എതിരാളികളില്ലാതെ നിഞ്ചകൾ; 305 കുതിരശക്തി, വില 79 ലക്ഷം
text_fieldsസാധാരണഗതിയിൽ വാഹനങ്ങളെക്കുറിച്ച് പറയുേമ്പാൾ അതോടൊപ്പം കിടപിടിക്കുന്ന മറ്റുചില വാഹനങ്ങളെക്കൂടി പരിചയപ്പെടുത്താറുണ്ട്. റോൾസ് റോയ്സ് ഫാൻറത്തിന് ബെൻറ്ലെ ഫ്ലയിങ് സ്പർ പോലെ ബെൻസ് സി ക്ലാസിന് ബി.എം.ഡബ്ല്യു ത്രീ സീരീസ്പോലെ, ഫെറാരിക്ക് ലേമ്പാർഗിനി പോലെ, മാരുതി സ്വിഫ്റ്റിന് ഹ്യൂണ്ടായ് െഎ 20 പോലെ അത്തരം സമീകരണങ്ങൾ ഒരു വാഹനത്തെ മനസിലാക്കാൻ നല്ലതാണ്. എന്നാൽ ഇനിപറയാൻപോകുന്ന വാഹനത്തിന് എതിരാളികളേ ഇല്ല. കാരണം ഇത്തരം അഴകളവുകളിലോ കരുത്തിെൻറ ഇരമ്പലുകളിലോ സമാനമായൊരു വാഹനം നിരത്തിലിറങ്ങുന്നില്ല.
തന്നേപ്പോലെ താൻമാത്രമെന്ന താൻപോരിമ സ്വന്തമായുള്ള ആ കരുത്തനാണ് കാവാസാക്കി നിഞ്ച എച്ച് 2 ആർ. സൂപ്പർ ബൈക്ക് എന്നതിനുമപ്പുറം ഹൈപ്പർ ബൈക്ക് എന്നാണ് നിഞ്ച എച്ച് 2 ആർ അറിയപ്പെടുന്നത്. ഇതിന് കാരണം ഇൗ റോക്കറ്റ് ബൈക്ക് പുറത്തെടുക്കുന്ന വന്യമായ കരുത്തുതന്നെയാണ്. 998 സിസി, ഇൻലൈൻ നാല് സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് നിഞ്ചക്ക് കരുത്തുപകരുന്നത്. എഞ്ചിെൻറ വലുപ്പത്തിലെ കുറവ് മറികടക്കാൻ ഒരു സൂപ്പർ ചാർജറും പിടിപ്പിച്ചിട്ടുണ്ട്. ടർബോ ചാർജറിെൻറ മികച്ച രൂപമാണ് സൂപ്പർ ചാർജർ. ടർബോ ചാർജൻ ഒരു നിശ്ചിത ആർ.പി.എമ്മിൽ മാത്രം പ്രവർത്തനം തുടങ്ങുേമ്പാൾ സൂപ്പർ ചാർജർ എഞ്ചിൻ ഒാണാകുന്ന നിമിഷം മുതൽ പ്രവർത്തിക്കാനാരംഭിക്കും.
14,000 ആർപിഎമ്മിൽ 305.7 ബിഎച്ച്പി (റാം എയറിനൊപ്പം 321.8 ബിഎച്ച്പി), 12,500 ആർപിഎമ്മിൽ 165 എൻഎം ടോർക്ക് എന്നിവ എച്ച് 2 ആർ ഉത്പാദിപ്പിക്കും. ആറ് സ്പീഡ് സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് ദ്രുതഗതിയിലുള്ള ഗിയർ ഷിഫ്റ്റ് സാധ്യമാക്കും. മുന്നിൽ 43 എംഎം അപ്സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ ഗ്യാസ് ചാർജ്ഡ് റിയർ മോണോ ഷോക്കുമാണ് സസ്പെൻഷൻ ഡ്യൂട്ടി നിർവഹിക്കുന്നത്. മുന്നിൽ ഡ്യുവൽ 330 എംഎം ഡിസ്കുകളും പിന്നിൽ 250 എംഎം റോട്ടറും ബ്രേക്കിങ്ങിന് സഹായിക്കും. പെർഫോമൻസ് കിറ്റിെൻറ ഭാഗമായി ഇലക്ട്രോണിക് സ്റ്റിയറിങ് ഡാംപറും ലഭിക്കും. 216 കിലോഗ്രാം ആണ് നിഞ്ചയുടെ ഭാരം.
കവാസാക്കി കോർണറിങ് മാനേജുമെൻറ് ഫംഗ്ഷനോടുകൂടിയ ബോഷ് െഎ.എം.യു യൂനിറ്റ് ബൈക്കിന്റെ പ്രധാന ഇലക്ട്രോണിക് ഹൈലൈറ്റുകളിൽ ഒന്നാണ്. 2021 കവാസാക്കി നിഞ്ച എച്ച് 2 ആറിന് 79.90 ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ നിലവിൽ ബൈക്കിന് നേരിട്ടുള്ള എതിരാളികളില്ല. തൽക്കാലം എച്ച് 2 ആറിനെ നിരത്തിൽ ഇറക്കാനുള്ള അനുമതി ഇന്ത്യയിലില്ല. വാങ്ങിയാൽ ഏതെങ്കിലും ട്രാക്കിലോ സർക്യൂട്ടിലോ ഒാടിക്കാമെന്നുമാത്രം.