ഹോണ്ടയുടെ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഫാക്ടറി ഇന്ത്യയിൽ; ഇവി വിപണി പിടിക്കാൻ ഹോണ്ടയുടെ വൻ പദ്ധതികൾ
text_fieldsബംഗളൂരു: 2028 ഓടെ ഇന്ത്യയിൽ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഫാക്ടറി സ്ഥാപിക്കാൻ ഹോണ്ട മോട്ടോർ കമ്പനി പദ്ധതിയിടുന്നതായി മോട്ടോർസൈക്കിൾ ആൻഡ് പവർ പ്രൊഡക്‌ട്‌സ് ഇലക്‌ട്രിഫിക്കേഷൻ ബിസിനസ് യൂനിറ്റ് മേധാവി ഡെയ്‌കി മിഹാര ജപ്പാനിൽ ഒരു മാധ്യമങ്ങളോട് പറഞ്ഞു. കർണാടകയിലാണ് പ്ലാന്റ് നിർമിക്കാനുള്ള സാധ്യത.
ബംഗളൂരുവിലെ നരസാപുരയിൽ നിലവിലുള്ള ഇരുചക്രവാഹന ഫാക്ടറിക്ക് പുറമെയായിരിക്കും ഇത്. വർധിച്ചുവരുന്ന ആഭ്യന്തര ഡിമാൻഡ് മുന്നിൽ കണ്ടാണ് നീക്കം. ഹോണ്ട ഇത് ഒരു കയറ്റുമതി കേന്ദ്രമായി ഉപയോഗിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
"100 സിസി ബൈക്കുകളുമായി താരതമ്യപ്പെടുത്താവുന്ന നാല് കിലോവാട്ട് ബാറ്ററിയുള്ള ഒരു കമ്മ്യൂട്ടർ ബൈക്കിൽ നിന്നാണ് ഞങ്ങൾ ആരംഭിക്കുന്നത്. അവ കയറ്റുമതി ചെയ്യുന്നതും ഒരു ഓപ്ഷനാണ്. ഇടത്തരം ബൈക്കുകൾക്ക് സമാനമായ ഇലക്‌ട്രിക് ബൈക്കുകൾ അവിടെ ഉൽപ്പാദിപ്പിക്കാം," മിഹാര പറഞ്ഞു.
കൂടാതെ, മോട്ടോർസൈക്കിളിന്റെ സ്വഭാവ സവിശേഷതകൾക്ക് അനുസൃതമായി സ്‌പെസിഫിക്കേഷനുകൾ വികസിപ്പിക്കുന്നതിനും സ്ഥിരമായ സംഭരണം ഉറപ്പാക്കുന്നതിനും ബാറ്ററി നിർമാതാക്കളുമായി ഹോണ്ട യോജിച്ച് പ്രവർത്തിക്കും.
കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാൻ ബാറ്ററികളുടെ ദ്വിതീയ ഉപയോഗവും ഇത് പ്രോത്സാഹിപ്പിക്കുന്നുവെന്ന് മിഹാര അറിയിച്ചു.
ഇലക്‌ട്രിക് വാഹന വിപണിയിൽ ഇറങ്ങാൻ വൈകിയെങ്കിലും ഇന്ത്യയിലെ ഒന്നാം നമ്പർ ഇലക്ട്രിക് മോട്ടോർസൈക്കിൾ നിർമാതാക്കൾ എന്നൊരു മോഹവും ഹോണ്ട മറച്ചുവെക്കുന്നില്ല.
2030 ഓടെ ആഗോളതലത്തിൽ 30 ഇലക്ട്രിക് ഇരുചക്രവാഹന മോഡലുകൾ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. വാർഷിക വിൽപന നാല് ലക്ഷം യൂനിറ്റാണ് ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ നവംബറിൽ ഇന്ത്യയ്‌ക്കായി മാത്രം രൂപകൽപ്പന ചെയ്‌ത രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകൾ അവതരിപ്പിച്ചിരുന്നു. രണ്ട് പോർട്ടബിൾ ബാറ്ററികളാൽ പ്രവർത്തിക്കുന്ന ആക്ടിവ ഇ, സ്റ്റേഷനുകളിൽ സ്വാപ്പ് ചെയ്യാവുന്നതും ഫിക്സഡ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ക്യുസി 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

