ചൈനീസ് ആധിപത്യം അവസാനിപ്പിക്കാൻ ഫോർഡ്; പുതിയ പദ്ധതിയോടൊപ്പം റെനോ ടെക്നോളജിയും
text_fieldsപ്രതീകാത്മക ചിത്രം
ആഗോളവിപണിയിലെ മികച്ച വാഹനനിർമാതാക്കളായ ചൈനീസ് കമ്പനികളുടെ ആധിപത്യം അവസാനിപ്പിക്കാൻ പുതിയ പദ്ധതികൾക്ക് തുടക്കംകുറിച്ച് അമേരിക്കൻ വാഹനനിർമാതാക്കളായ ഫോർഡ് മോട്ടോർ കമ്പനി. ഫ്രഞ്ച് നിർമാതാക്കളായ റെനോയുമായി കൈകോർത്താണ് യൂറോപ്യൻ വിപണിയിൽ പുതിയ പദ്ധതിക്ക് ഫോർഡ് തുടക്കമിടുന്നത്. ചുരുങ്ങിയ ചെലവിൽ ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ ചെറിയ പാസഞ്ചർ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനാണ് കമ്പനി പ്ലാൻ ചെയ്തിരിക്കുന്നത്. നോർത്തേൺ ഫ്രാൻസിലെ റെനോ നിർമാണ കേന്ദ്രത്തിലാകും ആദ്യമായി ഇത്തരം വാഹനങ്ങൾ നിർമിക്കുക. പദ്ധതിയുടെ അടുത്തഘട്ടത്തിൽ വാണിജ്യ വാഹനങ്ങളും വിപണിയിൽ എത്തിക്കാൻ ഫോർഡ് മോട്ടോർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. 2028ഓടെ യൂറോപ്യൻ വിപണിയിൽ തങ്ങളുടേതായ ഒരു ഇടം കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇരു കമ്പനികളും.
'വാഹനനിർമാണ വ്യവസായത്തിൽ ഞങ്ങൾ ജീവനുവേണ്ടിയുള്ള പോരാട്ടത്തിലാണെന്ന് ഞങ്ങൾക്കറിയാം. അതിനാൽ തന്നെ യൂറോപ്പിൽ ഇതിനേക്കാൾ മികച്ചൊരു അവസരം വേറെയില്ല' എന്ന് ഇരു കമ്പനികളുടെയും പദ്ധതിയിൽ പ്രതികരിച്ച് ഫോർഡ് സി.ഇ.ഒ ജിം ഫാർലി പറഞ്ഞതായി യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യൂറോപ്യൻ വിപണിയിൽ റെനോ, ഫോർഡ് കമ്പനിക്കായി ചെറുതും വിലകുറഞ്ഞതുമായ ഇലക്ട്രിക് കാറുകൾ നിർമിച്ചുനൽകും.
യൂറോപ്യൻ വിപണിയിൽ ബി.വൈ.ഡി, ചങ്ങൻ, എക്സ്പെങ് തുടങ്ങിയ ചൈനീസ് വാഹനനിർമാതാക്കളുടെ വിൽപ്പനയുടെ കുതിപ്പിന് തടയിടാനാണ് ഇരു കമ്പനികളുടെയും ലക്ഷ്യം. യൂറോപ്യൻ വിപണിയിൽ 6.1% ഓഹരിയാണ് 2019വരെ ഫോർഡ് മോട്ടോർ കമ്പനിക്കുണ്ടായിരുന്നത്. 2025ന്റെ ആദ്യ പത്തുമാസത്തിൽ 3.3% എന്ന മികച്ച വിൽപ്പന പാസഞ്ചർ വാഹന മേഖലയിൽ സ്വന്തമാക്കാനും കമ്പനിക്ക് സാധിച്ചു. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായും നിരവധി പുനഃസംഘടനകളുടെ ഭാഗമായും കമ്പനിയിലെ ജോലികൾ വെട്ടിക്കുറക്കുകയും ഈ വർഷം ജർമ്മനിയിലെ സാർലൂയിസ് പ്ലാന്റ് അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട് ഫോർഡ്.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇലക്ട്രിക് വാഹനങ്ങൾക്കുള്ള പിന്തുണ പിൻവലിച്ചതോടെ, അമേരിക്കയിലെ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഫോർഡിന് ജ്വലന എഞ്ചിൻ മോഡലുകളിലും (ഐ.സി.ഇ) വിലകൂടിയ പുതിയ ഇലക്ട്രിക് വാഹന സാങ്കേതികവിദ്യയിലും നിക്ഷേപിക്കുന്നതിനുള്ള ഇരട്ടി ചെലവ് നേരിടേണ്ടി വന്നു. റെനോ ഇലക്ട്രിക് പ്ലാറ്റ്ഫോമിൽ ഫോർഡ് ഡിസൈൻ ചെയ്യുന്ന വാഹനങ്ങൾ യൂറോപ്യൻ വിപണിയിൽ എത്തുന്നതോടെ ഫോർഡ് മോട്ടോർ കമ്പനിയുടെ മുഖച്ഛായ തന്നെ മാറുമെന്നും ജിം ഫാർലി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

