ഐക്യൂബിനെ പിടിക്കാൻ ആരുണ്ടെടാ... തുടർച്ചയായ മൂന്നാംമാസവും ഒന്നാമത്, താഴേക്ക് വീണ് ഒല, ഇളക്കംതട്ടാതെ ചേതക്
text_fieldsജൂണിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ഒന്നാംസ്ഥാനം നിലനിർത്തി ടി.വി.എസ് മോട്ടോഴ്സ്. ഐക്യൂബിന്‍റെ കരുത്തിൽ കുതിപ്പ് തുടരുന്ന ടി.വി.എസ് 25,274 യൂണിറ്റുകളാണ് ജൂണിൽ വിറ്റത്. മേയിൽ 24,560 വിറ്റ സ്ഥാനത്താണിത്. 2.91 ശതമാനത്തിന്‍റെ പ്രതിമാസ വർധനവുണ്ട്. 24 ശതമാനമാണ് മാർക്കറ്റ് ഷെയർ. തുടർച്ചയായ മൂന്നാംമാസമാണ് ടി.വി.എസ് ഒന്നാംസ്ഥാനത്ത് തുടരുന്നത്.
രണ്ടാംസ്ഥാനത്തുള്ള ബജാജ് ഓട്ടോ 23,004 ചേതക്കുകളാണ് ജൂണിൽ വിറ്റത്. ചേതക്കിന്‍റെ പുതിയ മോഡലെത്തിയത് വിൽപ്പനയെ സ്വാധീനിച്ചു. 5.67 ശതമാനത്തിന്‍റെ പ്രതിമാസ വളർച്ചയുണ്ട്. മേയിൽ 21,770 സ്കൂട്ടറുകളായിരുന്നു വിറ്റത്. 22 ശതമാനമാണ് മാർക്കറ്റ് ഷെയർ.
ഒരുകാലത്ത് ഇന്ത്യൻ ഇ.വി രംഗം അടക്കിഭരിച്ച ഒല ഇലക്ട്രിക് മൂന്നാംസ്ഥാനത്ത് തുടരുകയാണ്. 20,189 വാഹനങ്ങൾ വിറ്റ ഒല 9.14 ശതമാനത്തിന്‍റെ മികച്ച പ്രതിമാസ വളർച്ചയുണ്ടാക്കി. മേയിൽ 18,499 ഇ.വികളായിരുന്നു വിറ്റത്. 19 ശതമാനത്തിന്‍റെ മാർക്കറ്റ് ഷെയറുമുണ്ട്. എന്നാൽ, വാർഷിക വിൽപ്പനയിൽ ഒലക്ക് 45 ശതമാനത്തിന്‍റെ വൻ ഇടിവുണ്ടായി.
ഏറെക്കാലമായി നാലാംസ്ഥാനത്തുള്ള ഏഥർ എനർജി പ്രതിമാസ വിൽപ്പനയിൽ 13 ശതമാനത്തിന്‍റെ മികച്ച നേട്ടമുണ്ടാക്കി. മേയിൽ 12,840 യൂണിറ്റുകൾ വിറ്റ സ്ഥാനത്ത് ജൂണിൽ 14,512 യൂണിറ്റുകൾ വിൽക്കാൻ സാധിച്ചു. 14 ശതമാനമാണ് മാർക്കറ്റ് ഷെയർ. .
വിടയെ പുതിയ ലുക്കിൽ അവതരിപ്പിച്ച ഹീറോ മോട്ടോർകോർപ്പിനും ജൂൺ നല്ല മാസമായി. ഏഴ് ശതമാനം പ്രതിമാസ വിൽപ്പന വർധനവോടെ 7664 യൂനിറ്റുകളാണ് വിറ്റത്. നാല് ശതമാനമാണ് ഹീറോയുടെ മാർക്കറ്റ് ഷെയർ.
ആറാംസ്ഥാനത്ത് ആമ്പിയർ ഇ.വി നിർമാതാക്കളായ ഗ്രീവ്സ് ഇലക്ട്രിക്കാണ്. 4199 ഇ.വികളാണ് വിറ്റത്. 0.53 ശതമാനത്തിന്‍റെ പ്രതിമാസ വളർച്ചയും മൂന്ന് ശതമാനത്തിന്‍റെ മാർക്കറ്റ് ഷെയറുമുണ്ട്.
ഏഴാംസ്ഥാനത്ത് ബിഗോസ്സ് ഓട്ടോയാണ്. 1952 യൂണിറ്റുകൾ വിറ്റ ബിഗോസ്സിന് 83 ശതമാനത്തിന്‍റെ വൻ പ്രതിമാസ വളർച്ച രേഖപ്പെടുത്താനായി. 1066 യൂണിറ്റുകൾ മാത്രമായിരുന്നു മേയിൽ വിറ്റത്.
പ്യുവർ എനർജിയാണ് എട്ടാംസ്ഥാനത്ത്. 1429 വാഹനങ്ങൾ വിറ്റു. 1246 ഇ.വികൾ വിറ്റ റിവർ മൊബിലിറ്റി ഒമ്പതാംസ്ഥാനത്തും 766 ഇ.വികൾ വിറ്റ റിവോൾട്ട് മോട്ടോഴ്സ് പത്താംസ്ഥാനത്തുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

