
ജിംനി ഹെരിറ്റേജ് എഡിഷനുമായി സുസുകി; ആദ്യം എത്തുക ആഗോള വിപണിയിൽ
text_fieldsജിംനിയുടെ ഹെരിറ്റേജ് മോഡൽ അവതരിപ്പിച്ച് സുസുകി. ആഗോള വിപണിയിലാവും വാഹനം ആദ്യം എത്തുക. 300 യൂണിറ്റ് മാത്രമാവും വാഹനം നിർമിക്കുക. 1970ല ആരംഭിച്ച് 1990ൽ അവസാനിക്കുന്ന കാലഘട്ടത്തെ അനുസ്മരിച്ചാണ് ഹെരിറ്റേജ് എഡിഷൻ അവതരിപ്പിച്ചിരിക്കുന്നത്.
സുസുകി ജിംനി ആദ്യമായി ലോഞ്ച് ചെയ്തത് 1970 ലാണ്. അതിനുശേഷം ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഉപഭോക്താക്കളുടെ പ്രിയ വാഹനമായി ഇത് മാറി. 1981ലും 1998ലും യഥാക്രമം രണ്ടും മൂന്നും തലമുറകൾ അവതരിപ്പിച്ചതിന് ശേഷം 2018 -ലാണ് നാം ഇപ്പോൾ കാണുന്ന നാലാം തലമുറ ജിംനിയെ നിർമ്മാതാക്കൾ വിപണിയിൽ എത്തിച്ചത്. വാഹനത്തിന്റെ സമ്പന്നമായ പാരമ്പര്യം ആഘോഷിക്കുന്നതിന് ത്രീ ഡോർ പതിപ്പിൽ വരുന്ന ജിംനി സ്പെഷ്യൽ ഹെറിറ്റേജ് എഡിഷനാണ് സുസുകി അവതരിപ്പിച്ചിരിക്കുന്നത്.
ജിംനി ഹെരിറ്റേജ് പതിപ്പ് ഓസ്ട്രേലിയ പോലുള്ള വിപണികളിൽ പുറത്തിറക്കിക്കഴിഞ്ഞു. 33,490 ഓസിസ് ഡോളർ അതായത് ഏകദേശം 18 ലക്ഷം രൂപയാണ് ഈ സ്‌പെഷ്യൽ ഹെറിറ്റേജ് എഡിഷന്റെ വില. ഇന്ത്യയിലേക്കും ഈ വേരിയന്റ് പിന്നീട് എത്തിക്കാൻ സാധ്യതയുണ്ട്.
പ്രത്യേകതകൾ
ബ്ലാക്ക് പേൾ, ജംഗിൾ ഗ്രീൻ, വൈറ്റ്, മീഡിയം ഗ്രേ എന്നിങ്ങനെ നാല് നിറങ്ങളിലാണ് ഹെരിറ്റേജ് എഡിഷൻ എത്തുന്നത്. മുന്നിലും പിന്നിലും സ്‌പോർട്‌സ് റെഡ് മഡ്‌ഫ്ലാപ്പുകൾ, റെട്രോ തീമോടുകൂടിയ തനതായ ബോഡി കളർ ഓപ്ഷനുകളും സ്പെഷ്യൽ എഡിഷനിൽ വാഗ്ദാനം ചെയ്യുന്നു. വാഹനം അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ചോയിസിലും 4x4 പതിപ്പിലും മാത്രമേ ലഭ്യമാകൂ. പിൻഭാഗത്തെ മഡ്‌ഫ്‌ലാപ്പുകളിൽ 'സുസുകി' എംബോസിങ്, കാർഗോ ട്രേ, സ്പെഷ്യൽ ജിംനി ബാഡ്ജ് എന്നിവയും സ്പെഷൽ എഡിഷന്റെ പ്രത്യേകതയാണ്.
ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ടിൽറ്റ് അഡ്ജസ്റ്റബിൾ സ്റ്റിയറിങ് വീൽ, എൽ.ഇ.ഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, ഫ്രണ്ട് പവർ വിൻഡോകൾ, ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സാധാരണ ജിംനിയുടെ അതേ ഫീച്ചറുകളാണ് വാഹനത്തിലും ലഭിക്കുന്നത്. ക്രൂസ് കൺട്രോൾ ഒഴിവാക്കിയിട്ടുണ്ട്.
സുരക്ഷക്കായി റിവേഴ്‌സിങ് ക്യാമറ, ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി), ട്രാക്ഷൻ കൺട്രോൾ എന്നിവ നൽകിയിട്ടുണ്ട്. ഹൈ-ബീം അസിസ്റ്റ്, ഓട്ടോ-എമർജൻസി ബ്രേക്കിങ്, ലെയിൻ ഡിപ്പാർച്ചർ മുന്നറിയിപ്പ് എന്നിവയുൾപ്പെടെ ചില ഡ്രൈവർ അസിസ്റ്റ് സിസ്റ്റങ്ങളും ഇതിന് ലഭിക്കും. സ്റ്റാൻഡേർഡ് മോഡലിന്റെ അതേ 1.5-ലിറ്റർ പെട്രോൾ എഞ്ചിൻ (102PS/130Nm) ആണ് സ്പെഷൽ എഡിഷനും ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
