വ്യാജ പിഴ: മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ തട്ടിപ്പ് വ്യാപകം
text_fieldsപാലക്കാട്: മോട്ടോർ വാഹന വകുപ്പിന്റെ എം പരിവാഹൻ ആപ്പിന്റെ വ്യാജ പതിപ്പുണ്ടാക്കി കോടികൾ കൊയ്ത് സൈബർ തട്ടിപ്പുകാർ വിലസുന്നു. പ്രതിദിനം നിരവധി പേരാണ് ആയിരങ്ങളും ലക്ഷങ്ങളും നഷ്ടപ്പെട്ടെന്ന പരാതിയുമായി സൈബർ പൊലീസിനെ സമീപിക്കുന്നത്. വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് എ.ഐ കാമറ വഴിയോ സ്പീഡ് കാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയാറാക്കപ്പെടുന്ന ഇ-ചലാൻ എന്ന വ്യാജേന മെസേജുകളും വാട്സ്ആപ് സന്ദേശങ്ങളും അയച്ചാണ് ഇവർ തട്ടിപ്പിന് കളമൊരുക്കുന്നത്.
സീറ്റ് ബെൽറ്റും ഹെൽമറ്റുമൊക്ക ധരിച്ച് വാഹനമോടിച്ചവർക്ക് നിയമം ലംഘിച്ചെന്നു പറഞ്ഞ് വാട്സ്ആപ്പിൽ മെസേജ് അയച്ചാണ് തട്ടിപ്പ്. പിഴത്തുക അടക്കാൻ എ.പി.കെ ഫയൽ ഡൗൺലോഡ് ചെയ്യാനും ആവശ്യപ്പെടും. എ.പി.കെ ഫയൽ തുറക്കാനുള്ള സംവിധാനമില്ലാത്തതിനാൽ പ്ലേസ്റ്റോറിൽ ഫയൽ ഡൗൺലോഡ് ചെയ്യുമ്പോൾ സ്ക്രീൻ നിശ്ചലമാകും. പിന്നീട് പിറകോട്ട് സ്ക്രാൾ ചെയ്യുമ്പോഴാണ് പണം നഷ്ടപ്പെട്ടുവെന്നറിയുന്നത്.
എന്നാൽ, ഇത്തരത്തിൽ എം പരിവാഹന് എ.പി.കെ ഫയൽ ഇല്ലെന്നും പ്ലേസ്റ്റോർ, ആപ് സ്റ്റോർ എന്നിവ വഴി മാത്രമേ എംപരിവാഹൻ ആപ് ഇൻസ്റ്റാൾ ചെയ്യാനാകൂ എന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു. ഒറ്റനോട്ടത്തിൽ വ്യാജനെ കണ്ടെത്താനാകില്ലെങ്കിലും തട്ടിപ്പ് സന്ദേശത്തിൽ ചലാൻ നമ്പർ 14 അക്കമാണ്. എന്നാൽ, യഥാർഥ ചലാനിൽ 19 അക്കമുണ്ട്. ബംഗളൂരു സിറ്റി പൊലീസിന്റെ പ്രൊഫൈലിലുള്ള നമ്പറിൽനിന്നാണ് കൂടുതൽ തട്ടിപ്പും നടന്നിട്ടുള്ളത്. മാസങ്ങളായി തുടരുന്ന ഈ സൈബർ തട്ടിപ്പിനെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും സമൂഹമാധ്യമങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മോട്ടോർ വാഹന വകുപ്പ് നിർദേശങ്ങൾ
- ആരെങ്കിലും വാട്സ്ആപ്പിൽ അയച്ചുതരുന്ന ആപ്ലിക്കേഷൻ ഫയൽ ക്ലിക്ക് ചെയ്യരുത്.
- ഇ-ചലാൻ ഔദ്യോഗിക വെബ്സൈറ്റിൽനിന്നു മാത്രം വിവരങ്ങൾ സ്വീകരിക്കുക. പിഴ അടക്കാനുള്ള ഏതെങ്കിലും സന്ദേശം ലഭിച്ചാൽ, അത് ഔദ്യോഗിക വെബ്സൈറ്റിൽനിന്നുള്ളതാണോ എന്ന് ഉറപ്പാക്കുക. ഉപഭോക്തൃസേവന വിഭാഗവുമായി നേരിട്ട് ബന്ധപ്പെട്ടും ഉറപ്പാക്കാം.
- വ്യക്തിഗത വിവരങ്ങൾ ഒരിക്കലും ഒരു വ്യാജ സന്ദേശത്തിൽ നൽകരുത്. ഇത്തരത്തിൽ വരുന്ന സന്ദേശം നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ, പാസ്വേഡ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ എന്നിവ നൽകാൻ ആവശ്യപ്പെട്ടാൽ, അത് തട്ടിപ്പാണ്. ഇത്തരം വിവരങ്ങൾ ഔദ്യോഗിക സന്ദേശങ്ങളിൽ ആവശ്യപ്പെടില്ല. ലഭിക്കുന്ന മെസേജ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞാൽ ഉടൻ ഇ-ചലാൻ ഉപഭോക്തൃ സേവന വിഭാഗത്തെ അറിയിക്കുക.
- ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ 1930 എന്ന നമ്പറിൽ ഒരു മണിക്കൂറിനകം പരാതി രജിസ്റ്റർ ചെയ്യണം. cybercrime.gov.in എന്ന സൈറ്റിലും പരാതികൾ രജിസ്റ്റർ ചെയ്യാം.
- ഇ-ചലാൻ ഉപഭോക്തൃ സേവന വിഭാഗം ഫോൺ: 0120-4925505. വെബ്സൈറ്റ്: https://echallan.parivahan.gov.in ഇ-മെയിൽ: helpdesk-echallan@gov.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

