ആറുമാസം കൊണ്ട് ഒരു ലക്ഷം യൂനിറ്റുകളുടെ വിൽപ്പന; രണ്ട് ലക്ഷം യൂനിറ്റുകൾ നിരത്തുകളിൽ എത്തിച്ച സന്തോഷത്തിൽ ഏഥർ 'റിസ്ത'
text_fieldsഏഥർ റിസ്ത
ബംഗളൂരു: പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഏഥർ എനർജിയുടെ (Ather Energy) 'ഫാമിലി' സ്കൂട്ടറായ റിസ്തയുടെ വിൽപ്പന 2 ലക്ഷം യൂനിറ്റ് പിന്നിട്ടു. 2025 മേയ് മാസത്തിൽ ഒരു ലക്ഷം യൂനിറ്റ് വിൽപ്പന എന്ന നേട്ടം കൈവരിച്ച റിസ്ത, വെറും ആറ് മാസത്തിനുള്ളിലാണ് അടുത്ത ഒരു ലക്ഷം യൂനിറ്റുകൾ വിൽപ്പന നടത്തിയത്.
2024 ഏപ്രിൽ മാസത്തിൽ വിപണിയിൽ എത്തിയതുമുതൽ, ഏഥറിന് ദക്ഷിണേന്ത്യയിലെ സ്വാധീനത്തിനപ്പുറം മറ്റ് വിപണികളിലേക്കും എത്താൻ റിസ്ത സഹായിച്ചു. ടെറാക്കോട്ട റെഡ് (Terracotta Red) പോലുള്ള പുതിയ നിറങ്ങളും, 3.7 kWh ബാറ്ററി ശേഷിയുള്ള റിസ്ത എസ് (Rizta S) വേരിയന്റും വിൽപ്പനക്ക് കാര്യമായി സംഭാവന നൽകിയിട്ടുണ്ട്. നിലവിൽ ഏഥറിന്റെ മൊത്തം വിൽപ്പനയുടെ 70 ശതമാനത്തിലധികം റിസ്തയിൽ നിന്നാണ്.
മധ്യ ഇന്ത്യൻ വിപണികളിൽ വൻ മുന്നേറ്റമാണ് റിസ്ത ഉണ്ടാക്കിയത്. 2026 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 7 ശതമാനം ഉണ്ടായിരുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ ഏഥറിന്റെ വിപണി വിഹിതം മൂന്നാം പാദത്തോടെ (നവംബർ 25 വരെ) 14 ശതമാനമായി വർധിച്ചു. പഞ്ചാബിൽ 8 ശതമാനത്തിൽ നിന്ന് 15 ശതമാനമായും, ഉത്തർപ്രദേശിൽ 4 ശതമാനത്തിൽ നിന്ന് 10 ശതമാനമായും വിപണി വിഹിതം ഉയർന്നു. റിസ്തയുടെ സ്വീകാര്യത ഏഥറിന്റെ മൊത്തത്തിലുള്ള വിൽപ്പനക്കും രാജ്യമെമ്പാടുമുള്ള റീട്ടെയിൽ ശൃംഖല വിപുലീകരിക്കുന്നതിനും നിർണ്ണായകമായി.
അടുത്തിടെ, ഏഥർ രാജ്യത്തുടനീളമായി അഞ്ച് ലക്ഷത്തിലധികം ഇലക്ട്രിക് സ്കൂട്ടറുകൾ വിൽപ്പന നടത്തിയിട്ടുണ്ട്. 2025 സെപ്റ്റംബർ 30 വരെ, ഏഥറിന് രാജ്യത്തുടനീളം 524 എക്സ്പീരിയൻസ് സെന്ററുകളും തുറക്കാൻ സാധിച്ചിട്ടുണ്ട്. റിസ്ത തുടക്കം മുതൽ തന്നെ മുന്നേറ്റത്തിലായിരുന്നു. ഇത് ഞങ്ങളുടെ വിപണി സാധ്യത വർധിപ്പിക്കുകയും പ്രത്യേകിച്ച് മധ്യ-ഉത്തര ഇന്ത്യയിൽ വിതരണം വിപുലീകരിക്കാൻ കമ്പനിയെ പ്രാപ്തരാക്കുകയും ചെയ്തുവെന്ന് ഏഥർ എനർജി സി.ഇ.ഒ തരുൺ മെഹ്ത പറഞ്ഞു.
ഏഥർ റിസ്തയുടെ റിസ്ത എസ്, റിസ്ത ഇസഡ് (Rizta S and Rizta Z) എന്നീ രണ്ട് മോഡലുകൾ വിപണിയിൽ ലഭ്യമാണ്. ആദ്യ മോഡലിന് 123 കിലോമീറ്ററും രണ്ടാമത്തെ മോഡലിന് 159 കിലോമീറ്ററും ഐ.ഡി.സി റേഞ്ച് വാഗ്‌ദാനം ചെയ്യുന്നുണ്ട്. സെഗ്‌മെന്റിലെ തന്നെ വലിയ സീറ്റ്, 56 ലിറ്റർ സ്റ്റോറേജ് കപ്പാസിറ്റി (34 ലിറ്റർ അണ്ടർ-സീറ്റ് + ഓപ്ഷണൽ 22 ലിറ്റർ ഫ്രങ്ക് ആക്സസറി), കൂടുതൽ ലെഗ് സ്‌പേസുള്ള ഫ്ലോർബോർഡ് എന്നിവ റിസ്‌തയുടെ പ്രത്യേകതകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

