മുഖ്യമന്ത്രിക്കും വാഹന വ്യൂഹത്തിനും കറുത്ത കാറുകൾ വരുന്നു
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിക്കും വാഹന വ്യൂഹത്തിനും ഇനിമുതൽ കറുത്ത ഇന്നോവ കാറുകൾ. നിലവിൽ വെള്ള നിറത്തിലുള്ള വാഹനങ്ങളാണ് മുഖ്യമന്ത്രിയും പരിവാരങ്ങളും ഉപയോഗിക്കുന്നത്. മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ശിപാർശയിലാണ് നിറം മാറ്റം. ഇതിനായി നാല് പുതിയ ഇന്നോവകൾ പൊലീസ് വാങ്ങിയെന്നാണ് വിവരം. പുതുവത്സരത്തിൽ ഈ കാറുകളിലാകും മുഖ്യമന്ത്രിയും സുരക്ഷ ഉദ്യോഗസ്ഥരും യാത്ര ചെയ്യുക. പ്രധാനമന്ത്രി ഉൾപ്പെടെ രാജ്യത്തെ പ്രമുഖ വി.വി.ഐ.പികൾ കറുത്ത കാറുകളിലാണ് യാത്ര ചെയ്യുന്നതെന്നും കേരളത്തിലെ വി.വി.ഐ.പിയായ മുഖ്യമന്ത്രിക്ക് അത്തരത്തിലുള്ള വാഹനം വേണമെന്നുമുള്ള ശിപാർശയാണ് മുൻ ഡി.ജി.പി നൽകിയിരുന്നത്. അതാണ് സർക്കാർ അംഗീകരിച്ച് നടപടിയിലേക്ക് കടന്നത്.
കാറുകൾ വാങ്ങുന്നതിന് പൊലീസിന് നേരത്തെ തന്നെ സ്പെഷൽ ഫണ്ട് അനുവദിച്ചിരുന്നു. നാല് പുതിയ കാറുകള്‍ വാങ്ങാനായിരുന്നു അനുമതി. കറുപ്പ് നിറത്തിലുള്ള മൂന്ന് ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയറുമാണ് വാങ്ങുന്നതെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതിനായി സെപ്റ്റംബറില്‍ തുക അനുവദിച്ച് ഉത്തരവും ഇറങ്ങിയിരുന്നു.

