ഗൂഗ്ൾ മാപ്പാവാം മാറാപ്പാവരുത്
text_fieldsഗൂഗ്ള്‍ മാപ്പ് ഉപയോഗിച്ചുള്ള യാത്രയിൽ, പ്രത്യേകിച്ച് മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങളുണ്ട്. വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്ന അവസരങ്ങളില്‍ പലപ്പോഴും റോഡ് ഗതാഗതം വഴിതിരിച്ചുവിടാറുണ്ട്. ഇത് ഗൂഗ്ള്‍ മാപ്പ് പറഞ്ഞുതന്നെന്നു വരില്ല. മണ്‍സൂണ്‍ കാലങ്ങളില്‍, ട്രാഫിക് കുറവുള്ള റോഡുകളെ ഗൂഗ്ള്‍ മാപ്പ് അല്‍ഗോരിതം എളുപ്പം എത്തുന്ന വഴിയായി നമ്മളെ നയിക്കാറുണ്ട്. എന്നാല്‍ തിരക്ക് കുറവുള്ള റോഡുകള്‍ സുരക്ഷിതമായിക്കൊള്ളണമെന്നില്ല.
തോടുകള്‍ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലൂടെയും വീതി കുറഞ്ഞതും സുഗമ സഞ്ചാരം സാധ്യമല്ലാത്തതുമായ അപകടങ്ങള്‍ നിറഞ്ഞ റോഡുകളിലൂടെയും ഗൂഗിള്‍ മാപ്പ് നമ്മെ നയിച്ചേക്കാം. അപകടസാധ്യത കൂടിയ മഴക്കാലത്തും രാത്രികാലങ്ങളിലും തീര്‍ത്തും അപരിചിതവും വിജനവുമായ റോഡുകള്‍ ഒഴിവാക്കുന്നതാണ് സുരക്ഷിതം. രാത്രികാലങ്ങളില്‍ ജി.പിഎസ് സിഗ്നല്‍ നഷ്ടപ്പെട്ട് ചിലപ്പോള്‍ വഴി തെറ്റാനിടയുണ്ട്. സിഗ്നല്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ള റൂട്ടുകളില്‍ നേരത്തേ തന്നെ റൂട്ട് സേവ് ചെയ്യാം. ചില പുതിയ റോഡുകൾ, പാലങ്ങൾ, അണ്ടർപാസുകൾ തുടങ്ങിയവ മാപ്പിൽ അപ്ഡേറ്റ് ആയിട്ടില്ലെങ്കിൽ, പഴയ റൂട്ടാണ് കാണിക്കുക എന്നത് പ്രത്യേകം ഓർമയുണ്ടാകണം.
മാപ്പില്‍ യാത്രാരീതി സെലക്ട് ചെയ്യാന്‍ മറക്കരുത്. നാലുചക്രവാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍, സൈക്കിള്‍, കാല്‍നടയാത്ര എന്നിങ്ങനെയുള്ള ഓപ്ഷനുകളില്‍ ഏതാണെന്നുെവച്ചാല് അത് തെരഞ്ഞെടുക്കുക. ബൈക്ക് പോകുന്ന വഴി ഫോര്‍ വീലര്‍ പോകില്ലല്ലോ. ഈ കാരണം കൊണ്ടുതന്നെ വഴി തെറ്റാം. ഒരു സ്ഥലത്തേക്ക് പോകാന്‍ രണ്ടുവഴികളുണ്ടാകാം. ഈ സന്ദര്‍ഭങ്ങളില്‍ ഇടക്ക് നമുക്ക് അറിയാവുന്ന ഒരു സ്ഥലം ആഡ് സ്റ്റോപ്പ് ആയി നല്കിയാല് വഴി തെറ്റുന്നത് ഒഴിവാക്കാം. വഴി തെറ്റിയാല്‍ ലക്ഷ്യസ്ഥാനത്തേക്കുള്ള മറ്റൊരു വഴിയാകും ഗൂഗിള്‍ മാപ്പ് കാണിച്ചുതരിക. എന്നാല്‍, ഈ വഴി ചിലപ്പോള്‍ ഫോര്‍ വീലര്‍ അല്ലെങ്കില്‍ വലിയ വാഹനങ്ങള്‍ പോകുന്ന വഴി ആകണമെന്നില്ല.
ഗതാഗതതടസ്സം ശ്രദ്ധയില്‍പെട്ടാല്‍ ഗൂഗ്ള്‍ മാപ്പ് ആപ്പിലെ കോണ്ട്രിബ്യൂട്ട് എന്ന ഓപ്ഷന് വഴി റിപ്പോര്‍ട്ട് ചെയ്യാം. ഇവിടെ എഡിറ്റ് മാപ്പ് ഓപ്ഷനില്‍ ആഡ് ഓർ ഫിക്സ് റോഡ് എന്ന ഓപ്ഷന് വഴി പ്രശ്നം റിപ്പോര്‍ട്ട് ചെയ്യാം. ഗൂഗ്ള്‍ മാപ്സ് ഇക്കാര്യം പരിഗണിക്കും. ഇത് പിന്നീട് അതുവഴി വരുന്ന യാത്രക്കാര്‍ക്ക് തുണയാകും. തെറ്റായ സ്ഥലനാമങ്ങളും അടയാളപ്പെടുത്താത്ത മേഖലകളുമൊക്കെ ഈ രീതിയില്‍ ഗൂഗ്ളിനെ അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

