പരിഷ്‌ക്കരിച്ച ടാറ്റ പഞ്ച് ഇവി വിപണിയിൽ; ഒറ്റ ചാർജിൽ 468 കി.മീ റേഞ്ച്!
text_fieldsടാറ്റ പഞ്ച് ഇവി
ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ പുതിയ പഞ്ച് ഇവിയെ ടാറ്റ മോട്ടോർസ് അവതരിപ്പിച്ചു. 9.69 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്-ഷോറൂം വില. എന്നാൽ ടാറ്റയുടെ ബാറ്ററി-ആസ്-എ-സർവീസ് (BaaS - Battery-as-a-Service) പാക്കേജ് വഴി വെറും 6.49 ലക്ഷം രൂപക്ക് വാഹനം ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. ഇതുപ്രകാരം ബാറ്ററി ഉപയോഗത്തിന് കിലോമീറ്ററിന് 2.6 രൂപ വീതം നൽകിയാൽ മതിയാകും.
ടാറ്റയുടെ നെക്‌സോൺ ഇവി, ഹാരിയർ ഇവി എന്നിവക്ക് സമാനമായ ഡിസൈൻ ശൈലിയിലാണ് പുതിയ പഞ്ച് ഇവി വിപണിയിൽ എത്തിച്ചിരിക്കുന്നത്. കൂടുതൽ വൃത്തിയുള്ള ബോഡി കളർ പാനലുകൾ, കണക്റ്റഡ് ഡി.ആർ.എൽ (DRL), പരിഷ്കരിച്ച ഹെഡ്‌ലാമ്പ് പൊസിഷൻ എന്നിവ മുൻവശത്തിന് പുതുമ നൽകുന്നു. കൂടാതെ പുതിയ ഡിസൈനിലുള്ള 16 ഇഞ്ച് അലോയ് വീലുകൾ, ഐ.സി.ഇ (ICE) പതിപ്പിന് സമാനമായി കണക്റ്റഡ് ടെയിൽ ലാമ്പുകൾ എന്നിവയും പുതിയ പഞ്ചിന്റെ പ്രത്യേകതയാണ്.
ആദ്യ ബാറ്ററി പാക്ക് ഒറ്റ ചാർജിൽ 365 കിലോമീറ്റർ (ARAI) റേഞ്ച് വാഗ്‌ദാനം ചെയ്യുമ്പോൾ രണ്ടാമത്തെ വലിയ ബാറ്ററി പാക്ക് ഒറ്റ ചാർജിൽ 468 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നു. 65 kW ഡി.സി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 26 മിനിറ്റിനുള്ളിൽ 20 മുതൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാം. കൂടാതെ 7.2 kW, 3.3 kW ചാർജർ ഓപ്ഷനുകളും ലഭ്യമാണ്.
പ്രീമിയം ഫീച്ചറുകളാൽ സമ്പന്നമാണ് പഞ്ച് ഇവിയുടെ ഉൾവശം. 10.25 ഇഞ്ച് ഇൻഫോടൈന്മെന്റ് സ്ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇലുമിനേറ്റഡ് ലോഗോയോട് കൂടിയ ടു-സ്‌പോക്ക് സ്റ്റിയറിങ് വീൽ, വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ/ആപ്പിൾ കാർ പ്ലേ, വോയിസ് അസിസ്റ്റഡ് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവ പുതിയ പഞ്ചിൽ സജ്ജീകരിച്ചിട്ടുണ്ട്. ഫിയർലെസ് യെല്ലോ, ബംഗാൾ റൂഷ്, കാരമൽ ഉൾപ്പെടെ 7 ആകർഷകമായ നിറങ്ങളിലും വാഹനം ലഭ്യമാണ്.
യാത്രക്കാരുടെ സുരക്ഷക്ക് മുൻഗണന നൽകിക്കൊണ്ട് 6 എയർബാഗുകൾ, 360 ഡിഗ്രി കാമറ, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഐ-ടി.പി.എം.എസ് (i-TPMS) എന്നിവ സ്റ്റാൻഡേർഡ് ഫീച്ചറുകളായി ഉൾപ്പെടുത്തിയിട്ടുണ്ട്. 195 എം.എം ഗ്രൗണ്ട് ക്ലിയറൻസും 450 എം.എം വാട്ടർ വേഡിങ് ശേഷിയും ഈ മൈക്രോ എസ്.യു.വിക്ക് കൂടുതൽ കരുത്തേകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

