ആക്ടീവ ഇലക്ട്രിക്കിന്റെ വില പ്രഖ്യാപിച്ച് ഹോണ്ട; അടിസ്ഥാന വേരിയന്റിന് 1.17 ലക്ഷം രൂപ
text_fieldsന്യൂഡൽഹി: ഇന്ത്യൻ സ്കൂട്ടർ വിപണിയിലെ രാജാവായ ഹോണ്ട ആക്ടീവയുടെ ഇലക്ട്രിക് പതിപ്പ് ഔദ്യോഗികമായി പുറത്തിറക്കി. കഴിഞ്ഞ വർഷം അവസാനം ഹോണ്ട മോട്ടോർസൈക്കിൾ 'ആക്ടീവ് ഇ' പ്രദർശിപ്പിച്ചിരുന്നെങ്കിലും ഇപ്പോൾ ഡൽഹിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിലാണ് വില പ്രഖ്യാപിച്ച് ഔദ്യോഗിക അവതരണം നടത്തിയത്.
അടിസ്ഥാന വേരിയന്റിന് 1.17 ലക്ഷം രൂപയും ഉയർന്ന റോഡ്‌സിങ്ക് ഡ്യുവോ വേരിയൻ്റിന് 1.52 ലക്ഷം രൂപയുമാണ് വില. നേരത്തെ ബുക്കിങ് തുടങ്ങിയ സ്കൂട്ടറിന്റെ ആദ്യഘട്ട ഡെലിവറി ബംഗളൂരുവിലും ഡൽഹിയിലും മുംബൈയിലും മാത്രമായിരിക്കും.
സീറ്റിനടിയിൽ സെറ്റ് ചെയ്ത സ്വാപ്പ് ചെയ്യാവുന്ന ഒരു ജോടി 1.5 കിലോവാട്ട് ബാറ്ററികളാണുള്ളത്. ഇത് സ്റ്റോറേജ് സ്പേസ് പരിമിതപ്പെടുത്തുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഹോണ്ടയുടെ പവർ പാക്ക് എക്‌സ്‌ചേഞ്ചർ ഇ: സ്വാപ്പിംഗ് സ്റ്റേഷനുകൾ വഴിയാണ് ചാർജ് ചെയ്യുന്നത്.
7.3 സെക്കൻഡിനുള്ളിൽ 0-60 കി.മീ വേഗത കൈവരിക്കാനാകുന്ന സ്കൂട്ടറിന് 102 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. 2026-ഓടെ ബംഗളൂരുവിൽ 250-ലധികം സ്റ്റേഷനുകൾ ആസൂത്രണം ചെയ്യുന്നതിലൂടെ ബാറ്ററി സ്വാപ്പിംഗ് ഇൻഫ്രാസ്ട്രക്ചർ വിപുലീകരിക്കാൻ ഹോണ്ട പദ്ധതിയിടുന്നു. ഉപഭോക്താക്കൾക്ക് ഓരോ സ്വാപ്പിനും പണം നൽകാനോ ബാറ്ററി-ആസ്-എ-സർവീസ് സബ്‌സ്‌ക്രിപ്‌ഷൻ ഉപയോഗിക്കാനോ അവസരമുണ്ട്.
പുതിയ രൂപവും ഡിസൈനുമാണ് ഹോണ്ട ആക്ടിവ ഇലക്ട്രിക്ക് നൽകിയിരിക്കുന്നത്. പെട്രോൾ മോഡൽ ആക്ടീവയുടെ ബോഡിയും ഫ്രെയിമും അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും, അതിന്റെ രൂപം തികച്ചും വ്യത്യസ്തമാണ്.
ഏഴ് ഇഞ്ച് ടിഎഫ്ടി ആന്‍ഡ്രോയിഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, നാവിഗേഷന്‍, ഹോണ്ട റോഡ് സിങ്ക് ഡുവോ എന്ന കണക്റ്റഡ് ടെക്നോളജി, റിവേഴ്‌സ് മോഡ്, ഇക്കോണ്‍, സ്റ്റാന്‍ഡേര്‍ഡ്, സ്‌പോര്‍ട്ട് എന്നീ മൂന്ന് റൈഡിങ് മോഡുകള്‍, സ്മാര്‍ട് കീ, സ്മാര്‍ട് ട്രാക്കിങ്, സ്മാര്‍ട് സ്റ്റാര്‍ട്ട്, സ്മാര്‍ട്ട് അണ്‍ലോക്ക്, കോള്‍ ആന്‍ഡ് മ്യൂസിക് കണ്‍ട്രോള്‍, എല്‍ഇഡി ഹെഡ്ലാമ്പും ഇന്‍ഡിക്കേറ്റേഴ്‌സും, മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്‍ഭാഗത്ത് ത്രീ സ്റ്റെപ് അഡ്ജസ്റ്റു ചെയ്യാവുന്ന സ്പ്രിങ് ലോഡഡ് ഹൈഡ്രോളിക് സസ്‌പെന്‍ഷനും, മുന്നില്‍ 160 എംഎം ഡിസ്‌കും പിന്നില്‍ 130 എംഎം ഡ്രം ബ്രേക്കും, 12 ഇഞ്ചിന്റെ ട്യൂബ്‌ലെസ് ടയറുകള്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയാണ് ‘ആക്ടീവ ഇ'യുടെ മറ്റ് സവിശേഷതകൾ.
ബജാജ് ചേതക്, ടി.വി.എസ് ഐക്യൂബ്, ഏഥർ 450 എക്സ് എന്നിവരായിരിക്കും ആക്ടീവ് ഇയുടെ പ്രധാന എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

