ടൊയോട്ട ഹൈലക്സിനും ഫോർഡ് റേഞ്ചറിനും വെല്ലുവിളിയോ? പുതിയ പിക്കപ്പ് ട്രക്കുമായി എം.ജി
text_fieldsഎം.ജി U9 പിക്കപ്പ് ട്രക്ക്
മിഡ്-സൈസ് പിക്കപ്പ് ട്രക്ക് സെഗ്‌മെന്റിൽ എക്സ്റ്റർ T60 ശേഷം പുതിയ പിക്കപ്പ് വാഹനവുമായി മോറിസ് ഗ്യാരേജ്സ് (എം.ജി). ആസ്ട്രേലിയൻ വാഹന വിപണിയിലാണ് പുതിയ പിക്കപ്പിനെ എം.ജി അവതരിപ്പിച്ചത്. 5.5 മീറ്റർ നീളത്തിൽ ടൊയോട്ട ഹൈലക്സിനോടും ഫോർഡ് റേഞ്ചറിനോടും നേരിട്ടാകും എം.ജി U9 പിക്കപ്പ് ട്രക്ക് മത്സരിക്കുക.
എക്‌സ്‌പ്ലോർ, എക്‌സ്‌പ്ലോർ എക്സ്, എക്‌സ്‌പ്ലോർ പ്രൊ എന്നീ മൂന്ന് വകഭേദത്തിൽ വിപണിയിലെത്തുന്ന പിക്കപ്പ് ട്രക്കിന് ആസ്ട്രേലിയൻ ഡോളർ 52,990നും 60,990നും (31 ലക്ഷം മുതൽ 35.75 ലക്ഷം വരെ) ഇടയിലാണ് എക്സ് ഷോറൂം വില. മിഡ്നൈറ്റ് ബ്ലാക്ക്, ആൽപൈൻ വൈറ്റ്, കാൻയോൺ ഗ്രേ, റിവർസ്‌റ്റോൺ ബ്ലൂ, സമ്മിറ്റ് ബ്ലൂ, ഹൈലാൻഡ് ഗ്രീൻ എന്നീ ആറ് നിറങ്ങളിൽ എം.ജി U9 പിക്കപ്പ് ട്രക്ക് ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.
മുൻവശത്തായി ചതുരാകൃതിയിൽ ക്രോം ഇൻലേകൾ ഉള്ള ഒരു വലിയ ഗ്രില്ലിൽ അതിഗംഭീരമായി എം.ജിയുടെ ലോഗോ നൽകിയിട്ടുണ്ട്. ടി ആകൃതിയിലുള്ള ഡി.ആർ.എല്ലുകളിൽ വെർട്ടിക്കൽ ഷേപ്പിൽ എൽ.ഇ.ഡി ഹെഡ്‍ലൈറ്റും നൽകിയിട്ടുണ്ട്. ശക്തിയുള്ള ബോഡി ക്ലാഡിങ്, ചതുരാകൃതിയിലുള്ള സിലൗറ്റ്, ലംബമായുള്ള എൽ.ഇ.ഡി ടൈൽലൈറ്റുകൾ എന്നിവ വാഹനത്തിന്റെ ശ്രദ്ധേയമായ ഘടകങ്ങളാണ്.
12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്സ്‌ക്രീനുള്ള ഡ്യുവൽ ഡിസ്‌പ്ലേകൾ, 8-സ്പീക്കർ ജെ.ബി.എൽ മ്യൂസിക് സിസ്റ്റം, ഹീറ്റഡ് ലെതർ റാപ്പ്ഡ് സ്റ്റിയറിങ്, ലെതർ സീറ്റുകൾ, പനോരമിക് സൺറൂഫ് തുടങ്ങിയവ ഉൾവശത്തെ പ്രത്യേകതകളാണ്. കൂടാതെ പിൻവശത്തെ സീറ്റുകൾ ഫ്ലാറ്റായി മടക്കിവെക്കാനും സാധിക്കുമെന്നതും മിഡ്-ഗേറ്റ് തുറക്കാൻ കഴിയുമെന്നതും എം.ജി U9ന്റെ മറ്റൊരു പ്രത്യേകതയാണ്. ഇത് നീളമുള്ള സാധങ്ങൾ സുഖകരമായി ലോഡ് ചെയ്ത യാത്ര എളുപ്പമാക്കുന്നു.
സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ADAS സ്യൂട്ട്, 360-ഡിഗ്രി കാമറ, സ്‌ക്രീനിൽ അണ്ടർബോഡി വ്യൂ പ്രൊജക്റ്റ് ചെയ്യുന്ന ഷാസി ഫീച്ചർ, 7 എയർബാഗുകൾ എന്നിവയും എം.ജി പിക്കപ്പിൽ സജ്ജീകരിച്ചിട്ടുണ്ട്. സീറ്റുകളിൽ തന്നെ മെമ്മറി ഫംഗ്ഷനോടുകൂടിയ 8-വേ പവർഡ് ഡ്രൈവർ സീറ്റ്, 6-വേ പവർഡ് കോ-ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ്, ഹീറ്റഡ് സീറ്റുകൾ, മസാജിംഗ് സീറ്റുകൾ തുടങ്ങിയ സവിശേഷതകളും വാഹനത്തിനുണ്ട്.
5,500 എം.എം നീളവും 1,997 എം.എം വീതിയും 1,874 എം.എം ഉയരവും 3,300 എം.എം വീൽബേസുമുള്ള വലിയ പിക്കപ്പിന്റെ പരമാവധി ലോഡിങ് കപ്പാസിറ്റി 870 കിലോഗ്രാമാണ്. പരമാവധി ടോവിങ് കപ്പാസിറ്റി 3,500 കിലോഗ്രാമും. നാല് ഡിസ്ക് ബ്രേക്കുകളുള്ള എം.ജി U9 ട്രാക്കിന്റെ ടയർ സൈസ് 20 ഇഞ്ചാണ്. 2.5 ലിറ്റർ 4 സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനാണ് എംജി യു9ന് കരുത്ത് പകരുന്നത്. ഈ എൻജിൻ 215 ബി.എച്ച്.പി വരെ പീക്ക് പവറും 520 എൻ.എം പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

