Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡ്രൈവറില്ലാ വാഹനങ്ങൾക്ക് ദുബൈയിൽ പുതിയ പരീക്ഷണകേന്ദ്രം

text_fields
bookmark_border
‘ദുബൈ മൊബിലിറ്റി ലാബ്സ്’ ഉദ്ഘാടനം ചെയ്തു; മിഡിൽ ഈസ്റ്റിലെ ഏറ്റവും സമഗ്രവും സ്മാർട്ടുമായ സ്വയംനിയന്ത്രിത വാഹന പരിശോധനാ കേന്ദ്രം ദുബൈ സിലിക്കൺ ഒയാസിസിൽ
ഡ്രൈവറില്ലാ വാഹനങ്ങൾക്ക് ദുബൈയിൽ പുതിയ പരീക്ഷണകേന്ദ്രം
cancel

ദുബൈ: ദുബൈയിൽ സ്വയം ഓടുന്ന (ഓട്ടോണമസ്) വാഹനങ്ങളുടെ പരീക്ഷണകേന്ദ്രമായ ‘ദുബൈ മൊബിലിറ്റി ലാബ്സ്’ ഉദ്ഘാടനം ചെയ്തു. ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) ദുബൈ ഇന്‍റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റിയുമായി (ഡി.ഐ.ഇ.ഇസഡ്) സഹകരിച്ചാണ് ഇത് നടപ്പാക്കിയത്. ദുബൈ സിലിക്കൺ ഒയാസിസിലാണ് മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും സമഗ്രവും സ്മാർട്ടുമായ ഈ സ്വയംനിയന്ത്രിത വാഹന പരിശോധനാ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഭാവി യാത്രാ സാങ്കേതികവിദ്യകളുടെ വികസനം, പരീക്ഷണം, സർട്ടിഫിക്കേഷൻ, വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനം എന്നിവ വേഗത്തിലാക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.

2030ഓടെ ദുബൈയിലെ ആകെ യാത്രകളുടെ 25 ശതമാനവും സ്വയംനിയന്ത്രിത വാഹനങ്ങളിലാക്കി മാറ്റുകയെന്ന ‘ദുബൈ സ്മാർട്ട് സെൽഫ് ഡ്രൈവിങ് ട്രാൻസ്‌പോർട്ട് സ്ട്രാറ്റജി’യുടെ നിർണായക ചുവടുവെപ്പാണിത്. ആഗോള തലത്തിലെ പ്രമുഖ നിർമാതാക്കൾ, ഗവേഷകർ, നിക്ഷേപകർ എന്നിവരെ ദുബൈയിലേക്ക് ആകർഷിക്കാൻ ഇത് സഹായിക്കുമെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മതാർ അൽ തായറും ഡി.ഐ.ഇ.ഇസഡ് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. മുഹമ്മദ് അൽ സർവാനിയും വ്യക്തമാക്കി.

നിയന്ത്രിത പരീക്ഷണ ട്രാക്കുകളും ദുബൈ സിലിക്കൺ ഒയാസിസ് മുതൽ അൽ ഖുദ്റ വരെയുള്ള പൊതുറോഡുകളിലെ പരിശോധനയും സംയോജിപ്പിച്ചാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. സങ്കീർണമായ ട്രാഫിക് സാഹചര്യങ്ങൾ ഉൾപ്പെടെ ആകെ 248 ടെസ്റ്റ് സിനാരിയോകൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനുപുറമേ ഓഫിസ് സൗകര്യങ്ങൾ, ഇൻഡോർ പ്രവർത്തനങ്ങൾക്കുള്ള മൂന്ന് ഇൻഡസ്ട്രിയൽ യൂനിറ്റുകൾ, 60 കിലോവാട്ട് ശേഷിയുള്ള മൂന്ന് ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

വീറൈഡ്, പോണി എ.ഐ, ടെസ്‌ല തുടങ്ങിയ മുൻനിര ആഗോള കമ്പനികളുടെ ഓട്ടോണമസ് ഡ്രൈവിങ് സാങ്കേതികവിദ്യകളുടെ വിജയകരമായ പരീക്ഷണങ്ങൾക്ക് ദുബൈ മൊബിലിറ്റി ലാബ്സ് ഇതിനകം വേദിയായിട്ടുണ്ട്. വാഹനങ്ങളുടെ സെൻസിങ് ശേഷി, തീരുമാനമെടുക്കാനുള്ള കഴിവ്, മറ്റ് റോഡ് ഉപയോക്താക്കളുമായുള്ള ഇടപെടൽ എന്നിവ പൊതു റോഡുകളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുതന്നെ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്താൻ ഈ കേന്ദ്രം സഹായിക്കുന്നു.

അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ദുബൈ മൊബിലിറ്റി ലാബ്സിന്‍റെ ആദ്യ മൂന്ന് വർഷത്തെ പ്രവർത്തന ചുമതല ആഗോള ഏജൻസിയായ ‘ഡെക്ര’ക്ക് ആർ.ടി.എ കൈമാറി. സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല, ഗവേഷണ സ്ഥാപനങ്ങൾ എന്നിവക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ അവസരമൊരുക്കുന്നതിലൂടെ ദുബൈയെ ഭാവി ഗതാഗത സാങ്കേതികവിദ്യകളുടെ ആഗോള തലസ്ഥാനമാക്കി മാറ്റാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dubai Mobility Labs Opens in DSO
Next Story