എഐ ഹെൽത്ത് സ്കാൻ, സ്മാർട്ട് ട്രിപ്പ് പ്ലാനർ... കൂടാതെ 165 കിലോമീറ്റർ റേഞ്ച്! ഇ3 ട്രയോൺ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ
text_fieldsഇ3 ട്രയോൺ ഇലക്ട്രിക് സ്കൂട്ടർ
ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് പുതിയ ചുവടുവെപ്പുമായി ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ട്അപ്പ് കമ്പനി ഇ3 ഇലക്ട്രിക്.എഐ (E3 Electric.AI). ഇ3 ഇലക്ട്രിക്.എഐ തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടറായ 'ഇ3 ട്രയോൺ' (E3 Trion) ഇന്ത്യയിൽ അവതരിപ്പിച്ചു. സാധാരണക്കാരായ കുടുംബങ്ങളെ ലക്ഷ്യമിട്ട് പുറത്തിറക്കിയിരിക്കുന്ന ഈ ഫാമിലി ഇവി സ്കൂട്ടറിന് ഒരു ലക്ഷം രൂപ മുതലാണ് (എക്സ്-ഷോറൂം) പ്രാരംഭ വില ആരംഭിക്കുന്നത്.
വേരിയന്റുകളും വിലവിവരങ്ങളും
മൂന്ന് വ്യത്യസ്ത വേരിയന്റുകളിലായാണ് ഇ3 ട്രയോൺ വിപണിയിലെത്തുന്നത്. സ്കൂട്ടറിന്റെ ആദ്യ വേരിയന്റായ സി1 (C1 - ബേസ് വേരിയന്റ്) 99,999 രൂപ എക്സ് ഷോറൂം വിലയിൽ ലഭ്യമാകും. ഈ വേരിയന്റിൽ ഊരി മാറ്റാൻ കഴിയുന്ന റിമൂവബിൾ ബാറ്ററി സജ്ജീകരണമാണ് കമ്പനി നൽകിയിരിക്കുന്നത്. സി1എക്സ് ആണ് രണ്ടാമത്തെ വേരിയന്റ്. ഇതിന് 1,09,999 രൂപയാണ് എക്സ് ഷോറൂം വില. കൂടുതൽ റേഞ്ച് നൽകുന്ന വേരിയന്റ് ആണ് സി1എക്സ്. ഇലക്ട്രിക് സ്കൂട്ടറിന്റെ മൂന്നാമത്തെ വേരിയന്റാണ് സി2. 1,19,999 രൂപ എക്സ് ഷോറൂം വില വരുന്ന സ്കൂട്ടർ മികച്ച പെർഫോമൻസ് കേന്ദ്രീകരിച്ചുള്ള ടോപ്പ് എൻഡ് വേരിയന്റാണ്. ഈ വിലകളെല്ലാം ബംഗളൂരു എക്സ്-ഷോറൂം അടിസ്ഥാനമാക്കിയുള്ളതാണ്. നിലവിൽ ബംഗളൂരുവിൽ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മറ്റ് നഗരങ്ങളിലേക്കും വിൽപ്പന വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.
ബാറ്ററി കരുത്തും റേഞ്ചും
ഉപഭോക്താക്കളുടെ ആവശ്യാനുസരണം വ്യത്യസ്ത ബാറ്ററി ഓപ്ഷനുകളിലാണ് സ്കൂട്ടർ ഒരുക്കിയിരിക്കുന്നത്. ബേസ് വേരിയന്റായ സി1 മോഡലിൽ 2.3 കിലോവാട്ട് അവർ (kWh) റിമൂവബിൾ ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഈ ബാറ്ററി ഒറ്റച്ചാർജിൽ 108 കിലോമീറ്റർ റേഞ്ചും (IDC) പരമാവധി 67 കിലോമീറ്റർ വേഗതയും നൽകും. ട്രയോൺ നിരയിൽ ഏറ്റവും കൂടുതൽ റേഞ്ച് വാഗ്‌ദാനം ചെയ്യുന്ന സി1എക്സ് മോഡലിൽ 3 കിലോവാട്ട് അവർ (kWh) ഫിക്സഡ് ബാറ്ററി ഒറ്റച്ചാർജിൽ 165 കിലോമീറ്റർ (IDC) റേഞ്ച് വാഗ്‌ദാനം ചെയ്യുന്നുണ്ട്. പെർഫോമൻസിന് മുൻഗണന നൽകുന്ന സി2 വേരിയന്റിൽ 3 കിലോവാട്ട് അവർ ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ ബാറ്ററി ഒറ്റ ചാർജിൽ 128 കിലോമീറ്റർ റേഞ്ചും 82 കിലോമീറ്റർ ഉയർന്ന വേഗതയും വാഗ്‌ദാനം ചെയ്യുന്നു. സ്പോർട്സ് മോഡിൽ വെറും 6 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് സാധിക്കും.
സി1, സി1എക്സ് വേരിയന്റുകളിൽ ഇക്കോ (Eco), പവർ (Power) എന്നീ റൈഡിങ് മോഡുകളും, സി2 വേരിയന്റിൽ കൂടുതൽ പെർഫോമൻസ് നൽകുന്ന സ്പോർട്സ് (Sport) മോഡും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വാഹനത്തിലെ ബാറ്ററികൾക്ക് 8 വർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ വരെ വാറണ്ടിയും കമ്പനി നൽകുന്നുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസും (AI) സ്മാർട്ട് ഫീച്ചറുകളും
ഇന്ത്യയിലെ ആദ്യത്തെ എഐ-പവേർഡ് ഇന്റലിജന്റ് ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒന്നായാണ് ട്രയോണിനെ അവതരിപ്പിച്ചിരിക്കുന്നത്. നൂതനമായ ഒട്ടനവധി ഫീച്ചറുകൾ സ്കൂട്ടറിന് നൽകിയിട്ടുണ്ട്. വെറും 10 സെക്കൻഡിനുള്ളിൽ വാഹനത്തിന്റെ ആരോഗ്യ സ്ഥിതി സ്വയം പരിശോധിച്ച് തകരാറുകൾ മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്ന എഐ ഹെൽത്ത് സ്കാൻ, ചാർജിങ് സ്റ്റേഷനുകൾ കണ്ടെത്താനുള്ള സ്മാർട്ട് ട്രിപ്പ് പ്ലാനർ, തത്സമയ വെഹിക്കിൾ ഡാറ്റ ട്രാക്കിങ്, റിമോട്ട് ബാറ്ററി മോണിറ്ററിങ്. ഡാഷ്‌ക്യാം ഫങ്ഷണാലിറ്റി, എസ്‌ഒഎസ് (SOS) എമർജൻസി അസിസ്റ്റൻസ്, ജിയോ ഫെൻസിങ്, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയോടുകൂടിയ 5 ഇഞ്ച് ഡിസ്‌പ്ലേ തുടങ്ങിയ ഫീച്ചറുകളാൽ സമ്പന്നമാണ് ട്രയോൺ ഇലക്ട്രിക് സ്കൂട്ടർ
ഡിസൈനും മറ്റ് പ്രത്യേകതകളും
നഗരങ്ങളിലും ഗ്രാമീണ റോഡുകളിലും മികച്ച സ്റ്റെബിലിറ്റിയും ഗ്രിപ്പും ഉറപ്പാക്കാൻ 14 ഇഞ്ചിന്റെ വലിയ വീലുകൾ, വെള്ളവും പൊടിയും പ്രതിരോധിക്കാൻ ശേഷിയുള്ള IP67 റേറ്റിങ് വെതർ പ്രൊട്ടക്ഷൻ, ഡ്യുവൽ പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പുകൾ, റിയർ എൽഇഡി ലൈറ്റിങ്, അണ്ടർസീറ്റ്, ഫ്ലോർബോർഡ്, ഗ്ലൗസ് ബോക്സ് എന്നിവ ഉൾപ്പെടെ ആകെ 52 ലിറ്ററിന്റെ വലിയ സ്റ്റോറേജ് സൗകര്യവും സ്കൂട്ടറിൽ നൽകിയിട്ടുണ്ട്. വിപണിയിൽ ഒല എസ്1 എയർ (Ola S1 Air) പോലുള്ള ജനപ്രിയ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ശക്തമായ എതിരാളിയായിട്ടാകും ഇ3 ട്രയോൺ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

