അയോണിക് 5 മോഡലിന് ആനുകൂല്യം പ്രഖ്യാപിച്ച് ഹ്യുണ്ടായ്; ഇതാണ് വാഹനം സ്വന്തമാക്കാനുള്ള മികച്ച അവസരം
text_fieldsഹ്യുണ്ടായ് അയോണിക് 5
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, അവരുടെ പ്രീമിയം ഇലക്ട്രിക് വാഹനമായ അയോണിക് 5 മോഡലിന് വമ്പൻ ആനുകൂല്യം പ്രഖ്യാപിച്ചു. വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 10 ലക്ഷം രൂപവരെയുള്ള ക്യാഷ് ഡിസ്‌കൗണ്ടാണ് കമ്പനി പ്രഖ്യാപിച്ചത്. 2024 നിർമിത മോഡലുകൾക്കാണ് കമ്പനി ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നിരുന്നാലും മൈ2025 മോഡൽ വാഹനത്തിന് രണ്ട് ലക്ഷം രൂപയുടെ ആനുകൂല്യവും ഹ്യുണ്ടായ് നൽകുന്നുണ്ട്. നിലവിൽ 46.30 ലക്ഷം (എക്സ് ഷോറൂം) രൂപയാണ് വാഹനത്തിന്റെ വില. 2024 മോഡൽ സ്വന്തമാക്കുന്നവർക്ക് 35–36 ലക്ഷം (എക്സ് ഷോറൂം) രൂപയിൽ വാഹനം ലഭിക്കും. ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടുള്ളതിൽ വെച്ച് മികച്ച ഓഫറാണിത്.
ഫ്യൂച്ചറിസ്റ്റിക് ഡിസൈനും വിശാലമായ ഇന്റീരിയറും ഫാസ്റ്റ്-ചാർജിങ് സവിശേഷതയുമായി എത്തുന്ന ഓൾ-ഇലക്ട്രിക് എസ്.യു.വിയാണ് ഹ്യുണ്ടായ് അയോണിക് 5. ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോം (ഇ-ജി.എം.പി) അടിസ്ഥാനമാക്കി നിർമിച്ച ഇ.വിക്ക് യൂറോ എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ സുരക്ഷ നേടാൻ സാധിച്ചിട്ടുണ്ട്. കൂടാതെ ഏറ്റവും പുതിയ അഡ്വാൻസ് ടെക്‌നോളജികളും അയോണികിൽ ഹ്യുണ്ടായ് സജ്ജീകരിച്ചിട്ടുണ്ട്.
ഇന്ത്യ സ്‌പെകിൽ 72.6 kWh ബാറ്ററി പാക്കിലാണ് വാഹനം ലഭ്യമാകുന്നത്. എന്നാൽ മറ്റു രാജ്യങ്ങളിൽ 84 kWh ബാറ്ററി പാക്കിന്റെ മറ്റൊരു ഓപ്ഷനും ലഭിക്കുന്നുണ്ട്. ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എ.ആർ.എ.ഐ) സാക്ഷ്യപെടുത്തിയതനുസരിച്ച് ഇന്ത്യ സ്‌പെകിൽ ഒറ്റചാർജിൽ 631 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നുണ്ട്. റിയർ-വീൽ ഡ്രൈവ്, ഓൾ-വീൽ ഡ്രൈവ് വകഭേദങ്ങളിൽ അയോണിക് 5 ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. റിയർ-വീൽ ഡ്രൈവ് വകഭേദം 217 എച്ച്.പി കരുത്തും 350 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള മോട്ടോർ സജ്ജീകരണമാണ്. 350 kW ഡിസി ചാർജർ ഉപയോഗിച്ച് 10% മുതൽ 80% വരെ ചാർജ് ചെയ്യാൻ 18 മിനുട്ട് മാത്രമാണ് വാഹനം എടുക്കുന്നത്.
ഹ്യുണ്ടായ് അയോണിക് 5ന്റെ ഡിസൈൻ ഭംഗിയുള്ളതും ലളിതവുമാണ്. മുൻവശത്തായി എൽ.ഇ.ഡി ഹെഡ്ലാമ്പും റിയർ വിൻഡ്ഷീൽഡിൽ 2024ലെ ഫേസ് ലിഫ്റ്റിൽ ഒരു വൈപ്പറും ഹ്യുണ്ടായ് നൽകിയിട്ടുണ്ട്. ഉൾവശത്തായി 12.3-ഇഞ്ച് ഡ്യൂവൽ ഡിജിറ്റൽ ഡിസ്പ്ലേ കോക്ക്പിറ്റ്, ബോസ് സൗണ്ട് സിസ്റ്റം, പവേർഡ് ആൻഡ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ബ്ലൂ ലിങ്ക് കണക്ടഡ് കാർ ഫീച്ചറിൽ ലെവൽ 2 ADAS സ്യൂട്ട് എന്നിവയും അയോണിക് 5ന്റെ പ്രത്യേകതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

