ഇലക്ട്രിക് വാഹന വിൽപനയിൽ വീണ്ടും റെക്കോഡ്! ജൂലൈയിൽ വിറ്റത് മൂന്നേകാൽ ലക്ഷത്തിലധികം വാഹനങ്ങൾ
text_fieldsന്യൂഡൽഹി: രാജ്യത്തെ ഇലക്ട്രിക് വാഹന വിൽപനയിൽ വീണ്ടും പ്രതിമാസ റെക്കോഡ്. ജൂലൈയിൽ വിറ്റുപോയ ഇ.വി വാഹനങ്ങളുടെ എണ്ണം 3,27,901 കടന്നു. ഇക്കഴിഞ്ഞ ജൂണിൽ 3,06,220 യൂനിറ്റ് വിൽപനയുമായി റെക്കോഡിട്ടിരുന്നു. കഴിഞ്ഞ വർഷം ജൂലൈയെ അപേക്ഷിച്ച് വിൽപനയിൽ 66 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.
ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷന്റെ (എഫ്.എ.ഡി.എ) കണക്കനുസരിച്ച് നിലവിൽ രാജ്യത്ത് വിറ്റുപോകുന്ന എട്ട് വാഹനങ്ങളിൽ ഒന്ന് ഇ.വി വാഹനമാണ്. ഇരുചക്ര വാഹനങ്ങളാണ് വിൽപനയിൽ മുന്നിൽ. ജൂലൈയിൽ 2,04,362 യൂനിറ്റ് വൈദ്യുത ഇരുചക്ര വാഹനങ്ങളാണ് വിറ്റുപോയത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വിൽപന 1,08,516 യൂനിറ്റായിരുന്നു. 88.32 ശതമാനം വർധന. ഇ.വി പാസഞ്ചർ വാഹന വിൽപനയിൽ കഴിഞ്ഞ വർഷം ജൂലൈയെ അപേക്ഷിച്ച് 83.13 ശതമാനത്തിന്റെ വർധനയും രേഖപ്പെടുത്തിയിട്ടുണ്ട്.
2025 ജൂലൈയിലെ വിൽപന 17,981 യൂനിറ്റായിരുന്നുവെങ്കിൽ ഈ വർഷം അത് 32,928 ആയി ഉയർന്നു. മുച്ചക്ര വാഹന വിൽപന രംഗത്ത് 87,055 യൂനിറ്റുകളാണ് വിറ്റത്. 3,556 ഇ.വി വാണിജ്യ വാഹനങ്ങളും ജൂലൈയിൽ വിറ്റുപോയതായി എഫ്.എ.ഡി.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

