ലഡാക്കിലെ തണുത്ത മരുഭൂമിയിലൂടെ കാറോടിച്ച ദമ്പതികൾക്ക് 50000 രൂപ പിഴ
text_fieldsഷിംല: ലഡാക്കിലെ തണുത്ത മരുഭൂമിയായ ഹണ്ടറിലൂടെ കാർ ഓടിച്ചതിന് ജയ്പൂർ ദമ്പതികൾക്ക് 50000 രൂപ പിഴ ചുമത്തി. മണൽത്തിട്ടയിൽ കാർ ഓടിച്ച് നിയമം ലംഘിച്ച ദമ്പതികൾക്കെതിരെ കേസെടുത്തതായി ലേ ജില്ല പൊലീസ് അറിയിച്ചു. ലഡാക്കിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയ ദമ്പതികൾ ഹുന്ദർ ഗ്രാമത്തിലെ മണൽത്തിട്ടകളിലൂടെയാണ് കാർ ഓടിച്ചത്. വെള്ള നിറത്തിലുള്ള ടൊയോട്ട ഫോർച്ച്യൂണർ കാറിലാണ് ഇവർ സഞ്ചരിച്ചത്. ഹണ്ടർ മരുഭൂമിയിലൂടെ കാർ ഓടിക്കുന്നത് അനുവദനീയമല്ല.
ഭൂപ്രകൃതിയെ ബാധിക്കുന്നതിനാൽ പ്രദേശത്ത് കൂടെ കാറോടിക്കുന്നത് നിരോധിച്ചതാണെന്ന് ലേ പൊലീസ് അവരുടെ ഫേസ്ബുക്ക് പേജിൽ മണൽകൂനയിൽ നിർത്തിയിട്ടിരുക്കുന്ന കാറിന്റെ ഫോട്ടോകൾ സഹിതം പോസ്റ്റിട്ടു. വിനോദസഞ്ചാരികൾ നിയമം ലംഘിക്കരുതെന്നും പ്രകൃതിയെ നശിപ്പിക്കരുതെന്നും ലേ ജില്ല പൊലീസ് അഭ്യർത്ഥിച്ചു. ഹണ്ടറിലെ മണൽത്തിട്ടകൾക്ക് മുകളിലൂടെ കാറുകൾ ഓടിക്കരുതെന്ന എസ്.ഡി.എം നുബ്രയുടെ നിർദ്ദേശം ലംഘിച്ചാണ് ദമ്പതികളുടെ നടപടി.
സംഭവത്തെ തുടർന്ന്, ചില വിനോദസഞ്ചാരികൾക്ക് സാമാന്യബുദ്ധിയില്ലെന്ന് വിമർശിച്ച് സമൂഹ മാധ്യമങ്ങളിൽ നിരവധിപേർ രംഗത്തെത്തി. 'ലേ ജില്ല പൊലീസിന്‍റെ പ്രവർത്തനത്തിൽ ഏറെ അഭിമാനിക്കുന്നു. നിയമങ്ങൾ കർശനമായിരിക്കണം. നിയമങ്ങൾ സഞ്ചാരികൾക്ക് ലംഘിക്കാനുള്ളതല്ല. ദയവായി പർവതങ്ങളും ഭൂപ്രകൃതിയും സംരക്ഷിക്കുക'. ഒരു വ്യക്തി എഴുതി.
കാറിന്റെ നമ്പർ പ്ലേറ്റിൽ ഡൽഹി രജിസ്ട്രേഷനാണുള്ളതെന്നും ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികളാണ് ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും പലരും ചൂണ്ടികാട്ടി. നുബ്ര താഴ്‌വരയിലെ ഹണ്ടർ ഗ്രാമം ലഡാക്കിലെ ഉയരത്തിലുള്ള തണുത്ത മരുഭൂമിയാണ്. ലേയിൽ നിന്ന് 160 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

