ഏഥർ കൊണാർക്കിനും ടിവിഎസ് ഐക്യൂബിനും വെല്ലുവിളി! ഹോണ്ടയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടർ 'QC3' വിപണിയിൽ
text_fieldsഹോണ്ട ക്യുസി3
ഇന്ത്യൻ ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ ചുവടുറപ്പിക്കാൻ പുതിയ ഫാമിലി സ്കൂട്ടറുമായി ഹോണ്ട (Honda). തങ്ങളുടെ മൂന്നാമത്തെ ഇലക്ട്രിക് സ്‌കൂട്ടറായ ഹോണ്ട ക്യുസി3 (Honda QC3) കമ്പനി ഔദ്യോഗികമായി വിപണിയിൽ പുറത്തിറക്കി. 1.35 ലക്ഷം രൂപയാണ് ഡൽഹിയിലെ എക്സ്-ഷോറൂം വില. രാജ്യത്ത് ഇതിനകം അവതരിപ്പിച്ച QC1, ആക്ടീവ ഇ: (Activa e:) എന്നിവക്ക് ശേഷം എത്തുന്ന ഹോണ്ടയുടെ ഏറ്റവും പുതിയ ഇവി മോഡലാണിത്.
3kWh ശേഷിയുള്ള ഫിക്സഡ് ലിഥിയം അയൺ ബാറ്ററിയിൽ എത്തുന്ന സ്കൂട്ടറിന് ഒറ്റചാർജിൽ ഐ.ഡി.സി 145 കിലോമീറ്റർ മൈലേജ് കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. കൂടാതെ, 0 മുതൽ 80% വരെ ചാർജ് ചെയ്യാൻ 2 മണിക്കൂർ 40 മിനിറ്റും, പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം 4 മണിക്കൂറും മതി. മികച്ച ഫാമിലി യൂസേഴ്സിനായി 32 ലിറ്ററിന്റെ വിശാലമായ അണ്ടർ സീറ്റ് സ്റ്റോറേജും ഹബ്ബ്-മൗണ്ടഡ് മോട്ടോറും മുൻഭാഗത്ത് ഡിസ്‌ക് ബ്രേക്കും നൽകിയിട്ടുണ്ട്.
ഹോണ്ടയുടെ മുൻകാല ഇലക്ട്രിക് മോഡലുകളായ QC1, ആക്ടീവ ഇ: എന്നിവയുടെ വിലയും ഫീച്ചറുകളും ഉപയോക്താക്കളെ പൂർണ്ണമായി തൃപ്തിപ്പെടുത്തിയിരുന്നില്ല. QC1-ന്റെ ചെറിയ 1.5kWh ബാറ്ററിയും, ആക്ടീവ ഇ:-യുടെ ചെറിയ റേഞ്ചും (102 കി.മീ) മറികടന്നാണ് ഹോണ്ട പുതിയ QC3 അവതരിപ്പിച്ചിരിക്കുന്നത്.
സ്മാർട്ട് ഫീച്ചറുകൾ
ഹോണ്ട റോഡ്‌സിങ്ക് (Honda Roadsync) കണക്റ്റിവിറ്റിയോട് കൂടിയ 5 ഇഞ്ച് ടിഎഫ്‌ടി (TFT) ഡിസ്‌പ്ലേ, ടേൺ-ബൈ-ടേൺ നാവിഗേഷൻ (Turn-by-turn navigation), സ്മാർട്ട് കീ സാങ്കേതികവിദ്യ (Smart Key) എന്നിവ ഇവി സ്കൂട്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, മാറ്റ് ഫോട്ടോൺ ഗ്രേ മെറ്റാലിക് (Matt Photon Gray Metallic), പേൾ പ്രഷ്യസ് വൈറ്റ് (Pearl Precious White), പേൾ ഷാലോ ബ്ലൂ (Pearl Shallow Blue), പേൾ സിറൻ ബ്ലൂ (Pearl Siren Blue) എന്നിങ്ങനെ നാല് ആകർഷകമായ നിറങ്ങളിൽ ഉപയോക്താക്കൾക്ക് സ്കൂട്ടർ സ്വന്തമാക്കാം.
പ്രാരംഭ ഘട്ടത്തിൽ ഡൽഹി, ആഗ്ര, കട്ടക്ക്, സൂറത്ത്, കൊല്ലം (കേരളം) എന്നിങ്ങനെ അഞ്ച് തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ മാത്രമാണ് ഇവി സ്കൂട്ടറിന്റെ വിൽപ്പന. ഈ നഗരങ്ങളിലുള്ളവർക്ക് ഹോണ്ടയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അല്ലെങ്കിൽ അടുത്തുള്ള 'റെഡ്‌വിങ്' (RedWing) ഡീലർഷിപ്പുകൾ വഴിയോ 5,000 രൂപ നൽകി സ്‌കൂട്ടർ ബുക്ക് ചെയ്യാവുന്നതാണ്. ഘട്ടം ഘട്ടമായി ഡെലിവറി ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം.
വിപണിയിൽ പ്രമുഖ എതിരാളികളായ ടിവിഎസ് ഐക്യൂബ് 3.1kWh (₹1.30 ലക്ഷം), ബജാജ് ചേതക് C3502 (₹1.44 ലക്ഷം), വിഡ VX2 പ്ലസ് 3.1 (₹1.03 ലക്ഷം), ഏഥർ കൊണാർക് എസ് 161 (₹1.45 ലക്ഷം) തുടങ്ങിയ മോഡലുകൾക്ക് കടുത്ത മത്സരമാണ് ഹോണ്ട QC3 സമ്മാനിക്കുന്നത്. ഈ വർഷം ജൂലൈയിൽ ഹോണ്ട പ്രഖ്യാപിച്ച 10 പുതിയ മോഡലുകളിൽ ഏഴെണ്ണത്തിന്റെ വില വിവരങ്ങൾ ഇതിനോടകം ലഭ്യമായിക്കഴിഞ്ഞു. ഇനി XR300L, XR300 റാലി, ഇരട്ട സിലിണ്ടർ റെബൽ 500 എന്നീ മോഡലുകളുടെ ലോഞ്ചുകളാണ് പുറത്തുവരാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

