Begin typing your search above and press return to search.
exit_to_app
exit_to_app
മലയാളി വിദ്യാർത്ഥികൾ വികസിപ്പിച്ച ഇലക്ട്രിക് കാർ, അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നു
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightമലയാളി വിദ്യാർത്ഥികൾ...

മലയാളി വിദ്യാർത്ഥികൾ വികസിപ്പിച്ച ഇലക്ട്രിക് കാർ, അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നു

text_fields
bookmark_border

തിരുവനന്തപുരം: തിരുവനന്തപുരം ബാർട്ടൻ ഹിൽ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥികൾ രൂപകൽപ്പന ചെയ്ത ഇലക്ട്രിക് കാർ രാജ്യാന്തര എനർജി കാര്യക്ഷമത മത്സരമായ ഷെൽ ഇക്കോ മാരത്തണിന്റെ അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മുൻനിര ഓട്ടോമൊട്ടീവ് സോഫ്റ്റ്‌വെയർ കമ്പനിയായ ആക്സിയ ടെക്‌നോളജീസിന്റെ മേൽനോട്ടത്തിലും മാർഗനിർദേശത്തോടെയുമാണ് വിദ്യാർഥികൾ ഇലക്ട്രിക് കാർ വികസിപ്പിച്ചത്. കേരള സർക്കാരിന്റെ അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമും(ASAP) ഈ പദ്ധതിയെ പിന്തുണച്ചിട്ടുണ്ട്.

2022 ഒക്‌ടോബർ 11 മുതൽ 16 വരെ ഇന്തോനേഷ്യയിലെ പെർട്ടമിന മണ്ഡലിക സർക്യൂട്ടിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയിൽ നിന്ന് യോഗ്യത നേടിയ അഞ്ചു ടീമുകളിൽ ഒന്നാണ് ബാർട്ടൻ ഹിൽ കോളേജിലെ വിദ്യാർത്ഥികളുടേത്. മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ 19 വിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'പ്രവേഗ' യാണ് 'വണ്ടി' എന്ന് പേരിട്ടിരിക്കുന്ന ഈ ഇലക്ട്രിക് കാർ നിർമിച്ചത്. പ്രവേഗ ടീമിന്റെ ഫാക്കൽറ്റി അഡ്വൈസർ ഡോ. അനീഷ് കെ.ജോൺ ആണ് പദ്ധതിക്ക് നേതൃത്വം നൽകിയത്.

നേരത്തെ ഉണ്ടായിരുന്ന ഡിസൈൻ തന്ത്രങ്ങൾ പരിഷ്കരിച്ചുകൊണ്ട് പൂർണമായും കാർ പുനർനിർമ്മിക്കുകയാണ് ചെയ്തത് എന്ന് പ്രവേഗ ടീമിന്റെ ലീഡർ കല്യാണി എസ്. കുമാർ പറഞ്ഞു. പ്രകൃതിയിൽ നിന്നും, മാലിന്യങ്ങളിൽ നിന്ന് റീസൈക്കിൾ ചെയ്തതുമായ വസ്തുക്കൾ കാറിന്റെ നിർമാണത്തിൽ ഉപയോഗിച്ചു എന്നതാണ് ഞങ്ങളുടെ കാറിനെ വ്യത്യസ്തമാക്കുന്നത്. ഒപ്റ്റിമൽ എയറോഡൈനാമിക്സും കുറഞ്ഞ ഭാരവും ഉപയോഗിച്ച്, കാർബൺ പുറം തള്ളൽ ഏറ്റവും കുറഞ്ഞ അളവിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇ-മൊബിലിറ്റി രംഗത്തെ ടെക്‌നോളജി ലീഡറായ ആക്സിയയുടെ പിന്തുണ, ഇലക്ട്രോണിക്, സോഫ്റ്റ്‌വെയർ ഡിസൈനും സ്ട്രാറ്റജിയും ഏറ്റവും മികച്ചതാക്കാൻ തങ്ങളെ വളരെയധികം സഹായിച്ചതായും കല്യാണി വ്യക്തമാക്കി.

ഒരു അന്താരാഷ്ട്ര മത്സരവേദിയിൽ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ മാറ്റുരക്കുന്നത് ഏറെ സന്തോഷം നൽകുന്ന നേട്ടമാണെന് ആക്സിയ ടെക്‌നോളജീസ് സ്ഥാപകനും സിഇഒയുമായ ജിജിമോൻ ചന്ദ്രൻ പറഞ്ഞു. നൂതനമായ ആശയങ്ങൾ രൂപപ്പെടുത്താനും അവ യാഥാർത്ഥ്യമാക്കാനുമുള്ള വിദ്യാർത്ഥികളുടെ താല്പര്യവും അഭിനിവേശവും എടുത്തു പറയേണ്ടതാണ്. ബിഎംഡബ്ല്യൂ ഉൾപ്പടെ ലോകത്തിലെ പ്രമുഖ വാഹന നിർമ്മാതാക്കൾക്കായി അക്സിയ സോഫ്റ്റ്‌വെയർ സൊല്യൂഷനുകൾ വികസിപ്പിക്കുന്നുണ്ട്. ഓട്ടോമൊബൈൽ രംഗത്തെ കൂടുതൽ ഉപഭോക്തൃ സൗഹൃദവും രസകരവുമാക്കി മാറ്റാൻ ഞങ്ങൾ കാണിക്കുന്ന അതേ ഉത്സാഹമാണ് വിദ്യാർഥികളിലും കാണാനായത്. ബാർട്ടൺ ഹില്ലിലെ വിദ്യാർത്ഥികൾക്ക് ഈ ദൗത്യത്തിൽ മാർഗനിർദേശങ്ങൾ നൽകാനായതിൽ ഏറെ അഭിമാനമുണ്ട്. ദിനംപ്രതി മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്ന ഓട്ടോമൊട്ടീവ് മേഖലയിൽ കാലാനുസൃതമായി നവീകരിക്കാൻ ഈ കുട്ടികളുടെ നേട്ടങ്ങൾ പ്രചോദനമാണ്. വിദ്യാർത്ഥി സമൂഹത്തിനു വേണ്ട മാ‍ർഗന‍ിർദേശങ്ങൾ നൽകാനും‌, വ്യവസായ മേഖലക്ക് സജ്ജമായ രീതിയിലുള്ള പ്രൊഫഷണലുകളായി അവരെ വാ‍ർത്തെടുക്കുന്നതിനും, എല്ലാ പിന്തുണയും ആക്സിയയുടെ ഭാഗത്തു നിന്ന് തുടർന്നും ഉണ്ടാകുമെന്നും ജിജിമോൻ ചന്ദ്രൻ പറഞ്ഞു.

റോയൽ ഡച്ച് ഷെൽ പിഎൽസി, ലോകത്തെ വിവിധ കോണുകളിലുള്ള വിദ്യാർഥികൾക്കായി നടത്തുന്ന അന്താരാഷ്ട്ര മത്സരമാണ് ഷെൽ ഇക്കോ മാരത്തൺ. മത്സരാർത്ഥികൾക്ക് അവരുടെ ഡിസൈനുകളും നിർമിച്ച കാറുകളും അവയുടെ കാര്യക്ഷമതയുമെല്ലാം പ്രദർശനത്തിന് വയ്ക്കാം. ഇലക്ട്രിക്, ഗ്യാസോലിൻ വിഭാഗങ്ങളിൽ സൂപ്പർ മൈലേജ് കാറുകൾ അവതരിപ്പിക്കുക എന്നതാണ് ഏറെ പ്രശസ്തമായ ഈ ഊർജ കാര്യക്ഷമത മത്സരത്തിന്റെ പ്രധാന ലക്ഷ്യം.

Show Full Article
TAGS:electric car Malayali students international championship 
News Summary - electric car developed by Malayali students competes in an international championship
Next Story