തന്റെ കാർ ശേഖരം ആദ്യമായി പരിചയപ്പെടുത്തി ദുൽഖർ; 'പൊങ്ങച്ചക്കാരനാണെന്ന് കരുതുമെന്ന് ആശങ്കയുണ്ടായിരുന്നു'-വിഡിയോ
text_fieldsസ്വകാര്യമായി കൊണ്ടുനടന്ന വാഹനശേഖരം പരിചയപ്പെടുത്തി നടൻ ദുൽഖർ സൽമാൻ. വിന്റേജ് കാറുകളുടെ വലിയ ശേഖരം സ്വന്തമായുള്ള നടൻ അതിൽ ചിലതിനെ മാത്രമാണ് കാർ പ്രേമികൾക്കായി പരിചയപ്പെടുത്തിയത്. ഏറെ നാളായി ഇങ്ങനെയൊരു വീഡിയോ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ ഒരു പൊങ്ങച്ചക്കാരാനായി വിലയിരുത്തപ്പെടുമോ എന്ന ആശങ്കകൊണ്ടാണ് ചെയ്യാതിരുന്നതെന്നും ദുല്‍ഖര്‍ വിഡിയോയിൽ പറഞ്ഞു. തന്റെ സോഷ്യൽമീഡിയ പേജുകൾ വഴിയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
'കുറെയേറെ നാളായി ഞാന്‍ ചെയ്യണമെന്ന് വിചാരിച്ചിരുന്ന ഒരു കാര്യമാണിത്. പക്ഷെ, പതിവുപോലെ ഓവര്‍തിങ്ക് ചെയ്ത് മാറ്റിവെക്കുകയായിരുന്നു. ഞാന്‍ ഇന്‍സെന്‍സിറ്റീവായ ഒരാളാണെന്നോ പൊങ്ങച്ചക്കാരനാണെന്നോ കരുതുമെന്നായിരുന്നു എന്റെ ആശങ്ക. പക്ഷെ എന്നെ പോലെ കാറിനോട് ഇഷ്ടവും അഭിനിവേശവും കാത്തുസൂക്ഷിക്കുന്ന ലക്ഷകണക്കിന് പേരുണ്ടല്ലോ. അവരുമായി ഇടപഴകാന്‍ ഇതാണ് ഏറ്റവും നല്ല വഴിയിതാണ് എന്നാണ് ഞാനിപ്പോള്‍ ആലോചിക്കുന്നത്. അതുകൊണ്ട് ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി എനിക്ക് കളക്ട് ചെയ്യാന്‍ പറ്റിയ കാറുകളിലെ ചിലത് നിങ്ങള്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തുകയാണ്'-ദുല്‍ഖര്‍ പറഞ്ഞു.
ബി.എം.ഡബ്ല്യുവിന്റെ 2002 മോഡൽ എം 3 ആണ് തന്റെ ശേഖരത്തിലെ ഏറ്റവും പ്രിയപ്പെട്ട കാറെന്ന് ദുല്‍ഖര്‍ പറയുന്നു. ഈ എഡിഷനെയാണ് താന്‍ ബി.എം.ഡബ്ല്യുവിന്റെ ഏറ്റവും മികച്ച കാറായി കണക്കാക്കുന്നതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

