ആദ്യം വെട്ടിക്കുറച്ചത് രണ്ട് ലക്ഷം, ഇപ്പോൾ 91,000 രൂപയുടെ ആനുകൂല്യം; വമ്പൻ ഓഫറുമായി മോട്ടോ മോറിനി
text_fieldsമോട്ടോ മോറിനി സീമെസോ 650
ആഡംബര ഇരുചക്ര വാഹനങ്ങളുടെ നിരയിൽ ഇറ്റാലിയൻ നിർമാതാക്കളായ മോട്ടോ മോറിനി തങ്ങളുടെ ബെസ്റ്റ് സെല്ലിങ് മോട്ടോർസൈക്കിളായ സീമെസോ 650 ബൈക്കിന് വീണ്ടും ആനുകൂല്യം പ്രഖ്യാപിച്ചു. ആദ്യമായല്ല കമ്പനി മോട്ടോർസൈക്കിളിന് ഇത്തരത്തിൽ വലിയ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ സീമെസോ 650 ബൈക്കിന് ഒറ്റയടിക്ക് വെട്ടിക്കുറച്ചത് രണ്ട് ലക്ഷം രൂപയായിരുന്നു. സീമെസോ 650 മോഡലിന്റെ റെട്രോ സ്ട്രീറ്റ്, സ്ക്രാമ്പ്ളർ എന്നീ രണ്ട് വേരിയന്റുകൾക്കാണ് മോട്ടോ മോറിനി പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്.
മോട്ടോ മോറിനിയുടെ സീമെസോ 650 റെട്രോ സ്ട്രീറ്റ് ബൈക്കുകൾക്ക് 6,99 ലക്ഷം രൂപയും സ്ക്രാമ്പ്ളർ ബൈക്കിന് 7,10 ലക്ഷം രൂപയുമായിരുന്നു ഈ വർഷം ആദ്യം എക്സ് ഷോറൂം വില. പിന്നീട് ഫെബ്രുവരിയിൽ രണ്ട് വേരിയന്റിനും രണ്ട് ലക്ഷം രൂപ ഒറ്റയടിക്ക് വെട്ടിക്കുറച്ച് റെട്രോ സ്ട്രീറ്റ് ബൈക്കിന് 4,99 ലക്ഷവും സ്ക്രാമ്പ്ളർ ബൈക്കിന് 5,20 ലക്ഷം രൂപയും എക്സ് ഷോറൂം വില ഏകീകരിച്ചു. ഇപ്പോൾ 91,000 രൂപയുടെ കൂടുതൽ ഇളവുമായാണ് മോട്ടോ മോറിനി വിപണിയിൽ എത്തുന്നത്.
നിലവിൽ 58, 000 രൂപയുടെ ഇളവാണ് മോട്ടോ മോറിനി ഉപഭോക്താക്കൾ നൽകുന്നത്. ഇതിൽ 33,000 രൂപ ജി.എസ്.ടി ഇനത്തിൽ ലഭിക്കുന്ന ആനുകൂല്യമാണ്. ഇത് സെപ്റ്റംബർ 21 വരെ മാത്രമേ പുതിയ ഉപഭോക്താക്കൾക്ക് ലഭിക്കുകയുള്ളു എന്നും മോട്ടോ മോറിനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്. ഏകീകരിച്ച ജി.എസ്.ടി നിരക്കനുസരിച്ച് 350 സി.സിയിൽ കൂടുതൽ എൻജിൻ കപ്പാസിറ്റിയിൽപ്പെടുന്ന സീമെസോ 650 ബൈക്കുകൾക്ക് സെപ്റ്റംബർ 22 മുതൽ ഏകീകരിച്ച ജി.എസ്.ടി നിരക്ക് നൽകേണ്ടി വരുമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. വാഹനം സ്വന്തമാക്കുന്നവർക്ക് ഫെസ്റ്റിവലുകൾ പ്രകാരം ആകർഷകമായ ലോൺ സൗകര്യവും കമ്പനി ഏർപെടുത്തുന്നുണ്ട്.
സീമെസോ 650 മോട്ടോർസൈക്കിളിന്റെ ഇരു മോഡലുകൾക്കും 649 സി.സി പാരലൽ-ട്വിൻ ലിക്വിഡ്-കൂൾഡ് എഞ്ചിനാണുള്ളത്. ഇത് 55.7 എച്ച്.പി കരുത്തും 54 എൻ.എം മാക്സിമം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എഞ്ചിനുകളാണ്. ലോ-എൻഡ്, മിഡ് റേഞ്ച് മോഡലുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള കഴിവ് ഈ എൻജിനുണ്ട്. 6 സ്പീഡ് ഗിയർബോക്‌സിനൊപ്പം സുഖകരമായ റൈഡിങ് അനുഭവം സീമെസോ നൽകുന്നു. ദീർഘദൂര യാത്രകൾക്ക് ഏറെ അനുയോജ്യമാണ് വാഹനം.
ഫുൾ എൽ.ഇ.ഡി ഹെഡ്‍ലൈറ്റ്സ്, ബ്ലൂട്ടൂത്ത് കണക്ടിവിറ്റിയുള്ള 5 ഇഞ്ച് ടി.എഫ്.ടി ഡിസ്പ്ലേ, ഡ്യൂവൽ-ചാനൽ എ.ബി.എസ്, യു.എസ്.ഡി ഫോർക്കുകൾ, മോണോഷോക്ക് സസ്പെൻഷൻ എന്നിവ സീമെസോ 650 മോട്ടോർസൈക്കിളിന്റെ പ്രത്യേകതകളാണ്. കാവസാക്കി Z 650, റോയൽ എൻഫീൽഡിന്റെ ഇന്റർസെപ്റ്റർ 650 ബെയർ 650 എന്നിവയോട് നേരിട്ട് മത്സരിക്കുന്ന മോട്ടോർസൈക്കിളാണ് സീമെസോ 650.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

