കാവാസാക്കി സൂപ്പർ നേക്കഡ് റോഡ്സ്റ്റർ ഇന്ത്യയിൽ; വില 26 ലക്ഷം
text_fieldsകാവാസാക്കി ഇന്ത്യൻ വിപണിയിൽ സൂപ്പർ നേക്കഡ് റോഡ്സ്റ്റർ മോഡലുകളായ ഇസഡ് എച്ച് 2, ഇസഡ് എച്ച് 2 എസ് ഇ മോട്ടോർസൈക്കിളുകൾ അവതരിപ്പിച്ചു. ജനപ്രിയമായ കവാസാക്കി എച്ച് 2 ഹൈപ്പർ ബൈക്കിന്‍റെ അതേ സൂപ്പർചാർജ്ഡ് പ്ലാറ്റ്ഫോമിലാണ് റോഡ്സ്റ്ററുകൾ നിർമിച്ചിരിക്കുന്നത്. അടിസ്ഥാന വേരിയന്‍റായ ഇസഡ് എച്ച് 2 വിന് 21.90 ലക്ഷവും ഉയർന്ന സ്പെക്ക് എസ്ഇ വേരിയന്‍റിന് 25.90 ലക്ഷം വിലവരും.
കാവാസാകിയുടെ സുഗോമി രൂപകൽപ്പനയാണ് പുതിയ ബൈക്കിന്. മൊത്തം എൽഇഡി ലൈറ്റിംഗും ബ്ലൂടൂത്ത് സംവിധാനമുള്ള 4.3 ഇഞ്ച് കളർ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്ററും ബൈക്കിലെ പ്രധാന സവിശേഷതകളിൽ ചിലതാണ്. കമ്പനിയുടെ 'റൈഡിയോളജി' ആപ്ലിക്കേഷനുമായി സംയോജിപ്പിച്ചാൽ ബൈക്കിന്‍റെ എല്ലാ വിവരങ്ങളും മൊബൈലിൽ നമ്മുക്ക് ലഭ്യമാകും. 998 സിസി, ഇൻ-ലൈൻ നാല് സിലിണ്ടർ, ലിക്വിഡ്-കൂൾഡ്, ഡിഎഎച്ച്‌സി, 16-വാൽവ്, സൂപ്പർചാർജ്ഡ് എഞ്ചിനാണ് ഈ കാളക്കൂറ്റന് കരുത്തുപകരുന്നത്. 197.2 ബിഎച്ച്പി കരുത്ത് എഞ്ചിൻ ഉത്പാദിപ്പിക്കും.
ആറ് സ്പീഡ് ഗിയർബോക്സും സ്ലിപ്പർ ക്ലച്ചുമായി വരുന്ന വാഹനം പെർഫോമൻസിൽ ഏത് ലോകോത്തര സൂപ്പർ ബൈക്കുകളുമായും കിടിപിടിക്കും. ഷോവ എസ്‌എഫ്‌എഫ്-ബിപി ഫ്രണ്ട് ഫോർക്കുകളുംഷോവ റിയർ മോണോ ഷോക്കുമാണ് സസ്പെൻഷൻ പ്രവൃത്തികൾ ചെയ്യുന്നത്. നഗ്നമായ വാഹന ശരീരം ട്രെല്ലിസ് ഫ്രെയിമിലാണ് നിറച്ചിരിക്കുന്നത്. ഉയർന്ന വേരിയന്‍റായ ഇസഡ് എച്ച് 2 എസ്ഇയിൽ ഷോവയുടെ സ്കൈഹൂക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഇലക്ട്രോണിക് സസ്പെൻഷനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ട്രാക്ഷൻ കൺട്രോൾ, എബിഎസ്, ലോഞ്ച് കൺട്രോൾ, പവർ മോഡുകൾ (ഫുൾ, മിഡിൽ, ലോ), മൂന്ന് റൈഡിംഗ് മോഡുകൾ (സ്പോർട്, റോഡ്, റെയിൻ), ക്വിക്ക് ഷിഫ്റ്റർ, ക്രൂയിസ് കൺട്രോൾ എന്നിവ ബൈക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.