കട്ടപ്പുറത്തായ സർക്കാർ വാഹനങ്ങൾ ഇനി നേരിട്ട് വിൽക്കാം
text_fieldsകൽപറ്റ: ഉപയോഗശൂന്യമായ വാഹനങ്ങളും ആക്രിസാധനങ്ങളുമടക്കം ഇനി അതത് സർക്കാർ ഓഫിസുകൾക്ക് സ്വന്തമായി വിൽക്കാം. ലേലം നടത്തിയിട്ടും വിറ്റുപോകാത്ത ഇത്തരം വസ്തുക്കൾ വിൽക്കാൻ ഇനി സർക്കാർ അനുമതി ആവശ്യമില്ല. സർക്കാർ സ്ഥാപനങ്ങളിലെ ആക്രി സാധനങ്ങൾ ഓൺലൈൻ ലേലം നടത്തിയിട്ടും വിറ്റുപോകാത്ത അവസ്ഥയുണ്ട്. കേരളത്തിൽ ഇതുവരെ അംഗീകൃത വാഹനപൊളിക്കൽ കേന്ദ്രങ്ങള്‍ (ആർ.വി.എസ്.എഫ്) ഇല്ലാത്തതിനാൽ ഇത്തരം വാഹനങ്ങളടക്കം തുരുമ്പെടുത്ത് നശിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആക്രി സാധനങ്ങൾ സർക്കാർ സ്ഥാപനങ്ങൾക്ക് നേരിട്ട് വിൽപന നടത്താൻ അനുമതി നൽകി ധനകാര്യവകുപ്പിന്റെ ഉത്തരവ്.
ഓൺലൈനിൽ വിൽപന നടക്കാതെ വന്നാൽ
വിവിധ സർക്കാർ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവയിലുള്ള ഇത്തരം വസ്തുക്കൾ നിലവിൽ ഇ ലേലത്തിലൂടെ മാത്രമേ വിൽക്കാൻ പാടുള്ളൂ. എം.എസ്.ടി.സി ലിമിറ്റഡ്, ഗവ. ഇ-മാര്‍ക്കറ്റ് പ്ലേയ്സ് (ജെം), എൻ.ഐ.സി എന്നിവയിൽ ഏതെങ്കിലുമൊരു ഓൺലൈൻ ലേല പ്ലാറ്റ്ഫാമുകൾ വഴിയാണിത്. എന്നാൽ പല സാധനങ്ങളും വിറ്റുപോകുന്നില്ല. ഇതോടെ വീണ്ടും സർക്കാർ അനുമതി തേടി വേണം വിൽപന നടത്താൻ. ഇത് ഏറെ കാലതാമസത്തിന് ഇടവരുത്തുന്നതിനാൽ സാധനങ്ങൾ ഓഫിസ് വളപ്പുകളിൽ കെട്ടിക്കിടന്ന് നശിക്കുകയാണ്. ഇതോടെയാണ് അതത് സ്ഥാപനങ്ങൾക്ക് ഇത്തരം സാധനങ്ങൾ ലേബർഫെഡ് (കേരള സ്റ്റേറ്റ് കോഓപറേറ്റീവ് ഫെഡറേഷൻ) വഴി നേരിട്ട് വിൽപന നടത്താൻ അനുമതി നൽകിയത്. ഒരു തവണ ലേലം നടത്തിയിട്ടും വിൽക്കാൻ കഴിയാത്ത സാധനങ്ങളുടെ പട്ടിക സ്ഥാപനങ്ങൾ ധനകാര്യ വകുപ്പിനെ അതേ ദിവസം തന്നെ അറിയിക്കണം. തുടർന്ന് സർക്കാർ നിശ്ചയിച്ച വിലയിൽ ഈ വസ്തുക്കൾ ലേബർ ഫെഡ് സംഭരിച്ച് വിൽക്കും. മറ്റ് സ്ഥാപനങ്ങൾക്കും ഈ നടപടി പ്രകാരം ആക്രി സാധനങ്ങൾ വിൽപന നടത്താനുള്ള എംപാനൽ ഏജൻസിയായി ചേരാം.
- ഇന്ത്യയിൽ കട്ടപ്പുറത്ത് 97 ലക്ഷം വാഹനങ്ങൾ
- ഇവ പൊളിക്കുന്നതിലൂടെ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും 40,000 കോടി രൂപ വരെ നേടാം
- ഇതിലൂടെ 70 ലക്ഷം തൊഴിലവസരങ്ങൾ
- 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്രതീരുമാനത്തോടെ കേരളത്തിൽ 4500 സര്‍ക്കാര്‍ വാഹനങ്ങളുടെയും 1115 കെ.എസ്.ആർ.ടി.സി ബസുകളുടെയും രജിസ്ട്രേഷന് റദ്ദായിരുന്നു.
- എന്നാൽ, ഇത്തരം വാഹനങ്ങളുടെ ഉപയോഗകാലാവധി 20 വര്‍ഷമായി ഉയര്‍ത്താൻ സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

