വിപണിയിലേക്ക് മാസ് എൻട്രിയുമായി ബൊലേറോ; ഇത് മഹീന്ദ്രയുടെ സ്വകാര്യ അഹങ്കാരം
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ സ്വകാര്യ അഹങ്കാരമെന്ന് വിശേഷിപ്പിക്കുന്ന ബൊലേറോ പുതിയ രൂപത്തിൽ വിയണിയിലെത്താൻ പോകുകയാണ്. മുഖം മിനുക്കിയെത്തുന്ന ഈ എസ്.യു.വി ആഗസ്റ്റ് 15ന് വിപണിയിലെത്തിക്കുമെന്നാണ് മഹീന്ദ്ര പ്രഖ്യാപിച്ചിരിക്കുന്നത്. മഹീന്ദ്രയുടെ വാഹനനിരയിൽ ഏറ്റവും കരുത്തുറ്റ എസ്.യു.വിയാണ് ബൊലേറോ. 2000ത്തിലാണ് മഹീന്ദ്ര ബൊലേറോയെ ആദ്യമായി ഇന്ത്യൻ വിപണിയിലെത്തിക്കുന്നത്. രണ്ടര പതിറ്റാണ്ട് പിന്നിട്ടിട്ടും ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ വരുത്താതെയാണ് ബൊലേറോ ജൈത്രയാത്ര തുടരുന്നത്.
2021 ജൂലൈ 13നാണ് ടി.യു.വി 300നെ ബൊലേറോ നിയോ എന്നപേരിൽ മഹീന്ദ്ര വിപണിയിലെത്തിച്ചത്. എന്നിരുന്നാലും നിയോ വകഭേദത്തിന് വിപണിയിൽ വേണ്ട രീതിയിലുള്ള ഓളം സൃഷ്ട്ടിക്കാൻ സാധിച്ചില്ല. അതിന് ശേഷമാണ് പുതിയ ഡിസൈനിലും ആധുനിക ഫീച്ചറിലുമായി ബൊലേറോ വിപണിയിലേക്കെത്തുന്നത്.
2007 മാർച്ച് 2നാണ് ബൊലേറോയുടെ ഇരു ബമ്പറുകളിലും ഒരു അപ്ഡേറ്റ് മഹീന്ദ്ര കൊണ്ടുവരുന്നത്. മുൻവശത്ത് ഹെഡ് ലാമ്പിലും പിറകിലെ ടെയിൽ ലാമ്പിലേയും ഡിസൈനിലാണ് ആദ്യമായി ഒരു അപ്ഡേറ്റ് നടത്തുന്നത്. അതിന് ശേഷം 2008ൽ മറ്റൊരു അപ്ഡേറ്റ് മഹീന്ദ്ര നടത്തി. അത് ഡിസൈനിങ്ങിൽ അല്ല. എൻജിനിയിൽ ആയിരുന്നു. ആവശ്യമില്ലാത്തപ്പോൾ എഞ്ചിൻ ഓഫ് ചെയ്യുകയും അതുവഴി ഇന്ധനം ലാഭിക്കുകയും ചെയ്യുന്ന മൈക്രോ-ഹൈബ്രിഡ് സാങ്കേതികവിദ്യ ആദ്യമായി മഹീന്ദ്ര പരീക്ഷിച്ചത് ബൊലേറോയിലാണ്. ഈ സമയത്ത് 2.5 ലിറ്റർ ടി.ഡി.ഐ എഞ്ചിൻ വാഹനത്തിന് കരുത്തേകി. ഈ എൻജിൻ 63 ബി.എച്ച്.പി പവറും 180 എൻ.എം ടോർക്കും ഉത്പാദിപ്പിച്ചു.
മഹീന്ദ്ര ബൊലേറോ ബി.എസ് 6ലേക്ക് മാറിയപ്പോൾ 1493 സി.സി എം.ഹോക്ക് ഡി.70 ടർബോ ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തേകിയത്. ഏകദേശം ഇതേ എൻജിനാകും പുതിയ ബൊലേറോയിലും. മഹീന്ദ്ര ഥാർ റോക്സ്, സ്കോർപിയോ എൻ എന്നീ വാഹനങ്ങളിലെ ഫീച്ചറുകളാണ് ബൊലേറോയിലും ഉണ്ടാകുന്നതെന്നാണ് പുറത്തുവരുന്ന വിവരം. കൂടാതെ പനോരാമിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം, പ്രീമിയം സൗണ്ട് സിസ്റ്റം, വലിയ ടച്ച് സ്ക്രീൻ തുടങ്ങിയവയും പുതിയ ബൊലേറോയിൽ പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

