ഹോണ്ട എലവേറ്റ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ പുറത്തിറക്കി; പ്രാരംഭ വില 11.80 ലക്ഷം രൂപ
text_fieldsപ്രമുഖ വാഹന നിർമാതാക്കളായ ഹോണ്ട, തങ്ങളുടെ ജനപ്രിയ മിഡ്-സൈസ് എസ്‌യുവിയായ 'എലവേറ്റിന്റെ' ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി പുറത്തിറക്കി. 11.80 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ കിയ സെൽത്തോസ്, മാരുതി സുസൂക്കി ഗ്രാൻഡ് വിറ്റാര, മാരുതി സുസൂക്കി വിക്ടോറിസ്, ഹ്യുണ്ടായ് ക്രെറ്റ തുടങ്ങിയ പ്രമുഖ മോഡലുകളോടാണ് പുതുക്കിയ എലവേറ്റ് കൊമ്പുകോർക്കുന്നത്. ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുന്നതിനായി ഡിസൈനിലും ഫീച്ചറുകളിലും മികച്ച മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് വിപണിയിൽ എത്തിയിരിക്കുന്നത്.
ആകർഷകമായ ഡിസൈനും കളർ ഓപ്ഷനുകളും
മുൻ മോഡലിന്റെ ബോഡി ഘടന നിലനിർത്തിക്കൊണ്ടുതന്നെ കൂടുതൽ പ്രീമിയം ലുക്ക് നൽകുന്ന ഡിസൈൻ മാറ്റങ്ങളാണ് ഫെയ്‌സ്‌ലിഫ്റ്റിൽ വരുത്തിയിട്ടുള്ളത്. മുൻവശത്തായി ഹെഡ്‌ലാമ്പുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ എൽഇഡി സ്ട്രിപ്പുകളും ഹണി കോംബ് പാറ്റേണിലുള്ള മുൻ ഗ്രില്ലും വാഹനത്തിന് വേറിട്ട ഭംഗി നൽകുന്നു. വാഹന വ്യവസായത്തിലെ പുതിയ ട്രെൻഡിന് അനുയോജ്യമായി കണക്റ്റഡ് എൽഇഡി ടെയിൽ ലൈറ്റുകളാണ് പിന്നിൽ നൽകിയിരിക്കുന്നത്. നോർഡിക് ഫോറസ്റ്റ് പേൾ, റേഡിയന്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, ക്രിസ്റ്റൽ ബ്ലാക്ക് പേൾ, ഒബ്‌സിഡിയൻ ബ്ലൂ പേൾ, മെറ്റിയോറോയിഡ് ഗ്രേ മെറ്റാലിക്, ലൂണാർ സിൽവർ മെറ്റാലിക് എന്നീ ഏഴ് മനോഹരമായ കളർ ഓപ്ഷനുകളിൽ വാഹനം ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.
മികച്ച ഫീച്ചറുകളും സുരക്ഷാ സൗകര്യങ്ങളും
യാത്രക്കാർക്ക് കൂടുതൽ കംഫർട്ടും സുരക്ഷയും ഉറപ്പാക്കുന്ന വിപുലമായ സവിശേഷതകൾ പുതിയ എലവേറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്. ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, 8-വേ ഡ്രൈവർ പവർ സീറ്റ്, റിയർ വെന്റിലേറ്റഡ് സീറ്റുകൾ, 360-ഡിഗ്രി കാമറ, ഇലക്ട്രിക് സൺറൂഫ്, ലെയ്ൻ വാച്ച് കാമറ, 6-സ്പീക്കർ സൗണ്ട് സിസ്റ്റം എന്നീ ഫീച്ചറുകൾ പുതിയ മോഡലിൽ ലഭിക്കുന്നു. കൂടാതെ സുരക്ഷാ വർധിപ്പിച്ചുകൊണ്ട് 6 എയർബാഗുകൾ, ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS), ഇലക്ട്രിക് പാർക്കിങ് ബ്രേക്ക്, സിവിടി (CVT) വേരിയന്റുകളിൽ റിയർ ഡിസ്‌ക് ബ്രേക്കുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. SV, V, VX, ZX എന്നിവക്ക് പുറമെ പുതിയ ZX+ വകഭേദങ്ങളിലായി വാഹനം ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.
എഞ്ചിനും പെർഫോമൻസും
വാഹനത്തിന്റെ പ്രകടനത്തിൽ മാറ്റങ്ങളൊന്നും ഹോണ്ട വരുത്തിയിട്ടില്ല. പഴയ മോഡലുകളിൽ ലഭ്യമായിട്ടുള്ള 1.5-ലിറ്റർ i-VTEC പെട്രോൾ എഞ്ചിൻ 119 പിഎസ് പവറും 145 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് (MT), സിവിടി ഓട്ടോമാറ്റിക് (CVT) ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

