ആദ്യ ഇലക്ട്രിക് ബൈക്കുമായി വിപണിയിൽ കത്തിക്കയറാൻ ഹോണ്ട
text_fieldsമുംബൈ: ജാപ്പനീസ് ഇരുചക്ര വാഹനനിർമ്മാതാക്കളായ ഹോണ്ട അവരുടെ ആദ്യ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി. ചൈനയുടെ പങ്കാളിത്തത്തോടെയാണ് പുതിയ ഹോണ്ട ഇ-വി.ഒ വിപണിയിലെത്തിയത്. കഫേ റേസർ ശൈലിയിലാണ് വാഹനത്തിന്റെ നിർമ്മാണം. കൂടെ ആധുനിക പാക്കേജിന് റെട്രോ ടച്ചും ഹോണ്ട നൽകിയിട്ടുണ്ട്. ഇ-വി.ഒ ചൈനയിൽ വുയാങ്-ഹോണ്ട എന്ന ബ്രാൻഡിന് കിഴീലാണ് വിൽപ്പന നടത്തുന്നതെന്ന് കമ്പനി അറിയിച്ചു.
പുതിയ ഹോണ്ടയുടെ ഇ.വി ബൈക്കിന്റെ ഡിസൈനിങ് ഏറെ സവിശേഷതകൾ നിറഞ്ഞതാണ്. മുൻവശത്തെ ഹെഡ്‍ലൈറ്റ് ബബിൾ റൗണ്ട് ഷേപ്പിലാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ ഇ-വി.ഒയിൽ ഒരു സിംഗിൾ സീറ്റും സെറ്റ് ചെയ്തിട്ടുണ്ട്. അതേസമയം ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, ബാർ എൻഡ് മിററുകൾ പോലുള്ള ഹാർഡ്‌വെയർ ശൈലിയും വാഹനം കൂടുതൽ മനോഹരമാക്കും. 16 ഇഞ്ച് ഫ്രണ്ട് ടയറും 14 ഇഞ്ച് റിയർ ടയറിലുമായി അലോയ്‌വീലുകളോടെയാണ് ഇ.വി ബൈക്ക് വിപണിയിലെത്തുന്നത്.
15.3 kW പി.എം.എസ് ഇലക്ട്രിക് മോട്ടോറാണ് ഇ-വി.ഓക്ക് കരുത്തേകുന്നത്. ഈ മോട്ടോർ 20.5 ബി.എച്ച്.പി കരുത്ത് നൽകും. ബാറ്ററിയെ പൊതിഞ്ഞുള്ള ഒരു അലൂമിനിയം ചാസിസ് ബോഡിയാണ് വാഹനത്തിനുള്ളത്. രണ്ട് ബാറ്ററി വകഭേദങ്ങളിലായാണ് ബൈക്കെത്തുന്നത്. 4.1 kWh ബാറ്ററി ഒറ്റ ചാർജിൽ 120 കിലോമീറ്റർ വരെ സഞ്ചരിക്കും. രണ്ടാമത്തെ ബാറ്ററി പാക്കായ 6.3 kWh 170 കിലോമീറ്റർ വരെ സഞ്ചരിക്കുമെന്നും ഹോണ്ട അവകാശപ്പെടുന്നു. ഇലക്ട്രിക് ബൈക്കിന് 143 കിലോഗ്രാം ഭാരമുണ്ട്. 4.1 kWh ഡ്യൂവൽ ബാറ്ററി മുഴുവനായി ചാർജ് ചെയ്യാൻ 1.5 മണിക്കൂറും 6.3 kWh ട്രിപ്പിൾ ബാറ്ററി ചാർജ് ചെയ്യാൻ 2.5 മണിക്കൂറും സമയമെടുക്കും.
പുതിയ ഇ-ഒ.വിയുടെ മറ്റൊരു പ്രത്യേകതയാണ് ഡാഷ്‌ബോർഡിലെ സ്റ്റാൻഡേർഡ് ആയിട്ടുള്ള കാമറ. കൂടാതെ ടി.എഫ്.ടി ഇൻസ്ട്രുമെന്റ് കൺസോളിൽ നാവിഗേഷൻ, മ്യൂസിക് കണ്ട്രോൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം എന്നിവ കണ്ട്രോൾ ചെയ്യാം. ഇ-വി.ഓക്ക് മൂന്ന് റൈഡിങ് ഓപ്ഷനുകളുമുണ്ട്. ചൈനയിൽ അവതരിപ്പിച്ച ഹോണ്ട ഇ-ഒ.വി 37,000 യുവാൻ (ഏകദേശം 4.39 ലക്ഷം ഇന്ത്യൻ രൂപ) ആണ് എക്സ് ഷോറൂം വില. ഇന്ത്യയിൽ ഈ ഇലക്ട്രിക് ബൈക്ക് വിപണിയിലെത്തുകയാണെങ്കിൽ വിലയിൽ മാറ്റം വരുമെന്നും ഹോണ്ട പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

