3 സെക്കൻഡ് മാത്രം എടുക്കുന്നൊള്ളൂ.
പ്രീമിയം കാറുകളിലേതിന് സമാനമായ സുരക്ഷാ സംവിധാനങ്ങളാണ് ഹൈപ്പവോൾട്ട്-ആർ സ്കൂട്ടറിൽ കീവേ സജ്ജീകരിച്ചിരിക്കുന്നത്. ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, റിവേഴ്സ് കാമറ എന്നിവ ഉൾപ്പെടെയുള്ള അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS), ഡ്യുവൽ-ചാനൽ എ.ബി.എസ് (ABS), ട്രാക്ഷൻ കൺട്രോൾ, ഹിൽ-ഹോൾഡ്, ഹിൽ-ഡീസെന്റ് കൺട്രോൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾക്ക് പുറമെ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള അഞ്ച് ഇഞ്ച് ടി.എഫ്.ടി (TFT) ഡിസ്‌പ്ലേയും സജ്ജീകരിച്ചിട്ടുണ്ട്. ഇത് നാവിഗേഷൻ, കോൾ/മെസേജ് അലേർട്ടുകൾ എന്നിവ കൃത്യമായി കാണാൻ സാധിക്കും. കൂടാതെ, കീലെസ് ഗോ, ഇന്റലിജന്റ് ക്രൂയിസ് കൺട്രോൾ, റിവേഴ്സ് മോഡ് എന്നീ ഫീച്ചറുകളും സ്കൂട്ടറിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

