എഥനോൾ പെട്രോൾ ഇരുചക്ര വാഹനങ്ങളുടെ അന്തകനോ?
text_fieldsആലപ്പുഴ: രാജ്യത്താകമാനം 25 ശതമാനം എഥനോൾ പെട്രോൾ വ്യാപകമാക്കുന്നതിനെതിരെ വിവാദം പുകയുമ്പോൾ കടുത്ത ആശങ്കയിൽ പെട്രോൾ വാഹന ഉടമകൾ. ഇരുചക്ര വാഹന ഉപയോക്താക്കൾക്കാണ് ഏറെ ആധി. നിലവിൽ പെട്രോളിൽ ചേർക്കുന്ന എഥനോളിന്റെ അളവ് 20 ശതമാനത്തിൽനിന്ന് 25 ആക്കി ഉയർത്താനുള്ള നീക്കമാണ് വ്യാപക പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര സർക്കാർ മാറ്റിവെക്കാനൊരുങ്ങുന്നത്. എന്നാൽ, വേണ്ടത്ര മുന്നൊരുക്കമില്ലാതെ ഇ20 എന്ന എഥനോൾ 20 പ്രാബല്യത്തിൽ വരുത്തിയ സർക്കാർ, തീരുമാനം വേണ്ടെന്നുവെക്കാൻ സാധ്യത കുറവാണെന്ന നിഗമനത്തിലാണ് പെട്രോൾ വാഹന ഉടമകൾ.
2024 ഏപ്രിലിലാണ് ഇ20 പെട്രോൾ രാജ്യത്ത് നിലവിൽ വന്നത്. കരിമ്പ്, ചോളം, ഗോതമ്പ് തുടങ്ങിയ കാർഷിക വിഭവങ്ങളിൽ നിന്നുണ്ടാക്കുന്ന എഥനോൾ പരിസ്ഥിതി സൗഹൃദമാകുമെന്നും എണ്ണ ഇറക്കുമതി കുറക്കുമെന്നും അവകാശപ്പെട്ടാണ് മോദിസർക്കാർ നടപ്പാക്കിയത്. എന്നാൽ, നിരത്തിലുള്ള പെട്രോൾ വാഹനങ്ങളെ ഇത് ഗുരുതരമായി ബാധിച്ച അനുഭവങ്ങൾ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നു.
ജലാംശമുള്ള എഥനോൾ കാരണം വാഹനങ്ങളുടെ കാർബറേറ്ററും അതിനുള്ളിലെ റബർ- പ്ലാസ്റ്റിക് നിർമിത ഭാഗങ്ങളും ദ്രവിക്കുകയും പൂപ്പൽ ബാധിക്കുകയും അടിക്കടി തകരാറിലാവുകയും ചെയ്യുന്നു. ഇ20 പെട്രോൾ ഉപയോഗിക്കാൻ തുടങ്ങിയ ശേഷം കാർബറേറ്റർ തകരാറുമായി വരുന്നവരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതായി വർക് ഷോപ്പുകാർ പറയുന്നു.
തൽക്കാലം പരിഹാരമുണ്ടാക്കിയാലും വീണ്ടും തകരാറുമായി വാഹന ഉടമകൾ തിരികെവരുന്നത് സൃഷ്ടിക്കുന്ന തലവേദനയെ കുറിച്ചാണ് അവർ പരാതി പറയുന്നത്. അടുത്തിടെയായി കാർബറേറ്റർ തകരാറുമായി എത്തുന്നവരുടെ എണ്ണവും കൂടിയിരിക്കുകയാണ്. പോരാത്തതിന് പെട്രോൾ ടാങ്ക് ലീക്കാവുന്നതായും ഇവർ പറയുന്നു. ഇതിനു പുറമെയാണ് മൈലേജിലുള്ള കുറവ്. 30 ശതമാനത്തിനു മുകളിൽ മൈലേജിൽ കുറവുവരുന്നതായി വർക് ഷോപ്പുകാർ പറയുന്നു. ഇരുചക്ര വാഹനങ്ങളുടെ അന്തകനായി ഇ20 മാറിയതായി അവർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

