Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇ.​വി​യു​ടെ റേ​ഞ്ച്;...

ഇ.​വി​യു​ടെ റേ​ഞ്ച്; നി​ങ്ങ​ൾ 'ok 'ആ​ണോ ?

text_fields
bookmark_border
ഇ.​വി​യു​ടെ റേ​ഞ്ച്; നി​ങ്ങ​ൾ ok ആ​ണോ ?
cancel

പമ്പിലെ നീണ്ട ക്യൂവും ഇന്ധന വിലക്കയറ്റവും ഒഴിവാക്കാൻ ഇലക്ട്രിക് വാഹനമെടുത്തതിൽ ആശ്വസിച്ച് യാത്ര ചെയ്യുന്നവരാകും പലരും. ശബ്ദമോ പുകയോ ഇല്ലാത്ത സ്മൂത്ത് യാത്ര! പക്ഷേ, ഡാഷ്‌ബോർഡിലെ ബാറ്ററി പെർസന്റേജ് താഴോട്ട് ഇറങ്ങുന്നത് കാണുമ്പോൾ പല ഇ.വി ഉടമകളുടെയും ഉള്ളിൽ ചെറിയ പേടിയുണ്ടാകും. അതാണ് വിഖ്യാതമായ ‘റേഞ്ച് ആങ്‌സൈറ്റി’. സിറ്റിയിലെ ട്രാഫിക്ക് ബ്ലോക്കിൽ കുടുങ്ങിക്കിടക്കുമ്പോൾ ചാർജ് പെട്ടെന്ന് തീരുമോ എന്ന ആശങ്ക പലർക്കുമുണ്ട്. എന്നാൽ, ഡ്രൈവിങ്ങിലും ചാർജിങ്ങിലും ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൂടുതൽ റേഞ്ച് നൽകാൻ ഇ.വികൾക്ക് കഴിയും!

സിറ്റി ഡ്രൈവിങ്ങിൽ റേഞ്ച് കൂട്ടാൻ റീജനറേറ്റിവ് ബ്രേക്കിങ്

ഇ.വികളുടെ ഏറ്റവും വലിയ പ്രത്യേകതയാണിത്. ട്രാഫിക്കിൽ ബ്രേക്ക് ചെയ്യുമ്പോഴും സ്പീഡ് കുറക്കുമ്പോഴും നഷ്ടപ്പെടുന്ന ഊർജം വീണ്ടും ബാറ്ററിയിലേക്ക് തന്നെ തിരികെയെത്തുന്ന സംവിധാനമാണിത്. സിറ്റി ഡ്രൈവിങ്ങിൽ റീജൻ ലെവൽ ഏറ്റവും കൂട്ടിയിട്ടാൽ വലിയ രീതിയിൽ റേഞ്ച് വർധിപ്പിക്കാം. ആക്സിലറേറ്ററിൽ നിന്ന് കാലെടുക്കുമ്പോൾ തന്നെ വണ്ടി ബ്രേക്ക് ആകുന്ന ‘സിംഗിൾ പെഡൽ ഡ്രൈവിങ്’ ശീലമാക്കുന്നത് സിറ്റിയിൽ റേഞ്ച് കൂട്ടാൻ നല്ലതാണ്.

ആക്സിലറേഷൻ പതുക്കെ മതി: സിഗ്നൽ പച്ച കത്തുമ്പോൾ വണ്ടി പറപ്പിക്കാൻ ഇ.വികൾക്ക് പ്രത്യേക കഴിവുണ്ട് (ഇൻസ്റ്റൻറ് ടോർഖ്). പക്ഷേ, കാറോട്ട മത്സരങ്ങളിലെ പോലെ പെട്ടെന്ന് ആക്സിലറേറ്റ് ചെയ്യുന്നത് ബാറ്ററിയുടെ ചാർജ് വേഗത്തിൽ കുറക്കും. എപ്പോഴും സ്മൂത്തായി മാത്രം ആക്സിലറേറ്റ് ചെയ്യുക.

ഇക്കോ മോഡ് ശീലമാക്കുക: മിക്ക ഇ.വികളിലും സ്പോർട്സ്, നോർമൽ, ഇക്കോ എന്നിങ്ങനെ ഡ്രൈവിങ് മോഡുകൾ ഉണ്ടാകും. ബമ്പർ-ടു-ബമ്പർ സിറ്റി ട്രാഫിക്കിൽ സ്പോർട്സ് മോഡിന്റെ യാതൊരു ആവശ്യവുമില്ല. ഇക്കോ മോഡിൽ വണ്ടി ഓടിക്കുന്നത് മോട്ടോറിലേക്കുള്ള പവർ ഔട്ട്‌പുട്ട് നിയന്ത്രിക്കുകയും റേഞ്ച് കൂട്ടാൻ സഹായിക്കുകയും ചെയ്യും.

എ.സി എപ്പോഴും ഏറ്റവും തണുപ്പിൽ ഇടുന്നതിന് പകരം ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ വഴി 24 ഡിഗ്രിയിലോ മറ്റോ സെറ്റ് ചെയ്യുക. ഇത് കംപ്രസറിന്റെ ലോഡ് കുറക്കുകയും ബാറ്ററിക്കും റേഞ്ചിനും ഗുണം ചെയ്യുകയും ചെയ്യും.

കൃത്യമായ ടയർ പ്രഷർ: ബാറ്ററിയുടെ ഭാരം കാരണം ഇ.വികൾക്ക് പൊതുവേ ഭാരം കൂടുതലായിരിക്കും. അതിനാൽ കമ്പനി നിർദേശിക്കുന്ന ടയർ പ്രഷർ കൃത്യമായി നിലനിർത്താൻ ശ്രദ്ധിക്കുക. കാറ്റ് കുറഞ്ഞാൽ വണ്ടി മുന്നോട്ടുപോകാൻ കൂടുതൽ ഊർജം വേണ്ടിവരും, ഇത് റേഞ്ച് കുറക്കും.

ചാർജിങ് എങ്ങനെ വേണം?

റേഞ്ച് കൂട്ടുന്നതിനൊപ്പം തന്നെ പ്രധാനമാണ് ബാറ്ററിയുടെ ആയുസ്സ് നിലനിർത്തുന്നതും.

20%-80% ഗോൾഡൻ റൂൾ പിന്തുടരുകയാണ് പ്രധാനപ്പെട്ട കാര്യം. സ്മാർട്ട്ഫോണുകളുടെ പോലെത്തന്നെയാണ് ഇ.വികളുടെ ബാറ്ററിയും. എപ്പോഴും 100% ചാർജ് ചെയ്യണമെന്നോ, 0% ആകും വരെ ഓടിക്കണമെന്നോ നിർബന്ധമില്ല. ബാറ്ററിയുടെ ചാർജ് 20 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിൽ നിലനിർത്തുന്നതാണ് അതിന്റെ ആയുസ്സ് കൂട്ടാൻ ഏറ്റവും മികച്ച രീതി. ദൂരയാത്രകൾ പോകുമ്പോൾ മാത്രം 100% വരെ ചാർജ് ചെയ്യുക.

വീട്ടിലെ സ്ലോ ചാർജർ (AC Wallbox Charger) ഉപയോഗിച്ച് ചാർജ് ചെയ്യുന്നതാണ് ബാറ്ററിയുടെ ആരോഗ്യത്തിന് എപ്പോഴും നല്ലത്. വലിയ ഫാസ്റ്റ് ചാർജറുകൾ (DC Fast Chargers) ദൂരയാത്രകൾക്കും അത്യാവശ്യ ഘട്ടങ്ങൾക്കും വേണ്ടി മാത്രം മാറ്റിവെക്കുക. സ്ഥിരമായി ഫാസ്റ്റ് ചാർജ് ചെയ്യുന്നത് ബാറ്ററി പെട്ടെന്ന് ഡീഗ്രേഡ് ആകാൻ കാരണമാകും.

ഓടി വന്നയുടനെ ചാർജ് ചെയ്യേണ്ട

നല്ല വെയിലത്ത് ദൂരം താണ്ടി വണ്ടി ഓടിച്ചുവന്ന ഉടനെ നേരിട്ട് ചാർജിങ്ങിന് കുത്തരുത്. ബാറ്ററിക്ക് അൽപം തണുക്കാൻ സമയം (കൂളിങ് ടൈം) നൽകിയ ശേഷം മാത്രം ചാർജിങ് തുടങ്ങുക. ചൂടുള്ള ബാറ്ററികൾ പെട്ടെന്ന് ചാർജ് ചെയ്യുന്നത് ഒഴിവാക്കണം. മിക്ക ഇ.വികളിലും ആപ്പുകൾ വഴി ചാർജിങ് സമയം ഷെഡ്യൂൾ ചെയ്യാൻ സാധിക്കും. അന്തരീക്ഷ ഊഷ്മാവ് കുറവുള്ള രാത്രി സമയങ്ങളിൽ ചാർജ് ചെയ്യുന്നത് ബാറ്ററിയുടെ ഹീറ്റിങ് കുറക്കാൻ സഹായിക്കും.

ഡ്രൈവിങ് ശീലങ്ങളിൽ നമ്മൾ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും വലിയ ഇന്ധനക്ഷമതയിലേക്കും മികച്ച റേഞ്ചിലേക്കും വഴിതുറക്കുമെന്ന ബോധത്തോടെ വണ്ടിയോടിക്കുന്നതാണ് ഇക്കാലത്ത് ബുദ്ധിപരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsev rangeAuto News
News Summary - ev range, auto news
Next Story