‘വിന്‍റേജ് വാഹന’ ഉടമകളുടെ ശ്രദ്ധയ്ക്ക്..!; ഇനി കൊണ്ടുനടക്കുന്നത് അത്ര എളുപ്പമാകില്ല, കൈപൊള്ളും..!
text_fieldsകോട്ടയം: വിന്‍റേജ് വാഹനങ്ങളുടെ സൂക്ഷിപ്പ് ചിലർക്ക് ഹോബിയും മറ്റു ചിലർക്ക് ആത്മബന്ധവുമാണ്; എന്നാൽ, ഇനി ഇത്തരം വാഹനങ്ങൾ നിയമപരമായി സൂക്ഷിക്കണമെങ്കിൽ ‘കൈപൊള്ളും’. 20 വർഷം കഴിഞ്ഞ സ്വകാര്യവാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാനുള്ള ഫീസ് കേന്ദ്രം കുത്തനെ ഇരട്ടിയായി വർധിപ്പിച്ചതാണു കാരണം.
15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതി സംസ്ഥാന സർക്കാർ നേരത്തെ 50 ശതമാനമായി വർധിപ്പിച്ചിരുന്നു. അതൊക്കെ അടച്ച് അറ്റകുറ്റപണികളൊക്കെ തീർത്ത് രജിസ്ട്രേഷന് ഹാജരാക്കാൻ നല്ലൊരു തുക കീശയിൽ നിന്ന് പോകും.
ഇരുപത് വർഷം പൂർത്തിയായ സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസ് കുത്തനെ കൂട്ടിയ കേന്ദ്ര ഉത്തരവ് ആഗസ്റ്റ് 20 നാണ് ഇറങ്ങിയത്. മുമ്പ് 15 വർഷം കഴിഞ്ഞ വാഹനങ്ങൾ ഒറ്റ കാറ്റഗറിയായി പരിഗണിച്ച് ഒരേ ഫീസാണ് ഈടാക്കിയിരുന്നത്. 15 വർഷം കഴിഞ്ഞ മോട്ടോർ സൈക്കിളിന് 1000, ഓട്ടോറിക്ഷക്ക് 2500, കാറിന് 5000 രൂപ നിരക്കിലായിരുന്നു രജിസ്ട്രേഷൻ ഫീസ്.
എന്നാൽ, കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തതിനാൽ കേരളത്തിൽ നടപ്പാക്കിയില്ല. ഇപ്പോഴും പഴയ ഫീസായ മോട്ടോർ സൈക്കിൾ 300, കാർ 600 രൂപ എന്ന നിലയിലാണു കേരളത്തിൽ വാങ്ങിവരുന്നത്. പഴയ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം 20 വർഷം കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് ഇരട്ടിയാക്കിയത്.
പുതിയ ഉത്തരവ് പ്രകാരം മോട്ടോർ സൈക്കിൾ 2000 രൂപ, ഓട്ടോറിക്ഷ 5000 രൂപ, കാർ 10,000 രൂപ, ഇറക്കുമതി ചെയ്ത ഇരുചക്ര, മുചക്ര വാഹനം 20,000, ഇറക്കുമതി ചെയ്ത കാർ 80,000 രൂപ എന്നിങ്ങനെയാണു നിരക്ക്. ഉടൻ പ്രാബല്യത്തിൽ വരുന്ന വിധം ടെസ്റ്റിങ് ഫീസ് നിശ്ചയിച്ച ഉത്തരവാണ് ഇറക്കിയത്. 20 വർഷം കഴിഞ്ഞ മാരുതി 800 കാറിന്‍റെ രജിസ്ട്രേഷൻ പുതുക്കിയെടുക്കാൻ 9600 രൂപ നികുതിക്കും 10,000 രൂപ ടെസ്റ്റിങ് ഫീസിനും പുറമെ ആനുപാതികമായ ഇൻഷുറൻസ് പ്രീമിയവും, അറ്റകുറ്റപണി ചെലവുമെല്ലാമായി വലിയ തുക മുടക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

