കുതിപ്പിനിടയിലും കിതച്ച് ചൈനീസ് ഇ.വി ഭീമന്മാർ; 1,15,000 കാറുകൾ തിരിച്ചുവിളിക്കാനൊരുങ്ങി 'ബി.വൈ.ഡി'
text_fieldsബി.വൈ.ഡി കാറുകൾ
ചൈനീസ് ഇലക്ട്രിക് ഭീമന്മാരായ ബി.വൈ.ഡിക്ക് റെക്കോഡ് വിൽപ്പനക്കിടയിലും വലിയ തിരിച്ചടി നേരിടുന്നതായി റിപോർട്ടുകൾ. 2015 മുതൽ 2022 വരെ കമ്പനി നിർമിച്ച ടാങ്, യുവാൻ പ്രൊ സീരിസിലെ 1,15,000 കാറുകൾ തിരിച്ചുവിളിക്കാൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. വാഹനത്തിന്റെ ഡിസൈനിലുള്ള പോരായ്മകളും ബാറ്ററി സംബന്ധിച്ചുള്ള സുരക്ഷാ പ്രശ്നങ്ങളും മുൻനിർത്തിയാണ് മോഡലുകൾ തിരിച്ചുവിളിക്കാൻ ഒരുങ്ങുന്നതെന്ന് കമ്പനി വ്യക്തമാക്കി. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം വാഹനങ്ങൾ കമ്പനി തിരിച്ചുവിളിക്കുന്നത്.
2015 മുതൽ 2017 വരെയുള്ള കാലയളവിൽ ടാങ് സീരിസിൽ നിർമിച്ച 44,535 വാഹനങ്ങളും 2021-2022 കാലയളവിൽ നിർമിച്ച യുവാൻ പ്രൊ ഇലക്ട്രിക് സീരിസിലെ 71,248 വാഹനങ്ങളുമാണ് ബി.വൈ.ഡി തിരിച്ചുവിളിക്കുന്നത്. ടാങ് മോഡലിലെ ഡിസൈൻ പോരായ്മായും യുവാൻ പ്രൊ സീരിസിലെ ബാറ്ററി തകരാറുമാണ് തിരിച്ചുവിളിയുടെ പ്രധാന കാരണം.
ആദ്യമായല്ല ചൈനീസ് വാഹനനിർമാതാക്കളായ ബി.വൈ.ഡി ഇത്തരത്തിൽ വാഹനങ്ങൾ തിരിച്ചു വിളിക്കുന്നത്. തീപിടിക്കാൻ സാധ്യതയുള്ളതിനാൽ ഈ വർഷം ജനുവരിയിൽ 'ഫാങ്‌ചെങ്‌ബാവോ ബാവോ 5 പ്ലഗ്-ഇൻ ഹൈബ്രിഡ് ഓഫ്-റോഡ് എസ്.യു.വി' മോഡലിലെ 6,843 വാഹനങ്ങളും ബി.വൈ.ഡി തിരിച്ചുവിളിച്ചിട്ടുണ്ട്. കൂടാതെ 2024 സെപ്റ്റംബറിൽ ഡോൾഫിൻ, യുവാൻ പ്ലസ് ഇ.വികളിൽ നിന്നും 97,000 യൂനിറ്റ് വാഹനങ്ങൾ സ്റ്റിയറിങ് കൺട്രോളിലെ തകരാർ മൂലം തിരിച്ചുവിളിച്ചിട്ടുണ്ട്.
ചൈനീസ് ആധിപത്യം തുടരുന്ന ബി.വൈ.ഡി അമേരിക്കൻ വാഹന ഭീന്മാരായ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ലയെ ആഗോളവിപണിയിൽ തന്നെ പിന്നിലാക്കിയിട്ടുണ്ട്. ടെസ്‌ലക്ക് ചൈനയിൽ അടിപതറിയപ്പോൾ മസ്‌ക് ഇലക്ട്രിക് കാറുമായി ഇന്ത്യയിൽ എത്തി. എന്നിരുന്നാലും യൂറോപ്യൻ വിപണിയിൽ കടുത്ത മത്സരത്തിലാണ് ഇരു വാഹനനിർമാതാക്കളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

