കാർ പൂളിങ്ങുമായി കർണാടക സർക്കാർ; കുരുക്കഴിയുമോ?
text_fieldsഫയൽ ചിത്രം
ഓഫിസിലേക്ക് പോകാൻ ഓരോരുത്തരും സ്വന്തം കാറെടുക്കേണ്ടതുണ്ടോ? ഒരേ വഴിയിലൂടെ യാത്ര ചെയ്യുന്നവർക്ക് ഒരു കാറിൽ ഒരുമിച്ച് പോയാൽ ഇന്ധനച്ചെലവും വാഹനങ്ങളുടെ എണ്ണവും കുറയ്ക്കാനാകില്ലേ? ഈ ആശയത്തിന് പ്രായോഗിക രൂപം നൽകാനൊരുങ്ങുകയാണ് കർണാടക സർക്കാർ. ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി സർക്കാർ ജീവനക്കാർക്കിടയിൽ കാർ പൂളിങ് പ്രോത്സാഹിപ്പിക്കാനാണ് നീക്കം.നിലവിൽ സർക്കാർ ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന കർത്തവ്യആപ്പിൽ പുതിയ സൗകര്യം കൂടി ഉൾപ്പെടുത്താനാണ് പദ്ധതി. ഒരേ ദിശയിലേക്ക് ഓഫിസിൽ പോകുന്ന ജീവനക്കാർക്ക് പരസ്പരം കണ്ടെത്തി ഒരുമിച്ച് യാത്ര ക്രമീകരിക്കാൻ ഇതിലൂടെ കഴിയും. യാത്രാച്ചെലവ് പങ്കിടുന്നതിനൊപ്പം റോഡിലെ സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും ഈ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ. എങ്കിലും സ്വകാര്യത ഇഷ്ടപ്പെടുന്നവർ ഇത്തരം നീക്കത്തെ പിന്തുണക്കുമോ എന്ന് കണ്ടറിയണം.
ഒരേ റൂട്ടിലുള്ള സഹയാത്രികരെ ആപ്പിലൂടെ കണ്ടെത്താം
പുതിയ കാർ പൂളിങ് സൗകര്യം വന്നാൽ ജീവനക്കാർക്ക് തങ്ങളുടെ യാത്രാമാർഗം ആപ്പിൽ രേഖപ്പെടുത്താം. ഇതേ റൂട്ടിലൂടെ യാത്ര ചെയ്യുന്ന മറ്റ് സർക്കാർ ജീവനക്കാരെ കണ്ടെത്താനും ഒരുമിച്ച് പോകാൻ അഭ്യർഥിക്കാനും സാധിക്കും.യാത്രയ്ക്ക് താൽപര്യമുള്ളയാൾ ആപ്പിലൂടെ അഭ്യർഥന അയക്കണം. വാഹനവുമായി പോകുന്ന ജീവനക്കാരൻ അത് അംഗീകരിച്ചാൽ മാത്രമേ യാത്ര ഉറപ്പാകൂ. അതായത്, ഇരുവരുടെയും സമ്മതത്തോടെയായിരിക്കും കാർ പൂളിങ് ക്രമീകരിക്കുക.യാത്രയ്ക്ക് മുമ്പ് കൂടെ പോകുന്ന വ്യക്തിയുടെ പേര്, ജോലി ചെയ്യുന്ന വകുപ്പ്, പദവി തുടങ്ങിയ വിവരങ്ങളും അറിയാൻ കഴിയും. യാത്ര പങ്കിടുന്നവർ സർക്കാർ ജീവനക്കാരാണെന്ന് തിരിച്ചറിയാൻ കഴിയുന്നത് പരസ്പര വിശ്വാസം ഉറപ്പാക്കാൻ സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.കർണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവിൽ സ്വകാര്യ വാഹനങ്ങളുടെ വർധനയും തിരക്കേറിയ റോഡുകളും ദൈനംദിന യാത്രയിൽ വലിയ വെല്ലുവിളിയാകുന്നുണ്ട്.ഇത്തരത്തിൽ ഒരേ വഴിയിലുള്ളവർ ഒരു വാഹനം പങ്കിട്ടുപയോഗിച്ചാൽ റോഡിലിറങ്ങുന്ന കാറുകളുടെ എണ്ണം കുറയ്ക്കാം. ഇന്ധനച്ചെലവും പാർക്കിങ് ബുദ്ധിമുട്ടും കുറയ്ക്കാൻ ജീവനക്കാർക്കും ഇതിലൂടെ സാധിക്കും. സർക്കാർ ഓഫിസുകളിലും സ്ഥാപനങ്ങളിലും ധാരാളം ജീവനക്കാരുള്ളതിനാൽ പദ്ധതി വ്യാപകമായി പ്രയോജനപ്പെടുത്താനാകുമെന്നാണ് കണക്കുകൂട്ടൽ.
നടക്കാനും പ്രോത്സാഹനം; ആപ്പിൽ സ്റ്റെപ്പ് കൗണ്ടറും
കാർ പൂളിങ്ങിന് പുറമേ ജീവനക്കാരുടെ ശാരീരികക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റെപ്പ് ട്രാക്കിങ് സൗകര്യവും കർത്തവ്യ ആപ്പിൽ ഉൾപ്പെടുത്താൻ പദ്ധതിയുണ്ട്.ഓഫിസിലേക്ക് നടന്നുപോകുന്നവരുടെയും ബസോ മെട്രോയോ ഉപയോഗിക്കുന്നതിനൊപ്പം കുറച്ചുദൂരം നടന്നെത്തുന്നവരുടെയും നടത്തം രേഖപ്പെടുത്തുകയാണ് ലക്ഷ്യം. തുടക്കത്തിൽ കൂടുതൽ നടക്കുന്നതും സജീവമായി ഈ സൗകര്യം ഉപയോഗിക്കുന്നതുമായ ജീവനക്കാരെ തിരിച്ചറിയാനാണ് ആലോചന. ഭാവിയിൽ ഇതിന് പ്രോത്സാഹനങ്ങളോ മറ്റ് ആനുകൂല്യങ്ങളോ നൽകുന്നതും പരിഗണനയിലുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
ഹാജർ ആപ്പിൽനിന്ന് യാത്രാ സൗകര്യത്തിലേക്ക് ‘കർത്തവ്യ’
കർണാടക സർക്കാർ ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തുന്നതിനായി വികസിപ്പിച്ച സംവിധാനമാണ് കർത്തവ്യ. മൊബൈൽ ഫോണിലൂടെ ഹാജർ രേഖപ്പെടുത്താൻ സഹായിക്കുന്ന ഈ ആപ്പ് സംസ്ഥാന സർക്കാരിന്റെ ഇ-ഗവേണൻസ് സംവിധാനത്തിന്റെ ഭാഗമായാണ് പ്രവർത്തിക്കുന്നത്.പുതിയ സൗകര്യങ്ങൾ കൂടി വരുന്നതോടെ ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തുന്നതിൽ മാത്രം ഒതുങ്ങാതെ, അവരുടെ ദൈനംദിന യാത്രയും ശാരീരികക്ഷമതയും പ്രോത്സാഹിപ്പിക്കുന്ന സംവിധാനമായി ആപ്പ് മാറും.കാർ പൂളിങ്ങും സ്റ്റെപ്പ് ട്രാക്കിങ്ങും ഒരു മാസത്തിനുള്ളിൽ അവതരിപ്പിക്കാനാണ് പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ. ജീവനക്കാരുടെ പങ്കാളിത്തം എത്രത്തോളമുണ്ടാകുമെന്നതിനെ ആശ്രയിച്ചിരിക്കും ഈ നീക്കത്തിന്റെ വിജയം.

