Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻഡിക്കേറ്റർ ഇട്ടാൽ പിന്നെ എന്തും ചെയ്യാമോ?

text_fields
bookmark_border
ഇൻഡിക്കേറ്റർ ഇട്ടാൽ പിന്നെ എന്തും ചെയ്യാമോ?
cancel

റോഡിലൂടെ, പ്രത്യേകിച്ച് ചുരം റോഡുകളിലും വീതികുറഞ്ഞ സംസ്ഥാന പാതകളിലുമൊക്കെ വാഹനം ഓടിക്കുമ്പോൾ നമ്മളിൽ പലരും നേരിട്ടിട്ടുള്ളതോ ചിലപ്പോൾ ചെയ്തിട്ടുള്ളതോ ആയ കാര്യമാണ് ഇത്. മുന്നിലെ വാഹനത്തിന്റെ വലതുവശത്തെ ഇൻഡിക്കേറ്റർ രണ്ടുതവണ മിന്നുന്നു. പിന്നിലുള്ള ഡ്രൈവർ ഉടൻ മനസ്സിൽ കണക്കുകൂട്ടും, മുന്നിലെ ഡ്രൈവർ വഴി ക്ലിയറാണെന്ന് കാണിച്ചുതന്നതാണ്. ഓവർ ടേക് ചെയ്യാം എന്ന്! കേൾക്കുമ്പോൾ ഇത് ഡ്രൈവർമാർ തമ്മിലുള്ള നല്ലൊരു സഹകരണമെന്നുതോന്നാം. എന്നാൽ, ട്രാഫിക് നിയമപ്രകാരവും റോഡ് സുരക്ഷയുടെ കാഴ്ചപ്പാടിലും വളരെ അപകടകരമാണിത്. മുന്നിലുള്ള ഡ്രൈവർ കാണുന്നത് നിങ്ങൾ കാണണമെന്നില്ല. അതിനാൽ, മറ്റൊരാളുടെ വിലയിരുത്തലിനെ മാത്രം ആശ്രയിച്ച് ഓവർടേക്ക് ചെയ്യുന്നത് ചിലപ്പോൾ അപകടത്തിലേക്ക് നയിക്കാം.

വലത് ഇൻഡിക്കേറ്ററിലെ അപകടം

ട്രാഫിക് നിയമപ്രകാരം വലത് ഇൻഡിക്കേറ്ററിന്റെ സാധാരണ അർഥം വാഹനം വലത്തോട്ട് തിരിയാൻ പോകുന്നു എന്നാണ്. അതുകൊണ്ടുതന്നെ ‘റോഡ് ക്ലിയറാണ്, നിങ്ങൾ ഓവർടേക്ക് ചെയ്യൂ’ എന്ന സന്ദേശമായി വലത് ഇൻഡിക്കേറ്റർ ഉപയോഗിക്കുന്നത് നിയമപരമല്ല. പിന്നിലുള്ള ഡ്രൈവർ ഓവർടേക്ക് ചെയ്യാൻ തുടങ്ങുന്ന സമയത്ത് മുന്നിലെ വാഹനം വലതുവശത്തെ റോഡിലേക്കോ സ്വകാര്യ വഴിയിലേക്കോ തിരിയാൻ തുടങ്ങിയാൽ നേരിട്ടുള്ള കൂട്ടിയിടിക്ക് വരെ സാധ്യതയുണ്ട്.

വളവ്, കുന്നിൻമുകൾ, വലിയ വാഹനം, മരങ്ങൾ തുടങ്ങിയവ കാരണം മുന്നിലുള്ള ഡ്രൈവർക്കും മുഴുവൻ റോഡും വ്യക്തമായി കാണാൻ കഴിയണമെന്നില്ല. എതിർദിശയിൽനിന്ന് പെട്ടെന്ന് വാഹനം വന്നാൽ അപകടം ഒഴിവാക്കാൻ സമയമുണ്ടാകില്ല. കൂടാതെ കുഴി, കല്ല്, മൃഗം, സൈക്കിൾ, കാൽനടയാത്രക്കാരൻ എന്നിവ ഒഴിവാക്കാൻ മുന്നിലെ വാഹനം വലത്തോട്ട് മാറുന്ന സമയത്താണ് പിന്നിലെ വാഹനം ഓവർടേക്ക് ചെയ്യുന്നതെങ്കിലും അപകടം സംഭവിക്കാം.

വലത് ഇൻഡിക്കേറ്റർ കണ്ടാൽ ചിലർ വാഹനം വലത്തോട്ട് തിരിയാനാണ് പോകുന്നതെന്ന് മനസ്സിലാക്കും. മറ്റുചിലർ ‘ഓവർടേക്ക് ചെയ്യൂ’ എന്നാണെന്ന് കരുതും. ഒരേ സിഗ്നലിന് രണ്ട് വ്യത്യസ്ത അർഥം വരുന്നതാണ് ഏറ്റവും വലിയ അപകടസാധ്യത.

സുരക്ഷിതമായി എങ്ങനെ വഴി നൽകാം?

വഴി നൽകണമെങ്കിൽ വേഗം കുറച്ച്, സുരക്ഷിതമാണെങ്കിൽ റോഡിന്റെ ഇടതുവശത്തേക്ക് പരമാവധി ഒതുങ്ങി വാഹനത്തിന് കടന്നുപോകാൻ ആവശ്യമായ ഇടം നൽകുക. ആവശ്യമെങ്കിൽ വേഗം കുറക്കാം. എന്നാൽ, ഇടത് ഇൻഡിക്കേറ്റർ എന്നത് ഔദ്യോഗികമായി ‘ഓവർടേക്ക് ചെയ്യാം’ എന്ന സന്ദേശമല്ല. അത് വാഹനം ഇടത്തേക്ക് നീങ്ങുകയോ തിരിയുകയോ ചെയ്യുന്നതിന്റെ സൂചന മാത്രമാണ്. അതിനാൽ, പിന്നിലുള്ള ഡ്രൈവർ സ്വന്തം കാഴ്ചയും സാഹചര്യവും വിലയിരുത്തിയാണ് തീരുമാനം എടുക്കേണ്ടത്.

എതിർദിശ വ്യക്തമായി കാണുന്നുണ്ടോ? മുന്നിൽ വളവോ പാലമോ ജങ്ഷനോ ഇല്ലേ? റോഡിൽ ഓവർടേക്ക് നിരോധിക്കുന്ന തുടർച്ചയായ വെള്ള വര ഇല്ലേ? മുന്നിലുള്ള വാഹനം സുരക്ഷിതമായി ഇടം നൽകിയിട്ടുണ്ടോ? സ്വന്തം വാഹനത്തിന് സുരക്ഷിതമായി വേഗം കൂട്ടി മറികടക്കാൻ കഴിയുമോ? ഇവയിൽ ഏതെങ്കിലും സംശയമുണ്ടെങ്കിൽ ഓവർടേക്ക് ചെയ്യാതിരിക്കുന്നതാണ് സുരക്ഷിതം.

ഹസാർഡ് ലൈറ്റുകളുടെ ദുരുപയോഗം

ചിലർ യാത്രക്കിടെ കാരണമില്ലാതെ ഹസാർഡ് ലൈറ്റുകൾ (രണ്ട് ഇൻഡിക്കേറ്ററുകളും ഒരുമിച്ച്) ഇട്ട് ഓടിക്കാറുണ്ട്. ഇത് തെറ്റായ രീതിയാണ്. ഹസാർഡ് ലൈറ്റുകൾ സാധാരണയായി വാഹനം നിർത്തിയിരിക്കുമ്പോഴോ അടിയന്തര സാഹചര്യമുണ്ടായിരിക്കുമ്പോഴോ മറ്റു ഡ്രൈവർമാരെ മുന്നറിയിപ്പ് നൽകാനാണ് ഉപയോഗിക്കേണ്ടത്. സാധാരണ യാത്രക്കിടെ ഇത് ഉപയോഗിക്കുന്നത് മറ്റു വാഹനയാത്രികരെ ആശയക്കുഴപ്പത്തിലാക്കും.

റോഡിൽ മറ്റൊരു ഡ്രൈവർ നൽകുന്ന ഏതൊരു സിഗ്നലും സുരക്ഷയുടെ ഗാരന്റിയല്ല. ഓവർടേക്ക് ചെയ്യാനുള്ള അന്തിമ തീരുമാനം എപ്പോഴും സ്വന്തം കാഴ്ച, റോഡിന്റെ അവസ്ഥ, ട്രാഫിക് സാഹചര്യം എന്നിവ വിലയിരുത്തിയ ശേഷമായിരിക്കണം. ഡ്രൈവിങ്ങിൽ പരസ്പര സഹകരണവും വഴി കൊടുക്കാനുള്ള മനോഭാവവും വളരെ നല്ലതാണ്. എന്നാൽ, ട്രാഫിക് നിയമങ്ങൾക്ക് വിരുദ്ധമായ അനൗദ്യോഗിക സിഗ്നലുകളെ ആശ്രയിച്ച് ഓവർടേക്ക് ചെയ്യുന്നത് ചിലപ്പോഴൊക്കെ അപകടസാധ്യത വർധിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Does switching on the indicator give you the license to do whatever you want?
Next Story