വെന്യുവിന്റെ പെർഫോമൻസ് പതിപ്പുമായി ഹ്യൂണ്ടായ്; ബുക്കിങ് ആരംഭിച്ചു
text_fieldsകോമ്പാക്ട് എസ്.യു.വിയായ വെന്യുവിന്റെ പെർഫോമൻസ് പതിപ്പായ എൻ ലൈൻ അവതരിപ്പിച്ച് ഹ്യുണ്ടായ്. സെപ്തംബർ ആറിന്ന് ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായായാണ് പുതിയ വെന്യു എൻ ലൈൻ ഹ്യുണ്ടായ് വെളിപ്പെടുത്തിയത്. വാഹനത്തിന്റെ ബുക്കിങ്ങും കമ്പനി ആരംഭിച്ചിട്ടുണ്ട്. 21,000 രൂപ നൽകി ഓൺലൈനായോ ഹ്യുണ്ടേയ് ഡീലർഷിപ്പ് വഴിയോ പുതിയ വാഹനം ബുക്ക് ചെയ്യാം. വെന്യുവിന്റെ ഉയർന്ന വകഭേദത്തെ അടിസ്ഥാനപ്പെടുത്തിയാണ് എൻ ലൈൻ പുറത്തിറക്കുന്നത്. പുറം കാഴ്ചയിൽ ചെറിയ മാറ്റങ്ങളും സസ്പെൻഷനിലേയും എക്സ്‌ഹോസ്റ്റിലേയും മാറ്റങ്ങളും പുതിയ വാഹനത്തിലുണ്ട്.
പുതിയ ഗ്രിൽ, അലോയ് വീലുകൾ, ഡ്യുവൽ-ടിപ്പ് എക്‌സ്‌ഹോസ്റ്റ്, റൂഫ് റെയിലുകൾ, ബ്രേക്ക് കാലിപ്പറുകൾ, ലോവർ ക്ലാഡിങ്ങുകൾ എന്നിവയിൽ ചുവന്ന ആക്‌സന്റുകൾ എന്നിവ എൻ ലൈനിന് ലഭിക്കും. ഗ്രില്ലും ടെയിൽഗേറ്റും ഫ്രണ്ട് ഫെൻഡറുകളും 'എൻ ലൈൻ' ബാഡ്ജുകൾ ഉൾക്കൊള്ളുന്നു.
ഓൾ ബ്ലാക് തീമിലാണ് ഇന്റീരിയർ, കൂടുതൽ സ്പോർട്ടി ആക്കുന്നതിനായി റെഡ് ആക്സെന്റുകൾ നൽകിയിട്ടുണ്ട്. വെന്യുവിന്റെ ഉയർന്ന വകഭേദത്തിലുള്ള 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, കണക്റ്റഡ് കാർ ടെക്ക്, പവർ അഡ്ജെസ്റ്റബിൾ ഡ്രൈവർ സീറ്റ്, എൽ.ഇ.ഡി പ്രൊജക്റ്റർ ഹെഡ്‍ലാംപ്, കോർണറിങ് ലാംപ്, ബോസ് സൗണ്ട് സിസ്റ്റം എന്നിവയും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വെന്യു ടർബോ വേരിയന്റുകളിൽ കാണപ്പെടുന്ന 120 എച്ച്‌പിയും 172 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് വെന്യു എൻ ലൈനിന് കരുത്തുപകരുന്നത്. വെന്യു എൻ ലൈനിന് 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സാണ് നൽകിയിരിക്കുന്നത്. നാല് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. എൻ ലൈനിന്റെ കൃത്യമായ വില ഹ്യൂണ്ടായ് ഇനിയും വെളിപ്പെടുത്തിയിട്ടില്ല.
സാധാരണ വെന്യുവിന്റെ ഉയർന്ന വകഭേദത്തെക്കാൾ ഒന്നു മുതൽ 1.5 ലക്ഷം രൂപ വരെ കൂടുതലായിരിക്കും എൻലൈനിന്റെ വില. കിയ സോനറ്റ്, ടാറ്റ നെക്സോൺ, മഹീന്ദ്ര XUV300, മാരുതി സുസുകി ബ്രെസ്സ എന്നിവരാണ് പ്രധാന എതിരാളികൾ.