എയർബാഗ് എങ്ങനെ പ്രവർത്തിക്കുന്നു?
text_fieldsസെക്കൻഡിന്റെ ആയിരത്തിലൊരംശം മാത്രം മതി ജീവിതവും മരണവും തമ്മിലുള്ള അകലം നിർണയിക്കാൻ. വണ്ടി ഓടിക്കുമ്പോൾ പെട്ടെന്നൊരു നിമിഷം എല്ലാം കീഴ്മേൽ മറിയുന്നു. ഇടിമുഴക്കംപോലെ വണ്ടി കൂട്ടിയിടിക്കുന്നു. ആ നിമിഷത്തിൽ, നിങ്ങൾപോലും അറിയാതെ നിങ്ങളെ പൊതിഞ്ഞ് സംരക്ഷിക്കാൻ വണ്ടിക്കുള്ളിൽ ഒരു ‘അദൃശ്യകൈ’ പ്രവർത്തിക്കുന്നുണ്ട്, അതാണ് എയർബാഗ്! പക്ഷേ, നിമിഷത്തിനകം ഇത്രയും കൃത്യതയോടെ ഈ സുരക്ഷാ സംവിധാനം എങ്ങനെയാണ് ഉണരുന്നത്? ഇതിനു പിന്നിലെ സാങ്കേതികവിദ്യ അമ്പരപ്പിക്കുന്നതാണ്.
എയർബാഗുകൾ സ്വന്തം നിലക്ക് പ്രവർത്തിക്കുന്നവയല്ല. അവയെ കൃത്യസമയത്ത് ഉണർത്തുന്നത് വാഹനത്തിന്റെ മുൻഭാഗത്തും വശങ്ങളിലും ഘടിപ്പിച്ചിരിക്കുന്ന ചെറിയ സെൻസറുകളാണ് (Crash Sensors / Impact Sensors). വാഹനം പെട്ടെന്നുണ്ടാവുന്ന വലിയൊരു ഇടിക്കോ, അല്ലെങ്കിൽ വണ്ടിയുടെ വേഗത്തിലുണ്ടാകുന്ന പെട്ടെന്നുള്ള കുറവിനോ (Sudden Deceleration) വിധേയമാകുമ്പോൾ ഈ സെൻസറുകൾ മില്ലിസെക്കൻഡുകൾക്കുള്ളിൽ അത് തിരിച്ചറിയുന്നു.
എയർബാഗ് വിരിയുന്നതിലെ ശാസ്ത്രം
അപകടത്തിന്റെ തീവ്രത സെൻസറുകൾ തിരിച്ചറിയുന്ന നിമിഷംതന്നെ, അവ എയർബാഗ് കൺട്രോൾ യൂനിറ്റിലേക്ക് (ACU) ഒരു ഇലക്ട്രിക്കൽ സിഗ്നൽ അയക്കുന്നു. ഈ സിഗ്നൽ ലഭിച്ചയുടനെ എയർബാഗിനുള്ളിലെ കെമിക്കൽ റിയാക്ഷൻ ഉണരുകയും, നൈട്രജൻ ഗ്യാസ് നിറഞ്ഞ് നിമിഷനേരംകൊണ്ട് എയർബാഗ് വിടരുകയും ചെയ്യുന്നു. ഇത് ഡ്രൈവർക്കോ യാത്രക്കാർക്കോ പരിക്കേൽക്കാതെ സംരക്ഷണം നൽകുന്നു.
ഈ സൂചന അവഗണിക്കരുത്
നിങ്ങളുടെ കാറിന്റെ ഡാഷ്‌ബോർഡിൽ എയർബാഗ് വാണിങ് ലൈറ്റ് തെളിഞ്ഞുകിടക്കാറുണ്ടോ? എങ്കിൽ നിസ്സാരമായി കാണരുത്. സിസ്റ്റത്തിനോ സെൻസറുകൾക്കോ എന്തോ തകരാറുണ്ടെന്നാണ് അത് സൂചിപ്പിക്കുന്നത്. അപകടസമയത്ത് എയർബാഗ് വിരിയാതിരിക്കാൻ ഇത് കാരണമാകും. അതിനാൽ, എത്രയുംവേഗം അംഗീകൃത സർവിസ് സെന്ററിൽ കാണിച്ച് അത് പരിഹരിക്കാൻ ശ്രദ്ധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

