വലിയ ബാറ്ററിയും കുറഞ്ഞ വിലയും; പരിഷ്കരിച്ചെത്തിയ 'പഞ്ച് ഇ.വി'യുടെ വില ടാറ്റ കുറച്ചതിങ്ങനെ...
text_fieldsപരിഷ്‌ക്കരിച്ചെത്തിയ ടാറ്റ പഞ്ച് ഇ.വി
മുംബൈ: രാജ്യത്തെ വളർന്നു കൊണ്ടിരിക്കുന്ന ഇലക്ട്രിക് വാഹന വിപണിയിൽ കുതിപ്പ് തുടരുന്ന ടാറ്റ മോട്ടോർസ് ഒട്ടനവധി പ്രത്യേകതകളുമായി പരിഷ്‌ക്കരിച്ച പഞ്ച് ഇ.വിയെ വിപണിയിൽ അവതരിപ്പിച്ചു. വിപണിയിൽ ശക്തമായ സാന്നിധ്യമുള്ള പഞ്ചിന് ഫീച്ചറുകളിൽ മാത്രമല്ല, വിലയിലും ഞെട്ടിച്ചിരിക്കുകയാണ് ടാറ്റ. പരിഷ്‌ക്കരിച്ചെത്തിയ പഞ്ചിന്റെ ടോപ് എൻഡ് വകഭേദത്തിന് 1.8 ലക്ഷം രൂപവരെ വില കുറച്ചിട്ടാണ് വാഹനത്തെ വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ ബാറ്ററി പാക്ക് ഉയർത്താനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.
വിലകുറച്ചതെങ്ങനെ?
പരിഷ്കരിച്ചെത്തിയ ടാറ്റ പഞ്ചിൽ 6-ഇൻ-1 ഇന്റഗ്രേറ്റഡ് ഡ്രൈവ് യൂനിറ്റ് സജ്ജീകരണമാണ് ടാറ്റ നൽകിയിട്ടുള്ളത്. ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഒരു അത്യാധുനിക സാങ്കേതിക വിദ്യയാണിത്.
എന്താണ് 6-ഇൻ-1 ഇന്റഗ്രേറ്റഡ് ഡ്രൈവ് യൂനിറ്റ്
സാധാരണ ഗതിയിൽ ഇലക്ട്രിക് വാഹനങ്ങളിൽ മോട്ടോർ, ഇൻവെർട്ടർ തുടങ്ങിയ പ്രധാന ഭാഗങ്ങൾ ഘടിപ്പിക്കാറുള്ളത് വെവ്വേറെയാണ്. എന്നാൽ പരിഷ്‌ക്കരിച്ചെത്തിയ ടാറ്റ പഞ്ചിൽ ആറ് പ്രധാന ഭാഗങ്ങൾ ഒരുമിച്ചാണ് ഘടിപ്പിച്ചിരിക്കുന്നത്.
യൂനിറ്റിലെ പ്രധാന ഭാഗങ്ങൾ
- മോട്ടോർ: വാഹനത്തിന്റെ ഹൃദയമായി കരുതാവുന്നത് ബാറ്ററിയാണെങ്കിലും വാഹനത്തെ ചലിപ്പിക്കുന്നത് മോട്ടോറാണ്.
- ഇൻവെർട്ടർ: ബാറ്ററിയിലെ ഡയറക്ട് കറൻ്റിനെ (ഡി.സി) മോട്ടോറിന് ആവശ്യമായ ആൾട്ടർനേറ്റിങ് കറൻ്റായി (എ.സി) മാറ്റുന്നു.
- റിഡക്ഷൻ ഗിയർബോക്സ്: മോട്ടോറിൻ്റെ വേഗത ക്രമീകരിച്ച് ചക്രങ്ങളിലേക്ക് എത്തിക്കുന്നു.
- ഓൺ-ബോർഡ് ചാർജർ: എ.സി ചാർജിങ് പോയിൻ്റുകളിൽ നിന്ന് ബാറ്ററി ചാർജ് ചെയ്യാൻ സഹായിക്കുന്നു.
- ഡി.സി-ഡി.സി കൺവെർട്ടർ: ഉയർന്ന വോൾട്ടേജുള്ള ബാറ്ററി പവറിനെ ലൈറ്റുകൾക്കും മറ്റ് സിസ്റ്റങ്ങൾക്കുമായി കുറഞ്ഞ വോൾട്ടേജിലേക്ക് മാറ്റുന്നു.
- പവർ വിതരണ യൂനിറ്റ്: വൈദ്യുതി കൃത്യമായി വിതരണം ചെയ്യുന്നു.
6-ഇൻ-1 ഇന്റഗ്രേറ്റഡ് ഡ്രൈവ് യൂനിറ്റിന്റെ ഗുണങ്ങൾ
- ഭാരം കുറവ്: വിവിധ ഭാഗങ്ങൾ ഒരുമിച്ച് ചേർക്കുന്നതിലൂടെ വാഹനത്തിൻ്റെ മൊത്തം ഭാരം കുറയുന്നു.
- കൂടുതൽ സ്ഥലം: എൻജിൻ ഭാഗത്ത് (Frunk) കൂടുതൽ സ്ഥലം ലാഭിക്കാൻ ഇത് സഹായിക്കുന്നു.
- കുറഞ്ഞ നിർമാണച്ചെലവ്: കുറഞ്ഞ ഭാഗങ്ങൾ മാത്രം ആവശ്യമുള്ളതിനാൽ നിർമാണച്ചെലവ് കുറക്കാനും അതുവഴി വാഹനത്തിൻ്റെ വില കുറക്കാനും സാധിക്കുന്നു.
- കൂടുതൽ കാര്യക്ഷമത (Efficiency): വയറിങ്ങും മറ്റ് കണക്ഷനുകളും കുറയുന്നതിനാൽ ഊർജ്ജ നഷ്ടം കുറക്കുകയും വാഹനത്തിന് കൂടുതൽ റേഞ്ച് ലഭിക്കുകയും ചെയ്യുന്നു.
പരിഷ്‌ക്കരിച്ചെത്തിയ ടാറ്റ പഞ്ചിന്റെ ഉയർന്ന വകഭേദത്തിൽ 40 kWh വലിയ ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഇത് എ.ആർ.എ.ഐ സർട്ടിഫൈഡ് റേഞ്ച് അനുസരിച്ച് 468 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നുണ്ട്. മോട്ടോർ പവറിൽ മാറ്റങ്ങളൊന്നുമില്ല. എന്നിരുന്നാലും ഏറ്റവും ടോപ് എൻഡ് വകഭേദമായ 'എംപവേർഡ് പ്ലസ് എസ്' വേരിയന്റിന് 12.59 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ഇത് പഴയ മോഡലിനെ അപേക്ഷിച്ച് 1.85 ലക്ഷം രൂപയുടെ കുറവുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

