ക്ലാസിക് കാര്‍സ് ഫെസ്റ്റിവല്‍ ഉടൻ ആരംഭിക്കുന്നു
text_fieldsപുസ്തകോൽസവത്തിന്റെയും സാംസ്കാരിക-കായിക ഉൽസവങ്ങളുടെയും മണ്ണായ ഷാർജയിൽ പുത്തനൊരു ആഘോഷം വന്നെത്തുകയാണ്. ലോകത്തിലെ തന്നെ അപൂര്‍വമായ ക്ലാസിക്-വിന്റേജ് കാറുകളുടെ പ്രത്യേക പ്രദര്‍ശനം ഒരുക്കുന്ന ഫെസ്റ്റിവലാണ് ഒരുക്കുന്നത്. ഷാര്‍ജ ‘ഓള്‍ഡ് കാര്‍സ് ക്ലബാ’ണ് ഇത് സംബന്ധിച്ച തീരുമാനം പുറത്തുവിട്ടത്. നേരത്തെ ഷാര്‍ജ നിക്ഷേപവികസന വകുപ്പു(ശുറൂഖ്)മായി ചേർന്ന് ‘ക്ലാസിക് കാര്‍സ് ഫെസ്റ്റിവല്‍’ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ മാതൃകയിലാണ് വിപുലമായ രീതിയിൽ പുത്തൻ മേള ഒരുക്കുന്നത്.
അടുത്ത വർഷം ജനുവരിയിലാകും ആദ്യ ഫെസ്റ്റിവൽ നടക്കുക. പിന്നീട് ഇതേ സീസണിൽ എല്ലാ വർഷവും ഫെസ്റ്റിവൽ ഒരുക്കാനാണ് ക്ലബ് ഡയറക്ടർ ബോർഡ് തീരുമാനിച്ചിട്ടുള്ളത്. സ്വകാര്യവ്യക്തികളുടെ കാര്‍ ശേഖരത്തില്‍ നിന്നടക്കമുള്ള ലോകോത്തര ബ്രാന്‍ഡുകള്‍ പരിപാടിയിൽ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യകാലത്ത് നിര്‍മിക്കുകയും പിന്നീട് റോഡുകളില്‍ നിന്ന് അപ്രത്യക്ഷമാവുകയുംചെയ്ത അത്യപൂര്‍വ കാറുകളാണ് മേളയിലുണ്ടാവുക. പൊതുജനങ്ങൾക്ക് കൗതുകവും വാഹനപ്രേമികൾക്ക് ആവേശവും സമ്മാനിക്കുന്ന പ്രദർശനത്തോടൊപ്പം വിവിധ അനുബന്ധ പരിപാടികളും ഒരുക്കാൻ പദ്ധതിയുണ്ട്.
നേരത്തെ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ‘വേള്‍ഡ്സ് കൂളസ്റ്റ് വിന്റര്‍’ എന്ന വിനോദസഞ്ചാര കാമ്പയിന്റെ ഭാഗമായാണ് വിന്റേജ് കാർ ഫെസ്റ്റിവൽ ഒരുക്കിയത്. ഷാര്‍ജയുടെ വിവിധ ഭാഗങ്ങളിലായുള്ള ശുറൂഖിന്റെ വിനോദകേന്ദ്രങ്ങളാണ് മേളക്ക് വേദിയായത്. എന്നാൽ പുതുതായി ആരംഭിക്കുന്ന വാർഷിക മേളക്ക് സ്ഥിരം വേദി ഒരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിൻന്റേജ് കാറുകളുടെ വിപുലമായ പ്രദർശനത്തിന് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വേദികളിലൊന്നായി ഫെസ്റ്റിവൽ മാറും. കാര്‍ പ്രേമികള്‍ക്ക്, പ്രത്യേകിച്ച് വിന്റേജ് കാറുകള്‍ ഇഷ്ടപ്പെടുന്നവര്‍ അത്യപൂര്‍വ കാറുകള്‍ അടുത്തുകാണാനും മനസ്സിലാക്കാനും ചിത്രമെടുക്കാനുമുള്ള അവസരവുമാകും ഫെസ്റ്റിവൽ.
ഷാർജ ഓൾഡ് കാർസ് ക്ലബ്ബിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. അലി അഹമ്മദ് അബു അൽ സൗദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഫെസ്റ്റിവൽ സംബന്ധിച്ച തീരുമാനമെടുത്തത്. സാങ്കേതിക വർക്ഷോപ്പ് വികസിപ്പിക്കൽ, അറ്റകുറ്റപ്പണികൾ ത്വരിതപ്പെടുത്തൽ, നിക്ഷേപ അവസരങ്ങൾ വർധിപ്പിക്കൽ എന്നിവയുൾപ്പെടെ ക്ലബ്ബിന്റെ ലക്ഷ്യങ്ങളും വികസന പദ്ധതികളും യോഗം ചർച്ച ചെയ്തു. അബുദാബി ഇന്റർനാഷണൽ ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷനിലും ഓട്ടോ മോട്ടോ ഷോയിലും പങ്കെടുക്കുന്നതിനും ക്ലബ് തീരുമാനിച്ചിട്ടുണ്ട്. വ്യത്യസ്തമായ ഇടപെടലുകളിലൂടെ ഷാർജയെ വിന്റേജ് കാറുകളുടെ കേന്ദ്രമാക്കുന്നത് വിനോദ സഞ്ചാര മേഖലക്കും മുതൽകൂട്ടാകും.-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

