ബി.വൈ.ഡി 'സീൽ' ഇലക്ട്രിക് കാറുകൾ തിരിച്ചുവിളിക്കുന്നു; കാരണം വ്യക്തമാക്കി കമ്പനി
text_fieldsബി.വൈ.ഡി സീൽ
ന്യൂഡൽഹി: പ്രമുഖ ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ബി.വൈ.ഡി (ബിൽഡ് യുവർ ഡ്രീം) തങ്ങളുടെ ജനപ്രിയ മോഡലായ 'സീൽ' സെഡാനുകൾ ഇന്ത്യയിൽ നിന്നും തിരിച്ചുവിളിക്കുന്നു. വാഹനത്തിന്റെ ഹൈ-വോൾട്ടേജ് ബ്ലേഡ് ബാറ്ററിയിൽ (Blade Battery) തകരാർ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കമ്പനിയുടെ ഈ സ്വമേധയാ ഉള്ള നടപടി സ്വീകരിക്കുന്നത്.
ബാറ്ററിയുടെ കോശങ്ങളിൽ (Cells) ഉണ്ടായേക്കാവുന്ന സാങ്കേതിക പിഴവാണ് തിരിച്ചുവിളിക്കാൻ കാരണം. ഇത് പരിഹരിക്കുന്നതിനായി ബാധിക്കപ്പെട്ട വാഹനങ്ങളുടെ ബാറ്ററി പായ്ക്ക് പൂർണ്ണമായും സൗജന്യമായി മാറ്റി നൽകുമെന്ന് കമ്പനി അറിയിച്ചു. ഒ.ബി.ഡി (On-Board Diagnostics) സ്കാനർ ഉപയോഗിച്ചായിരിക്കും വാഹനങ്ങൾ പരിശോധിക്കുക. ബാറ്ററിയുടെ സെല്ലുകളിൽ എന്തെങ്കിലും തകരാർ കണ്ടെത്തിയാൽ ഉടൻ തന്നെ അത് മാറ്റിസ്ഥാപിക്കും.
നിലവിൽ ബി.വൈ.ഡി സീൽ മോഡലുകളെ മാത്രമാണ് ഇത് ബാധിച്ചിട്ടുള്ളത്. സീലിന്റെ എല്ലാ വേരിയന്റുകളിലും (ഡൈനാമിക്, പ്രീമിയം, പെർഫോമൻസ്) ഈ പരിശോധന നടത്തേണ്ടതുണ്ട്. കമ്പനിയുടെ മറ്റ് മോഡലുകളായ അറ്റോ 3 (Atto 3), ഇ6 (e6) എന്നിവയെ ഈ പ്രശ്നം ബാധിച്ചിട്ടില്ല. ഉപഭോക്താക്കൾക്ക് തങ്ങളുടെ വാഹനം സർവീസ് സെന്ററിൽ എത്തിക്കാൻ സാധിക്കാത്ത പക്ഷം, കമ്പനി നേരിട്ട് വാഹനം വീട്ടിൽ നിന്ന് ശേഖരിച്ച് പരിശോധനയ്ക്ക് ശേഷം തിരികെ എത്തിക്കുന്നതാണ്. ബാറ്ററി മാറ്റേണ്ടി വന്നാലും ഒരേ ദിവസം തന്നെ ജോലി പൂർത്തിയാക്കി കാർ തിരികെ നൽകാൻ സാധിക്കുമെന്നും സർവീസ് സെന്ററുകൾ അറിയിച്ചു.
കൃത്യമായി എത്ര വാഹനങ്ങളെയാണ് ഈ പ്രശ്നം ബാധിച്ചിട്ടുള്ളതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും എല്ലാ സീൽ ഉടമകളും തങ്ങളുടെ വാഹനം അംഗീകൃത സർവീസ് സെന്ററുകളിൽ എത്തിച്ച് പരിശോധിക്കണമെന്ന് ബി.വൈ.ഡി ഇന്ത്യ നിർദ്ദേശിച്ചിട്ടുണ്ട്. തിരക്ക് ഒഴിവാക്കാൻ പ്രവൃത്തിദിവസങ്ങളിൽ മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാനും കമ്പനി ശുപാർശ ചെയ്യുന്നു. 2024 മാർച്ച് 5നാണ് ചൈനീസ് വാഹന ഭീമന്മാർ സീൽ സെഡാനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. വാഹനം വിപണിയിൽ എത്തിച്ച രണ്ട് മാസംകൊണ്ട് 1,000 യൂനിറ്റ് വാഹനങ്ങളുടെ ബുക്കിങ് വിജയകരമായി കമ്പനി പൂർത്തിയാക്കി. 41 ലക്ഷം രൂപയായിരുന്നു സീൽ ഇലക്ട്രിക് വാഹനത്തിന്റെ എക്സ് ഷോറൂം വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

